'ഇവൻ അതിവേഗം സിനിമാപാട്ടുകളുടെ സാമ്രാട്ടായിത്തീരും', ആ ചടങ്ങിൽവെച്ച് കെ.ജെ. ജോയിയോട് അച്ചൻ പറഞ്ഞു
തൃശ്ശൂർ നെല്ലിക്കുന്ന് ഇടവക സെയ്ന്റ് സെബാസ്റ്റ്യൻ പള്ളിയിലെ ക്വയർവിഭാഗത്തിൽ കെ.ജെ. ജോയ് യൗവനകാലത്ത് സജീവമായിരുന്നു. ചാലിശ്ശേരിയച്ചന് ഇഷ്ടപ്പെട്ട ഭക്തിഗാനകാരൻ. വിദേശത്തുള്ള അച്ചന്റെ ബന്ധുകൊടുത്ത പിയാനോ അച്ഛൻ സമ്മാനിച്ചത് കെ.ജെ. ജോയിക്കാണ്. നെഞ്ചിലമർത്തിപ്പിടിച്ച് വിശറി നിവർത്തിവായിക്കാവുന്ന പിയാനോ. ജോയേട്ടനതു കിട്ടിയതും സംഗീതഭാവനകൾ ഈണങ്ങളായി പൂത്തുതളിർത്തു. അദ്ദേഹത്തിന്റെ സ്വരചാതുരി എല്ലാവരെയും വിസ്മയിപ്പിച്ചു. ഇതുകണ്ട വികാരിയച്ചൻ ഈസ്റ്ററിനോടനുബന്ധിച്ച് ഒരാശയം മുന്നോട്ടുവെച്ചു. സമൂഹം ഏറ്റവും അവഗണിക്കപ്പെടുന്ന കുഷ്ഠരോഗികൾക്കുവേണ്ടി ഒരു സംഗീതയജ്ഞം നടത്താം. അതുവഴി ലഭിക്കുന്ന സഹായം കുഷ്ഠരോഗികൾക്ക് നൽകാം. ഉഷാറായി പരിശീലനവും തുടങ്ങി. ഈസ്റ്റർ ഭക്തിഗാനങ്ങളാണ് അധികം ഉൾപ്പെടുത്തിയിരുന്നത്. റിഹേഴ്‌സലുകൾ അച്ചന് ബോധിച്ചു.
ജോയേട്ടൻ ഈണമിട്ട പുതുമയുള്ള കേൾക്കാൻ സുഖകരമായ ഗാനങ്ങൾ. ഉയിർപ്പ് തിരുനാൾ ആഘോഷപ്പാട്ടു കുർബ്ബാന പാതിരയ്ക്കാണ്. കേക്കും ഈസ്റ്റർ എഗ്ഗും മുറപോലെ കൈപറ്റിയ വിശ്വാസികൾ ഉഷാറായി. അതുകഴിഞ്ഞ് എല്ലാ ക്വയർ അംഗങ്ങളും വട്ടംകൂടി സഹകരിച്ചു. ഈസ്റ്റർ അലങ്കാരവെളിച്ചമാർന്ന പള്ളിനടയിൽ പ്രഥമ ആലാപനം. പിന്നെ വീടുകൾ തേടിയിറങ്ങി. 1500 വീടുകളുള്ള വലിയ ഇടവക പള്ളിയാണ്. അച്ചൻ നേരിട്ട് നേതൃത്വംവഹിച്ചു.
എവിടെയും വലിയ സ്വീകരണമായിരുന്നു. പാടുന്നവർക്ക് വട്ടേപ്പവും കറികളും കുമ്പിളിൽ. ഈസ്റ്റർ നോമ്പെടുത്തു സ്വരൂപിച്ച പണം ഈസ്റ്റർ പാട്ടുകളുമായി എത്തുന്ന ക്വയർസംഘത്തിന് പാരിഷുകാർ ഉദാരമായി സംഭാവനചെയ്യണം. പണം നിക്ഷേപിക്കാൻ ഉള്ളകം കാണാവുന്ന വെള്ള ചില്ല് സ്‌ക്വയർ ബോക്സ് നേരത്തെ ഒരുക്കിയിരുന്നു. അതിനരുകിൽ വെണ്ടക്കയക്ഷരത്തിൽ ഒരഭ്യർഥനയുള്ള എഴുത്തും ഒട്ടിച്ചു. ദയവായി ചില്ലറയാരുമിടരുത്. അന്ന് ചതുരൻ ഒരുപൈസതുടങ്ങി നാണയത്തുട്ടങ്ങളുണ്ട്. രണ്ടുപൈസ, അഞ്ച്, പത്ത്, ഇരുപത് പൈസ, 25 പൈസ, അന്പതു പൈസവരെ നാണയങ്ങൾ. ഒറ്റ രൂപ നോട്ടാണ്. രണ്ട്, അഞ്ച്, പത്ത്, ഇരുപത്, അമ്പത്, നൂറ്, നിറംമങ്ങാത്ത ഉറുപ്പിക കറൻസികളും. അച്ചനെ ബോധ്യപ്പെടുത്താൻ ഇടവകാംഗങ്ങൾ കല്പന തെറ്റിക്കാതെ നോക്കി. നാലഞ്ചുദിവസമെടുത്തു സംഗീതയജ്ഞം. വലിയ വിജയമായി. പണം എണ്ണിയതും സംഗീതസംഘം നേരിട്ട ക്ലേശങ്ങളെല്ലാം മറന്നു. സംഖ്യ അയ്യായിരത്തിനടുത്തുണ്ടായിരുന്നു.
ആ മുഴുവൻ തുകയും പള്ളിയങ്കണത്തിൽ വിളിച്ചുവരുത്തിയ കുഷ്ഠരോഗികളുടെ നിറസാന്നിധ്യത്തിൽ അവരുടെ ക്ഷേമപ്രവർത്തകൻ വർഗീസ് കൊരട്ടിക്ക് കൈമാറി. പണക്കിഴിലഭിച്ചതും കൈകൂപ്പി അദ്ദേഹം ഒറ്റ വാചകമേ നന്ദി ഉരുവിട്ടുള്ളൂ. ആരെല്ലാമീ പ്രേക്ഷിതപ്രവർത്തനത്തിന് പ്രയത്നിച്ചോ അവരെ സർവശക്തൻ അനുഗ്രഹിക്കട്ടെ... അച്ചന് അഭിനന്ദന നല്ലവാക്ക് പറയാനുണ്ടായിരുന്നത് കെ.ജെ. ജോയിയോടായിരുന്നു. ഇവൻ അതിവേഗം സിനിമാപാട്ടുകളുടെ സാമ്രാട്ടായിത്തീരുമെന്നും അതേചടങ്ങിൽ അച്ചൻ പറഞ്ഞു. അതുപോലെതന്നെ കാലം ജോയിയേട്ടനെ സംഗീതത്തിന്റെ ലോകത്ത് നെറുകയിൽ പ്രതിഷ്ഠിച്ചു. ആ ഈസ്റ്റർ സമ്മാനിച്ച ഓർമ്മ ഇപ്പോഴും തിളക്കമാർന്ന് നിൽക്കുന്നു.
Content Highlights: cj jesvin about musician kj joy