ലഹരിവേട്ടയുടെ കഥയുമായി ഹരിദാസിന്റെ 'ഡാൻസാഫ്': ഷൈൻ നായകനാകുന്ന പോലീസ് ത്രില്ലറിന് തുടക്കമായി

മലയാള സിനിമയിൽ ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ഹരിദാസിന്റെ പുതിയ ചിത്രമായ 'ഡാൻസാഫ്' ചിത്രീകരണം ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ തിരുവാമ്പാടിയിലാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. 'ജോർജുകുട്ടി/ജോർജ് കുട്ടി', 'ഇന്ദ്രപ്രസ്ഥം', 'കണ്ണൂർ', 'കഥ സംവിധാനം കുഞ്ചാക്കോ' തുടങ്ങി വ്യത്യസ്തമായ പ്രമേയങ്ങൾ കൈകാര്യം ചെയ്ത ഹരിദാസിന്റെ പുതിയ ചിത്രം വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.
നിർമ്മാതാവ് മുഹമ്മദ് ഷാഫി സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ച ചടങ്ങിൽ പ്രശസ്ത തിരക്കഥാകൃത്ത് റോബിൻ തിരുമലയാണ് ഫസ്റ്റ് ക്ലാപ്പ് നൽകിയത്. ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ ആശംസകൾ നേർന്നു സംസാരിച്ചു. എൻ.വി.പി. ക്രിയേഷൻസ്, കെ.ജി.എഫ്. സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ മുഹമ്മദ് ഷാഫിയും ചിത്രത്തിന്റെ എഡിറ്റർ കൂടിയായ കപിൽ കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കോഴിക്കോട്ടെ മലയോര പശ്ചാത്തലത്തിൽ പൊലീസ് ഡിപ്പാർട്ട്മെന്റിലെ 'ഡാൻസാഫ്' എന്ന പ്രത്യേക സംഘം നടത്തുന്ന ലഹരിവേട്ടയാണ് ഈ സിനിമയുടെ പ്രമേയം. വളരെ ത്രില്ലറായും അതേസമയം തന്നെ റിയലിസ്റ്റിക്കായും ഈ സംഘത്തിന്റെ പ്രവർത്തനങ്ങളെ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.
ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹന്ന റെജി കോശി, ജാഫർ ഇടുക്കി, അരുൺ ചെറുകാവിൽ, ജോയ് മാത്യു, ഉണ്ണി ലാലു, സുധീഷ്, രഘുനാഥ് പലേരി, സൂര്യാകൃഷ്ണ, ജീവ, ജയേഷ് പുന്നശ്ശേരി, വിനോദ് ആന്റണി, സതീഷ് നമ്പ്യാർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ഋഷി ഹരിദാസ്, ജിതിൻ രാജ് സി. എന്നിവരാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. എൽബൻ കൃഷ്ണ ഛായാഗ്രഹണവും സുജിത് രാഘവ് കലാസംവിധാനവും നിർവ്വഹിക്കുന്നു. ഗിരീഷ് മാരാർ (ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ), ഗിരീഷ് അത്തോളി (പ്രൊഡക്ഷൻ കൺട്രോളർ), കപിൽ കൃഷ്ണ(എഡിറ്റിങ്), ലാലു കൂട്ടാലിട (മേക്കപ്പ്), അഫ്രിൻ കല്ലൻ(കോസ്റ്റ്യും), ഷിബി ശിവദാസ് (സ്റ്റിൽസ്), വാഴൂർ ജോസ്(പിആർഓ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മുക്കം, താമരശ്ശേരി, തിരുവാമ്പാടി, വയനാട് തുടങ്ങിയ സ്ഥലങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാവുക.
Content Highlights: Malayalam film `Dansaf` starring Shine Tom Chacko, directed by Haridas, starts shooting in Thiruvambadi.