‘നടന്മാർക്ക് ലാഭവിഹിതം ചോദിക്കാമെങ്കിൽ നടിമാർക്ക് ആയിക്കൂടേ?’, പോസ്റ്റിന് ലൈക്കടിച്ച് ദീപിക പദുക്കോൺ

#മൂവി ഡെസ്ക്
ദീപിക പദുക്കോൺ | ഫോട്ടോ: Getty Images
ദീപിക പദുക്കോൺ | ഫോട്ടോ: Getty Images

പ്രഭാസ് നായകനാകുന്ന സ്പിരിറ്റ് എന്ന ചിത്രത്തിൽനിന്ന് ദീപിക പദുക്കോൺ പിന്മാറിയ സംഭവം വീണ്ടും വാർത്തയിൽ നിറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വാദങ്ങളെ വിമർശിച്ചുകൊണ്ടുള്ള ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ദീപിക ലൈക്ക് ചെയ്തതാണ് പുതിയ ചർച്ചകൾക്ക് വഴിതുറന്നത്. ചിത്രത്തിന്റെ നിർമാതാവായ പ്രണയ് റെഡ്ഡി വാംഗ നടത്തിയ ചില വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ദീപിക ഈ വിഷയത്തിസ്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

'സ്പിരിറ്റ്' ചിത്രത്തിന്റെ സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗയുടെ സഹോദരനും നിർമാതാവുമായ പ്രണയ് റെഡ്ഡി വാംഗയാണ് ചിത്രത്തിൽ നിന്നുള്ള ദീപികയുടെ പിന്മാറ്റത്തിന് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തിയത്. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, പ്രതിഫല തർക്കങ്ങളും സമയക്രമീകരണത്തിലെ ബുദ്ധിമുട്ടുകളും കൂടാതെ ചിത്രത്തിന്റെ ലാഭത്തിൽ നിന്ന് 10 ശതമാനം വിഹിതം ദീപിക ആവശ്യപ്പെട്ടതുമാണ് അവരെ മാറ്റാൻ കാരണമായതെന്ന് പ്രണയ് അവകാശപ്പെട്ടു. ഈ ആവശ്യങ്ങൾ സിനിമയുടെ ബജറ്റിൽ ഒതുങ്ങാത്തതിനാലാണ് തങ്ങൾ മറ്റ് താരങ്ങളെക്കുറിച്ച് ആലോചിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ഈ വിഷയത്തിൽ പ്രണയിന്റെ പ്രസ്താവനകളെ വിമർശിച്ചുകൊണ്ട് മാധ്യമപ്രവർത്തകയായ ജാൻവി മഞ്ചന്ദ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ദീപിക ലൈക്ക് ചെയ്തത്. പുരുഷ താരങ്ങൾ വർഷങ്ങളായി സിനിമകളിൽ ലാഭവിഹിതം ആവശ്യപ്പെടുന്നുണ്ടെന്നും എന്നാൽ ഒരു സ്ത്രീ അത് ചോദിക്കുമ്പോൾ മാത്രം എന്തുകൊണ്ടാണ് വലിയ വാർത്തയാകുന്നതെന്നും അവർ പോസ്റ്റിൽ ചോദ്യമുയർത്തി. ഇത്തരം ചർച്ചകളിൽ സ്ത്രീകളെ മാത്രം പ്രത്യേകമായി ചോദ്യം ചെയ്യുന്നതിനെ വിമർശിച്ച ഈ കുറിപ്പിന് ദീപിക നൽകിയ പിന്തുണ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

മാധ്യമപ്രവർത്തകയായ ജാൻവി മഞ്ചന്ദ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് | സ്ക്രീൻ​ഗ്രാബ്

കഴിഞ്ഞ വർഷം ദീപിക 'സ്പിരിറ്റ്' സിനിമയിൽ നിന്ന് പിന്മാറിയപ്പോൾ എട്ട് മണിക്കൂർ ജോലി സമയം എന്ന ആവശ്യവും വലിയ ചർച്ചയായിരുന്നു. പുരുഷ താരങ്ങൾക്ക് ഇത്തരം സമയക്രമങ്ങൾ നൽകാറുണ്ടെന്നും തന്റെ ആവശ്യം അനാവശ്യമല്ലെന്നും അന്ന് ദീപിക പ്രതികരിച്ചിരുന്നു. ഇതിന് പുറമെ ചിത്രത്തിലെ ചില രംഗങ്ങളെക്കുറിച്ചും ജോലി സാഹചര്യങ്ങളെക്കുറിച്ചും തർക്കങ്ങളുണ്ടായിരുന്നതായി സൂചനകളുണ്ട്.

പ്രണയ് റെഡ്ഡിയുടെ വെളിപ്പെടുത്തൽ

സിനിമയുടെ ലാഭത്തിൽ നിന്നും 10 ശതമാനം വിഹിതം വേണമെന്ന ദീപികയുടെ ആവശ്യമാണ് നിർമാതാക്കളെ പിന്നോട്ട് വലിച്ചതെന്ന് എൻടിവി തെലുങ്കിന് നൽകിയ അഭിമുഖത്തിൽ പ്രണയ് റെഡ്ഡി പറഞ്ഞു. സമീപകാലത്ത് റിലീസ് ചെയ്ത ദീപികയുടെ ചില ചിത്രങ്ങൾ വലിയ വിജയങ്ങളായതോടെയാണ് താരം ലാഭത്തിന്റെ 10 ശതമാനം വിഹിതം ആവശ്യപ്പെടാൻ തുടങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രതിഫല കാര്യങ്ങൾക്കൊപ്പം ചിത്രീകരണ സമയക്രമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മറ്റു ചില ആവശ്യങ്ങളും ചേർന്നപ്പോൾ ഈ സഹകരണം സാമ്പത്തികമായി പ്രായോഗികമല്ലെന്ന് ബോധ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ദീപികയ്ക്ക് പകരം മറ്റ് നടിമാരെ തേടാൻ സന്ദീപ് റെഡ്ഡി വാംഗയെ പ്രേരിപ്പിച്ചതെന്നും പ്രണയ് പറഞ്ഞു.

കഥാപാത്രത്തിനായി ദീപികയെ തിരഞ്ഞെടുക്കാൻ സന്ദീപ് റെഡ്ഡി വാംഗയ്ക്ക് വലിയ താല്പര്യമുണ്ടായിരുന്നു. ദീപികയുടെ മുൻപത്തെ അഭിനയം ഇഷ്ടപ്പെട്ട സന്ദീപ് ഒന്നര വർഷത്തോളം താരവുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ സമയത്തിനനുസരിച്ച് കാര്യങ്ങൾ മാറിമറിയുകയും ദീപികയുടെ പ്രതിഫല ആവശ്യങ്ങൾ സിനിമയുടെ ബജറ്റിന് താങ്ങാൻ കഴിയാത്ത രീതിയിലേക്ക് ഉയരുകയും ചെയ്തു. താരങ്ങൾക്ക് എന്തും ആവശ്യപ്പെടാമെന്നും എന്നാൽ അത് നൽകാൻ തങ്ങൾക്ക് സാധിക്കണം എന്നതുമാണ് പ്രധാനമെന്നും പ്രണയ് റെഡ്ഡി വംഗ വ്യക്തമാക്കി.

ദീപികയ്ക്ക് പകരം മറ്റ് നടിമാരെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയതോടെ, ഒരു വർഷത്തിലധികമായി നടന്ന സ്വകാര്യ ചർച്ചകളുടെ വിവരങ്ങൾ പുറത്തു പ്രചരിക്കാൻ തുടങ്ങി. ഇത് സന്ദീപ് റെഡ്ഡി വംഗയെ ഏറെ ചൊടിപ്പിച്ചു. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ അണിയറയിൽ തന്നെ നിൽക്കണമെന്നും ഔദ്യോഗികമായി അറിയിക്കുന്നത് വരെ രഹസ്യമായി സൂക്ഷിക്കണമെന്നുമാണ് അദ്ദേഹം വിശ്വസിക്കുന്നത്. ദീപികയെ ഒഴിവാക്കാനുള്ള തീരുമാനം പൂർണമായും സന്ദീപിന്റേതാണെന്ന് പ്രണയ് ഊന്നിപ്പറഞ്ഞു.

സന്ദീപ് റെഡ്ഡി വാംഗയുടെ സോഷ്യൽ മീഡിയാ പോസ്റ്റ്

2025 മെയ് മാസത്തിലാണ് സന്ദീപ് റെഡ്ഡി വാംഗ "ഡേർട്ടി പിആർ ഗെയിംസ്" എന്ന് വിശേഷിപ്പിച്ചുകൊണ്ട് എക്സിൽ ഒരു പോസ്റ്റ് പങ്കുവെച്ചത്. ദീപികയുടെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും കുറിപ്പ് അവർക്ക് എതിരെയുള്ളതാണെന്ന് പരക്കെ വിലയിരുത്തപ്പെട്ടു. ഈ വിവാദങ്ങൾക്ക് പിന്നാലെ ചിത്രത്തിന്റെ നിർമാതാക്കൾ തൃപ്തി ദിമ്രിയെ ചിത്രത്തിലെ പുതിയ നായികയായി പ്രഖ്യാപിച്ചു.

സ്പിരിറ്റ് അണിയറയിൽ ഒരുങ്ങുന്നു

ടി-സീരീസുമായി ചേർന്ന് സന്ദീപ് റെഡ്ഡി വാംഗ ഒരുക്കുന്ന 'സ്പിരിറ്റ്' എട്ട് ഭാഷകളിൽ പുറത്തിറങ്ങുന്ന എന്റർടെയ്നറാണ്. പ്രഭാസിനൊപ്പം വിവേക് ഒബ്‌റോയ്, ഐശ്വര്യ ദേശായി എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഗുൽഷൻ കുമാറും ടി-സീരീസും അവതരിപ്പിക്കുന്ന 'സ്പിരിറ്റ്' നിർമ്മിക്കുന്നത് ഭൂഷൺ കുമാർ, പ്രണയ് റെഡ്ഡി വംഗ, കൃഷൻ കുമാർ, പ്രഭാകർ റെഡ്ഡി വംഗ എന്നിവർ ചേർന്നാണ്. ചിത്രം 2027 മാർച്ച് 5-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം ഷാരൂഖ് ഖാനൊപ്പം 'കിംഗ്', അല്ലു അർജുനൊപ്പം അറ്റ്ലീ സംവിധാനം ചെയ്യുന്ന 'രാക' എന്നീ ചിത്രങ്ങളുമായി ദീപിക തന്റെ സിനിമാ പ്രൊജക്റ്റുകളുമായി മുന്നോട്ട് പോവുകയാണ്.

Content Highlights: Deepika Padukone reignited her Spirit movie exit row by liking an Instagram post that called out director Sandeep Reddy Vanga and producer Pranay Vanga for double standards after they claimed she was removed for demanding a 10% profit share.