നായകവേഷത്തിൽ ദീപക് പറമ്പോൽ, നായികയായി ദർശന; 'ഇമ്പം' വരുന്നു

ഫാമിലി എന്റർടെയിനർ ജോണറിൽ ഉൾപ്പെടുത്താവുന്ന സിനിമയുടെ കഥ പുരോഗമിക്കുന്നത് ഒരു പബ്ലിഷിങ് ഹൗസുമായി ബന്ധപ്പെട്ടാണ്. രസകരമായ പ്രണയവും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിൽ നടൻ ലാലു അലക്സ് കരുണാകരൻ എന്ന പബ്ലിഷിങ് ഹൗസ് ഉടമയായെത്തുന്നു. കോഴിക്കോടാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.
ലാൽ ജോസിന്റെ സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി ദർശന സുദർശനാണ് ചിത്രത്തിൽ നായികയാകുന്നത്. ദർശന ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും ഇമ്പത്തിലെ കാദംബരിയെന്ന് അണിയറപ്രവർത്തകർ പറയുന്നു. മീര വസുദേവ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പി. എസ് ജയഹരിയാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിതാര കൃഷ്ണകുമാർ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നു. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്സും, ചിത്രത്തിൻ്റെ വിതരണവും സ്വന്തമാക്കിയിരിക്കുന്നത്.
ഇർഷാദ്, കലേഷ് രാമാനന്ദ് (ഹൃദയം ഫെയിം), ദിവ്യ എം നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഒക്ടോബർ 27-ന് സിനിമ തിയേറ്ററുകളിലെത്തും.
Content Highlights: deepak parambol movie imbam releasing soon