നായകനായും സംവിധായകനായും തിളങ്ങാൻ ധനുഷ്; 'രായൻ' റിലീസ് തീയതി പ്രഖ്യാപിച്ചു

ചിത്രത്തിൻ്റെ പോസ്റ്റർ
ചിത്രത്തിൻ്റെ പോസ്റ്റർ

ധനുഷ് നായകനായെത്തുന്ന 'രായൻ' എന്ന പുതിയ ചിത്രത്തിൻ്റെ റിലീസ് പ്രഖ്യാപിച്ചു. ധനുഷിന്‍റെ കരിയറിലെ 50-ാമത്തെ ചിത്രമാണിത്. വമ്പൻ മേക്കോവറിൽ താരമെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നതും ധനുഷ് തന്നെയാണ്. 

ജൂലെെ 26-ന് ചിത്രം തിയേറ്ററുകളിലെത്തും. നിർമാതാക്കളായ സൺ പിക്ചേഴ്സ് സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ജൂലെെ 14-നാണ് ചിത്രത്തിൻ്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. 'ഇന്ത്യൻ 2' റിലീസ് കാരണം രായൻ റിലീസ് നീട്ടിവെച്ചതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് 'രായൻ' നിർമിക്കുന്നത്. ഇതുവരെ കാണാത്ത ​ഗെറ്റപ്പിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. ആക്ഷൻ പശ്ചാത്തലത്തിലായിരിക്കും ചിത്രമൊരുങ്ങുക എന്നാണ് സൂചനകൾ. കാളിദാസ് ജയറാമും സുന്ദീപ് കിഷനുമാണ് മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നത്. 

എ.ആർ. റഹ്മാനാണ് സം​ഗീത സംവിധാനം. ഓം പ്രകാശ് ഛായാ​ഗ്രഹണവും പീറ്റർ ഹെയ്ൻ സംഘട്ടന സംവിധാനവും നിർവഹിക്കുന്നു. ശ്രേയസ് ശ്രീനിവാസനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

കഴിഞ്ഞവർഷം ജൂലായിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ധനുഷിന്റെ മൂന്നാം സംവിധാന സംരംഭമാണ് രായൻ. 2017-ൽ പുറത്തിറങ്ങിയ പാ പാണ്ടിയാണ് ധനുഷ് സംവിധാനംചെയ്ത ആദ്യചിത്രം. മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖാ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന 'നിലവുക്ക് എൻമേൽ എന്നടീ കോപം' എന്ന ചിത്രവും ധനുഷ് സംവിധാനം ചെയ്യുന്നുണ്ട്. ഇതിന്റെ തിരക്കഥയും ധനുഷിന്റേത് തന്നെയാണ്.

Content Highlights: dhanush movie raayan release date announced