ആഴ്ചയിൽ അഞ്ച് ദിവസം മാത്രം പ്രവർത്തിക്കുന്ന നടന്മാരുണ്ടല്ലോ, ഒരു സ്ത്രീ ഇതേ ആവശ്യമുന്നയിച്ചപ്പോൾ പ്രശ്നമാക്കുന്നതെന്തിന്? -യാമി ഗൗതം

ബോളിവുഡിലെ നടിമാർക്കും വനിതാ സാങ്കേതിക പ്രവർത്തകർക്കും എട്ട് മണിക്കൂർ ഷിഫ്റ്റ് നടപ്പാക്കണമെന്ന നടി ദീപിക പദുക്കോണിന്റെ അഭിപ്രായത്തെ പിന്തുണച്ച് നടി യാമി ഗൗതം. എട്ട് മണിക്കൂർ മാത്രം ജോലി ചെയ്യുകയും രാത്രി ഷൂട്ടുകൾ ഒഴിവാക്കുകയും ചെയ്യുന്ന അഭിനേതാക്കൾ പതിറ്റാണ്ടുകളായി ചലച്ചിത്ര വ്യവസായത്തിലുണ്ടെന്ന് യാമി പറഞ്ഞു. ഒരു നടി ഇതേ ആവശ്യം ഉന്നയിക്കുമ്പോൾ അത് ഒരു പ്രശ്നമായി മാറുന്നത് എന്തിനാണെന്ന് അവർ ചോദിച്ചു. അമ്മമാരായ സ്ത്രീകൾക്ക് ജോലി-ജീവിത സന്തുലിതാവസ്ഥ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും യാമി ഗൗതം ചൂണ്ടിക്കാട്ടി.
ചില അഭിനേതാക്കൾ ഒരു ദിവസം എട്ട് മണിക്കൂർ മാത്രമേ ഷൂട്ട് ചെയ്യുകയുള്ളൂവെന്ന് യാമി ഗൗതം പറഞ്ഞു. ആഴ്ചയിൽ അഞ്ച് ദിവസം മാത്രം ഷൂട്ട് ചെയ്യുന്നവരുണ്ട്. അവർ നൈറ്റ് ഷൂട്ടുകൾ ചെയ്യാറില്ലെന്നും യാമി ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങൾ സാധാരണയായി സംവിധായകൻ, നിർമ്മാതാവ്, നടൻ എന്നിവർ തമ്മിൽ മുൻകൂട്ടി തീരുമാനിക്കുന്നതാണ്. എല്ലാ മേഖലയിലുമുള്ള അമ്മമാർ നേരിടുന്ന വെല്ലുവിളികൾ പരിഗണിക്കേണ്ടതുണ്ട്. ജോലി ചെയ്യുന്നവരുൾപ്പെടെ ഓരോ അമ്മമാരും സവിശേഷതകളുള്ളവരാണ്. അവർ തൻ്റെ കുഞ്ഞിനായി കഴിയുന്നതെല്ലാം ചെയ്യുന്നുവെന്നും യാമി അഭിപ്രായപ്പെട്ടു.
അതേസമയം, ചലച്ചിത്ര നിർമ്മാണത്തിന്റെ പ്രത്യേക സ്വഭാവം കാരണം ഒരു നിശ്ചിത സമയപരിധി നിർണ്ണയിക്കുന്നത് അഭിനേതാക്കൾ, നിർമ്മാതാക്കൾ, സംവിധായകർ എന്നിവരുടെ മുൻകൂട്ടിയുള്ള തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നും യാമി പറഞ്ഞു. "മറ്റേതൊരു മേഖലയെയും പോലെ ഒരു സമയപരിധി ഞങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ഞങ്ങളുടെ രംഗം അല്പം വ്യത്യസ്തമാണ്. ലൊക്കേഷനുകൾ, അനുമതികൾ, ക്രമീകരണങ്ങൾ, മറ്റ് നടീനടന്മാർ, സാങ്കേതിക വിദഗ്ദ്ധർ, അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. അതിനാൽ സമയപരിധി എന്ന ഈ ആശയം, ഒരു നടനും നിർമ്മാതാവും സംവിധായകനും തമ്മിലുള്ള സഹകരണത്തെയും ധാരണയെയും ആശ്രയിച്ചിരിക്കും." യാമി പറഞ്ഞു.
ജോലിസമയ കരാറുകൾ വ്യവസായത്തിൽ പണ്ടുമുതലേ അനൗദ്യോഗികമായി നിലവിലുണ്ടെന്ന് അവർ ഊന്നിപ്പറഞ്ഞു. "ഇത് പതിറ്റാണ്ടുകളായി സംഭവിക്കുന്ന ഒന്നാണ്. ദിവസം എട്ട് മണിക്കൂർ മാത്രം ഷൂട്ട് ചെയ്യുന്ന, ആഴ്ചയിൽ അഞ്ച് ദിവസം മാത്രം ജോലി ചെയ്യുന്ന, രാത്രി ഷൂട്ട് ചെയ്യാത്ത നടന്മാരുണ്ട്. ഇത് സംവിധായകനും നിർമ്മാതാവും നടനും തമ്മിൽ മുൻകൂട്ടി തീരുമാനിക്കുന്നതാണ്. അപ്പോൾ ഒരു നടി ഇതേ കാര്യം പറയുമ്പോൾ അത് എന്തിന് ഒരു വിഷയമാകുന്നു? നമ്മളെല്ലാം വളരെ വിചിത്രമായ സാഹചര്യങ്ങളിൽ കലയും വികാരങ്ങളും സൃഷ്ടിക്കുന്ന മനുഷ്യരാണ്. അതിനാൽ, നിർമ്മാണത്തിന് അനുയോജ്യമാണെങ്കിൽ സമയം ചോദിക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് ഞാൻ കരുതുന്നു. യോജിച്ചതാണെങ്കിൽ അവർ മുന്നോട്ട് പോകും, അല്ലെങ്കിൽ പോകില്ല." യാമി കൂട്ടിച്ചേർത്തു.
ദിവസേനയുള്ള ജോലി എട്ടുമണിക്കൂറാക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയാഞ്ഞതിനെ തുടർന്നാണ് ദീപിക സന്ദീപ് റെഡ്ഡി വാങ്കയുടെ 'സ്പിരിറ്റ്', നാഗ് അശ്വിൻ്റെ 'കൽക്കി 2' എന്നീ ചിത്രങ്ങളിൽ നിന്ന് പിന്മാറിയതെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ദീപികയുടെ ഈ തീരുമാനവും പരിമിതമായ ജോലി സമയത്തിനായുള്ള അവരുടെ ആവശ്യവും ഇൻഡസ്ട്രിയിൽ വലിയ ചലനമുണ്ടാക്കിയിരുന്നു. സിനിമാ സെറ്റുകളിലെ ജോലി സംസ്കാരത്തെക്കുറിച്ചും സ്ഥിരമായ സമയക്രമം വരുത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചുമുള്ള വിശാലമായ സംവാദങ്ങൾക്കാണ് ഈ സംഭവങ്ങൾ തുടക്കമിട്ടത്
Content Highlights: From Deepika Padukone to Yami Gautam: Rethinking Work Hours in the Hindi Film Industry