തിയേറ്ററില്‍ നിന്നുള്ള സിനിമ റിവ്യൂവിന് വിലക്ക്, ഒരു മീഡിയയേയും അകത്ത് കയറ്റില്ല; ഫിയോക് പ്രസിഡന്റ്

കെ.വിജയകുമാര്‍, പ്രതീകാത്മക ചിത്രം | photo: special arrangements, mathrubhumi
കെ.വിജയകുമാര്‍, പ്രതീകാത്മക ചിത്രം | photo: special arrangements, mathrubhumi

തിയേറ്റര്‍ കോംപൗണ്ടില്‍ നിന്നുള്ള സിനിമാ റിവ്യൂകള്‍ക്ക് വിലക്കേര്‍പ്പെടുത്തി തിയേറ്റര്‍ സംഘടനായായ ഫിയോക്. ഇന്നുചേര്‍ന്ന ഫിലിം ചേംബറിന്റെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.  

ഏപ്രില്‍ ഒന്ന് മുതല്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാവൂ എന്നും തീരുമാനിച്ചിട്ടുണ്ട്. മുന്‍കൂട്ടി ധാരണാപത്രം ഒപ്പുവെച്ച സിനിമകള്‍ക്ക് മാത്രം ഇളവുണ്ടാകും. ഈ സിനിമകള്‍ 30 ദിവസത്തിന് ശേഷം ഒ.ടി.ടിക്ക് നല്‍കാമെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാര്‍ അറിയിച്ചു 

'തിയേറ്ററിനകത്ത് കയറിയുള്ള ഫിലിം റിവ്യൂ നിരോധിക്കാന്‍ തീരുമാനിച്ചു. തിയേറ്റര്‍ റിലീസിന് 42 ദിവസത്തിന് ശേഷമേ ഒ.ടി.ടി റിലീസ് പാടുള്ളു എന്ന തീരുമാനം എടുത്തു. ഓണ്‍ലൈന്‍ മീഡിയ തെറ്റായ ഒരുപാട് ന്യൂസ് കൊടുക്കുന്നുണ്ട്. ചില ചിത്രങ്ങളെ ലക്ഷ്യം വെച്ച് റിവ്യൂസ് ചെയ്യുമ്പോള്‍ കളക്ഷനെ അത് ബാധിക്കുന്നുണ്ട്. നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നും ഇവരെ വിലക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നു. ഒരുപാട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം എടുത്തിരിക്കുന്നത്. തിയേറ്റര്‍ കോമ്പൗണ്ടിന് പുറത്തുള്ള കാര്യങ്ങള്‍ നമുക്ക് നിയന്ത്രിക്കാനാവില്ല. തിയേറ്ററുകളിലേയ്ക്ക് അറിയിപ്പ് കൊടുത്തിട്ടുണ്ട്. റിവ്യൂ ചെയ്യാന്‍ വരുന്ന ഒരു മീഡിയയേയും തിയേറ്ററില്‍ കയറ്റില്ല. യൂട്യൂബ് റിവ്യൂവേഴ്‌സിനെ നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്കാകില്ല. ഇവരെ നിയന്ത്രിക്കാന്‍ സിനിമ മന്ത്രിയുമായി ചര്‍ച്ച നടത്തും'- കെ. വിജയകുമാര്‍ പറഞ്ഞു.

Content Highlights: cinema review inside theatre banned says FEUOK president K Vijayakumar