രേണുകാസ്വാമി കൊലക്കേസ്; ജാമ്യത്തിനായി ഒരു വർഷം കാത്തിരിക്കാൻ നടൻ ദർശനോട് കോടതി

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കാൻ ഒരുവർഷം കാത്തിരിക്കാൻ നടൻ ദർശനോട് സുപ്രീംകോടതി. കേസിൽ വിചാരണ വേഗത്തിൽ നടക്കുന്നുണ്ടോയെന്ന് ഒരുവർഷം നോക്കാമെന്നും കാര്യമായ പുരോഗതിയില്ലെങ്കിൽ ജാമ്യാപേക്ഷയുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. വിചാരണ വേഗത്തിലാക്കാൻ ബെംഗളൂരുവിലെ വിചാരണക്കോടതിക്ക് ജസ്റ്റിസ് ജെ.പി. പർദിവാല, ജസ്റ്റിസ് വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകി.
കേസിൽ വിചാരണ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി ദർശൻ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഒരു വർഷംകൂടി കാത്തിരിക്കാൻ നിർദേശിച്ചത്. മനഃപൂർവം വിചാരണ വൈകിപ്പിക്കുകയാണെന്നും ദർശൻ ആരോപിച്ചു. ദൈനംദിനാടിസ്ഥാനത്തിൽ സാക്ഷികളെ വിസ്തരിക്കാൻ നിർദേശിച്ച ബെഞ്ച് അനാവശ്യമായി കേസ് നീട്ടാൻ പാടില്ലെന്നും കൂട്ടിച്ചേർത്തു. ജയിലിൽ അടിസ്ഥാനസൗകര്യങ്ങൾ നൽകുന്നില്ലെന്ന ദർശന്റെ ആരോപണം സംസ്ഥാന സർക്കാർ അഭിഭാഷകൻ തള്ളി.
ഏകാന്തതടവാണെന്ന ആരോപണവും നിഷേധിച്ച് ജയിൽ ചീഫ് സൂപ്രണ്ട് സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് വിചാരണയുടെ പുരോഗതി ഒരുവർഷംകൂടി നോക്കിയതിനുശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. ദർശന്റെ സുഹൃത്തായ നടി പവിത്രഗൗഡയ്ക്ക് അശ്ലീലസന്ദേശങ്ങൾ അയച്ചതിനെത്തുടർന്നാണ് രേണുകാസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. 2024 ജൂൺ ഒൻപതിനാണ് ഇയാളെ മരിച്ചനിലയിൽ കണ്ടത്. ജൂൺ 11-ന് ദർശൻ അറസ്റ്റിലായി.
കർണാടക ഹൈക്കോടതി 2024 ഡിസംബറിൽ ദർശനും പവിത്രഗൗഡയ്ക്കും ജാമ്യം അനുവദിച്ചുവെങ്കിലും കഴിഞ്ഞവർഷം ഓഗസ്റ്റിൽ സുപ്രീംകോടതി ജാമ്യം റദ്ദാക്കി. തുടർന്നാണ് വിചാരണ വൈകുന്നതിന്റെ പേരിൽ ജാമ്യത്തിന് സുപ്രീംകോടതിയെ സമീപിച്ചത്.
Content Highlights: Supreme Court denies bail to actor Darshan in the Renukaswamy murder case., Court mandates a one-year wait to assess trial speed before reconsidering bail., Trial court in Bengaluru directed to expedite daily witness examinations.