ദീപിക പദുക്കോണിനെ പിരിഞ്ഞതിൽ കുറ്റബോധമില്ല; പ്രചരിക്കുന്ന വീഡിയോയിൽ വിശദീകരണവുമായി മുസമ്മിൽ ഇബ്രാഹിം

ബോളിവുഡ് സൂപ്പർതാരം ദീപിക പദുക്കോണുമായി വേർപിരിഞ്ഞതിനെക്കുറിച്ച് നടനും മോഡലുമായ മുസമ്മിൽ ഇബ്രാഹിം സംസാരിക്കുന്ന ഒരു വീഡിയോ കഴിഞ്ഞദിവസങ്ങളിൽ പ്രചരിച്ചിരുന്നു. നടിയുമായി വേർപിരിഞ്ഞതിൽ കുറ്റബോധമില്ലെന്ന് പറയുന്ന വീഡിയോയാണ് വീണ്ടും വൈറലായത്. പഴയ അഭിമുഖത്തിൽനിന്നുള്ള ഭാഗമാണ് അടുത്തിടെ വീണ്ടും വ്യാപകമായി പ്രചരിക്കപ്പെട്ടത്. പിന്നാലെ, വിശദീകരണവുമായി എത്തിയിരിക്കുകയാണ് മുസമ്മിൽ.
ഒരു വർഷം മുമ്പേ ചിത്രീകരിച്ചതാണ് ഇപ്പോൾ പ്രചരിക്കുന്ന അഭിമുഖത്തിലെ ഭാഗമെന്ന് മുസമ്മിൽ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. 'പുതിയ വെളിപ്പെടുത്തലുകൾ എന്ന പേരിൽ ചർച്ചയാവുന്ന അഭിമുഖം ഒരുവർഷം മുമ്പ് ചിത്രീകരിച്ചതാണ്. നീണ്ട സംഭാഷണത്തിലെ ചെറിയ ഭാഗം മാത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ചില വിഷയങ്ങളിലെ വിമുഖത, സന്ദർഭം, പരസ്പരബഹുമാനം എന്നിവ എഡിറ്റ് ചെയ്തപ്പോൾ നഷ്ടപ്പെട്ടു. ചില ഭാഗങ്ങൾ അടർത്തിയെടുക്കപ്പെട്ടു', മുസമ്മിൽ കുറിച്ചു.
ദീപികയെക്കുറിച്ച് എപ്പോഴും താൻ ആദരവോടെയേ സംസാരിച്ചിട്ടുള്ളൂവെന്നും മുസമ്മിൽ അടിവരയിട്ടു. 'എന്റെ ജീവിതത്തിൽ മുമ്പുണ്ടായിരുന്ന വ്യക്തികളെക്കുറിച്ച് ഞാൻ ബഹുമാനത്തോടെയെ സംസാരിച്ചിട്ടുള്ളൂ. അതിലിന്നും മാറ്റമില്ല. മറ്റെല്ലാവരേയും പോലെ, ജീവിതവും കരിയറും കെട്ടിപ്പടുക്കുന്നതിൽ ആയിരുന്നു ഇക്കാലങ്ങളിൽ എന്റെ ശ്രദ്ധ. സത്യസന്ധമായും ആദരവോടെയും സംസാരിക്കുന്നതിനൊപ്പമാണ് ഞാൻ നിൽക്കുന്നത്', മുസമ്മിൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ജൂണിൽ സിദ്ധാർഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് ദീപികയുമായുള്ള ബന്ധത്തെക്കുറിച്ച് മുസമ്മിൽ തുറന്നുപറഞ്ഞത്. 'അവളാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. ഞാൻ അവളുമായി പിരിഞ്ഞു. ആരെയും ഒരിക്കലും വേർപിരിഞ്ഞതിൽ ഞാൻ ഖേദിക്കുന്നില്ല. അക്കാലത്ത് ഞാൻ താരമായിരുന്നു, അവൾ വെറും മോഡലും. ഇപ്പോൾ അവൾ സൂപ്പർതാരമാണ്, എന്നെ ആർക്കും അറിയില്ല. ഞാനും അവളുടെ വലിയ ആരാധകനാണ്', മുസമ്മിൽ പറഞ്ഞു.
ദീപിക മുംബൈയിൽ പരിചയപ്പെട്ട ആദ്യത്തെ വ്യക്തി താനാണ്. അവരുടെ ആദ്യത്തെ യഥാർഥ പ്രണയബന്ധം താനുമായിട്ടായിരുന്നു. പിരിഞ്ഞശേഷവും ഏറെക്കാലം നല്ല സുഹൃത്തുക്കളായിരുന്നു. ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ വിവാഹശേഷം ബന്ധപ്പെട്ടിട്ടില്ല. അവരുടെ വളർച്ചയിൽ അസൂയയില്ല. ഇപ്പോൾ നല്ല നിലയിൽ എത്തിയത് കാണുമ്പോൾ സന്തോഷമുണ്ടെന്നും മുസമ്മിൽ അന്ന് കൂട്ടിച്ചേർത്തു.
രൺവീർ സിങ്ങിന്റെ രൂപത്തിൽ ദീപികയ്ക്ക് സ്‌നേഹനിധിയായ ഭർത്താവുണ്ട്. ദുഅ എന്നൊരു മകളുണ്ട്. അതെല്ലാം അവളുടെ സ്വപ്‌നമായിരുന്നുവെന്നും മുസമ്മിൽ അഭിമുഖത്തിൽ പറഞ്ഞു.
2024-ൽ പുറത്തിറങ്ങിയ 'സിങ്കം എഗെയ്ൻ' ആണ് ദീപികയുടെ ഒടുവിലത്തെ ചിത്രം. ഷാരൂഖ് ഖാനൊപ്പം 'കിങ്', അല്ലു അർജുൻ ചിത്രം 'രാക്ക' എന്നിവ അണിയറയിൽ ഒരുങ്ങുന്നു.
Content Highlights: Actor and model Muzamil Ibrahim has issued a clarification regarding a viral video where he discusses his past relationship and breakup with Bollywood superstar Deepika Padukone. Muzamil revealed on Instagram that the clip circulating online is a year-old interview with Siddharth Kannan, which has been selectively edited out of context. He emphasized that he has always spoken about Deepika with the utmost respect and dignity, and the edited video distorts the mutual respect they shared. In the original interview, Muzamil stated that Deepika proposed to him first when she was a model, and they remained good friends until her marriage to Ranveer Singh. He added that he genuinely rejoices in her immense success, her happy marriage, and her new journey as a mother to their daughter, Dua.