‘ഒരാൾ അല്പം സമാധാനം ചോദിച്ചപ്പോഴാണ് അദ്ദേഹത്തെ കൊന്നുകളഞ്ഞത്’; വിക്രം സിംഗിന്റെ മരണത്തിൽ ശിരീഷ് കുന്ദർ

#മൂവി ഡെസ്ക്
ശിരീഷ് കുന്ദർ, ചോങ്തം വിക്രം സിംഗ് | ഫോട്ടോ: Getty Images, X
ശിരീഷ് കുന്ദർ, ചോങ്തം വിക്രം സിംഗ് | ഫോട്ടോ: Getty Images, X

ൽഹിയിൽ അക്രമികളുടെ മർദനമേറ്റ് മണിപ്പൂരി സംഗീതജ്ഞനും അധ്യാപകനുമായ ചോങ്തം വിക്രം സിംഗ് കൊല്ലപ്പെട്ട സംഭവം രാജ്യത്ത് വലിയ പ്രതിഷേധത്തിനാണ് കാരണമായത്. ഈ ദാരുണ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചലച്ചിത്ര സംവിധായകനും എഡിറ്ററുമായ ശിരീഷ് കുന്ദർ. എക്സിൽ പങ്കുവെച്ച കുറിപ്പിൽ, അക്രമസ്വഭാവമുള്ള അവകാശവാദങ്ങളുടെ വളരുന്ന സംസ്കാരത്തെ അദ്ദേഹം വിമർശിച്ചു. സിംഗിന്റെ പേരോ അദ്ദേഹത്തിന്റെ മരണമോ നേരിട്ട് പരാമർശിക്കാതെയാണ് കുന്ദറിന്റെ കുറിപ്പ്.

"ഒരാൾ അൽപ്പം സമാധാനവും നിശബ്ദതയും ചോദിക്കുമ്പോൾ, അയാൾക്ക് അത് ശാശ്വതമായി ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയാണ് അക്രമിസംഘം ചെയ്തത്. നമ്മൾ പൗരബോധം നഷ്ടപ്പെടുത്തുക മാത്രമല്ല ചെയ്തത്, മറിച്ച് അക്രമപരമായ അവകാശബോധത്തെയാണ് നമ്മുടെ പ്രാദേശിക അധികാരമായി മാറ്റിയിരിക്കുന്നത്" അദ്ദേഹം കുറിച്ചതിങ്ങനെ. മറ്റു വ്യക്തികളുടെ കാഴ്ചപ്പാടുകളെ അനുകമ്പയോടെ കാണാൻ സാധിക്കാത്ത സമൂഹത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് മറുപടിയായി ആശങ്ക പങ്കുവെച്ചത്.

കൊറിയോഗ്രാഫറും സംവിധായകയുമായ ഫറാ ഖാന്റെ ഭർത്താവാണ് എഡിറ്ററും സംവിധായകനുമായ ശിരീഷ് കുന്ദർ. ഫറാ ഖാന്റെ സംവിധാന അരങ്ങേറ്റമായ 'മേ ഹൂം നാ' സിനിമയിൽ അദ്ദേഹം എഡിറ്ററായി പ്രവർത്തിച്ചപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2004-ൽ വിവാഹിതരായ ഇവർക്ക് 2008-ൽ ദിവ, അന്യ, സാർ എന്നീ മൂന്നു മക്കൾ ജനിച്ചു. 'ജാൻ-ഇ-മാൻ', 'ഓം ശാന്തി ഓം', 'തീസ്‌മാർ ഖാൻ' തുടങ്ങി നിരവധി പ്രൊജക്റ്റുകളിൽ ഇവർ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

ചോങ്തം വിക്രം സിംഗ് കൊല്ലപ്പെട്ട സംഭവം

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്തതിനാണ് മണിപ്പൂരി സംഗീതജ്ഞനായ വിക്രം സിംഗിനെ ഒരുസംഘമാളുകൾ മർദ്ദിച്ചത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ ഹോളി ഫാമിലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ കിലോകാരി ഗ്രാമത്തിലായിരുന്നു സംഭവം.

അക്രമവുമായി ബന്ധപ്പെട്ട് ഡെലിവറി ജീവനക്കാരും ധാബ ജീവനക്കാരും അടങ്ങുന്ന ഏഴ് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്തയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഭരത് കുമാർ (19), പ്രമോദ് (26), റംസാൻ ഖാൻ (22), ദീപാൻഷു (21), മോഹൻ വിശ്വകർമ (32), വിജയ് (36), മന്നു (26) എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്തുനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിലൂടെ അക്രമത്തിൽ പങ്കെടുത്തവരുടെ കൃത്യമായ വിവരങ്ങളും പങ്കും കണ്ടെത്താനാകുമെന്നാണ് വിലയിരുത്തൽ. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Also Read: വീട്ടുപടിക്കലെ ബഹളം ചോദ്യംചെയ്ത മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റു മരിച്ചു; എട്ടുപേർ പിടിയിൽ

ആരാണ് വിക്രം സിംഗ്?

ഡൽഹിയിലെ സംഗീത മേഖലയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി സ്വകാര്യ അധ്യാപകനായും വളർന്നുവരുന്ന കലാകാരന്മാരുടെ വഴികാട്ടിയായും സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു ചോങ്തം വിക്രം സിംഗ്. മണിപ്പൂരിലെ ആദ്യകാല റോക്ക് സംഗീത പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം അൾട്രാ വൈറസ്, ഫീനിക്സ്, ഈസ്റ്റേൺ ഡാർക്ക് എന്നീ പ്രശസ്ത ബാൻഡുകളിൽ പ്രധാന ഗിറ്റാറിസ്റ്റായിരുന്നു. വലിയ പ്രചാരവേളകളിൽ നിന്ന് മാറിനിന്ന് സംഗീത പരിശീലനത്തിലൂടെയാണ് അദ്ദേഹം തന്റെ കലാപാരമ്പര്യം വളർത്തിയെടുത്തത്.

മണിപ്പൂരിലെ പ്രശസ്തമായ കലാകുടുംബത്തിൽ നിന്നുള്ള വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ആദ്യ മണിപ്പൂരി ഫീച്ചർ ചിത്രമായ 'മാതംഗി മണിപ്പൂർ' (1972)-ൽ പാടിയ പ്രശസ്ത ഗായിക ചോങ്തം കമലയുടെ മൂത്ത മകനാണ് വിക്രം സിംഗ്. കൂടാതെ, ബാഫ്റ്റ (BAFTA) പുരസ്കാരം നേടിയ 'ബൂംഗ്' എന്ന സിനിമയുടെ സംവിധായിക ലക്ഷ്മിപ്രിയ ദേവി അദ്ദേഹത്തിന്റെ ബന്ധുവുമാണ്.

Content Highlights: Filmmaker Shirish Kunder strongly criticized the growing culture of violent entitlement following the tragic death of 55-year-old Manipuri guitarist and music teacher Chongtham Vikram Singh, who was brutally assaulted by a group of men after objecting to noise outside his Delhi residence.