ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം 'ദി ഒഡിസി'യുടെ പ്രീമിയർ ഇന്ത്യയിൽ; താരങ്ങൾ മുംബൈയിലെത്തും

#Movies Desk
ലണ്ടനിൽ നടന്ന 'ദി ഒഡീസി' (The Odyssey) എന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയറിൽ പങ്കെടുക്കാനായി എത്തിയ ബ്രിട്ടീഷ്-അമേരിക്കൻ ചലച്ചിത്ര സംവിധായകൻ ക്രിസ്റ്റഫർ നോളനും ബ്രിട്ടീഷ് ചലച്ചിത്ര നിർമ്മാതാവ് എമ്മ തോമസും റെഡ് കാർപെറ്റിൽ | Photo by CARLOS JASSO / AFP
ലണ്ടനിൽ നടന്ന 'ദി ഒഡീസി' (The Odyssey) എന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയറിൽ പങ്കെടുക്കാനായി എത്തിയ ബ്രിട്ടീഷ്-അമേരിക്കൻ ചലച്ചിത്ര സംവിധായകൻ ക്രിസ്റ്റഫർ നോളനും ബ്രിട്ടീഷ് ചലച്ചിത്ര നിർമ്മാതാവ് എമ്മ തോമസും റെഡ് കാർപെറ്റിൽ | Photo by CARLOS JASSO / AFP

ഇന്ത്യയുമായുള്ള തന്റെ ബന്ധത്തിൽ പുതിയൊരു അധ്യായം കുറിക്കുകയാണ് ക്രിസ്റ്റഫർ നോളൻ. തന്റെ പുതിയ ചിത്രമായ ദി ഒഡിസിയുടെ പ്രീമിയർ ഇന്ത്യയിൽ സംഘടിപ്പിക്കുകയാണ് ഈ ഓസ്കർ ജേതാവ്. ദി ഒഡിസിയുടെ ആഗോള റിലീസിനു മുന്നോടിയായി ജൂലായ് 10, 11 തീയതികളിൽ നോളൻ മുംബൈയിൽ എത്തും. ഇന്ത്യയിൽ ഒരു സിനിമയുടെ പ്രമോഷനായി ആദ്യമായാണ് നോളൻ എത്തുന്നത്. ആഗോള തീയറ്റർ വിപണിയിൽ ഇന്ത്യക്കു വർധിച്ചുവരുന്ന പ്രാധാന്യത്തെ ഈ തീരുമാനം അടിവരയിടുന്നു.

രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഹോളിവുഡ് പ്രീമിയർ ചടങ്ങായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. നോളനൊപ്പം ഭാര്യ എമ്മ തോമസും ചിത്രത്തിലെ പ്രധാന താരങ്ങളായ മാറ്റ് ഡെയ്‌മനും ടോം ഹോളണ്ടും ഇന്ത്യയിൽ എത്തുമെന്നാണ് അറിവ്.

പ്രീമിയർ പ്രദർശനത്തിനിടെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ മാധ്യമങ്ങളുമായി സംവദിക്കാനും മറ്റു പ്രൊമോഷണൽ പരിപാടികളിൽ പങ്കെടുക്കാനും സാധ്യതയുണ്ട്.

മറ്റുരാജ്യങ്ങളിൽ റിലീസ് ആകുന്നതിനു മുൻപ് ദി ഒഡിസി ഇന്ത്യയിൽ പ്രദർശനം ആരംഭിക്കും. ജൂലൈ 16-നാണ് ഇന്ത്യയിൽ റിലീസ്. അതിനെത്തുടർന്നാണ് അമേരിക്കയിൽ ചിത്രം റിലീസ് ചെയ്യുന്നത്.

ഹോമറിന്റെ ഗ്രീക്കു കാവ്യമായ ഒഡിസിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. ഇതിൽ ഒഡിസിയുസ് എന്ന ഇതിഹാസ യോദ്ധാവിനെ മാറ്റ് ഡെയ്‌മൻ അവതരിപ്പിക്കുന്നു. പൂർണമായും ഐമാക്സ് (IMAX) ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ എന്ന ചരിത്രനേട്ടവും ഈ ചിത്രത്തിനാണ്. ചിത്രത്തിൽ ആനി ഹതാവേ, സെൻഡായ, റോബർട്ട് പാറ്റിൻസൺ, ലുപിത നിയോങ്, ചാർലിസ് തെറോൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഇന്ത്യയിൽ ഇതാദ്യമായാണ് നോളന്റെ സിനിമയുടെ പ്രീമിയർ നടക്കുന്നത്. എന്നാൽ ഇന്ത്യയുമായുള്ള നോളന്റെ ബന്ധം വർഷങ്ങളായി തുടരുന്നതാണ്. 2018-ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ, ലോകത്തിലെ മികച്ച സിനിമാ സംസ്കാരങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. അന്ന് സത്യജിത് റേ സംവിധാനം ചെയ്ത പഥേർ പാഞ്ചാലി കണ്ട ശേഷം, അത് "എക്കാലത്തെയും മികച്ച സിനിമകളിലൊന്ന്" എന്നാണ് നോളൻ വിശേഷിപ്പിച്ചത്.

2018-ലെ സന്ദർശനത്തിനിടെ നോളൻ അമിതാഭ് ബച്ചൻ, കമൽഹാസൻ, ഷാരൂഖ് ഖാൻ എന്നിവരെയും കണ്ടുമുട്ടിയിരുന്നു. ഇൻസെപ്ഷൻ, ഇന്റർസ്റ്റെല്ലർ, ഡൺകിർക്ക്, ഓപ്പൺഹൈമർ തുടങ്ങിയ നോളന്റെ ചിത്രങ്ങൾ ഇന്ത്യയിൽ മികച്ച ബോക്സ് ഓഫീസ് വിജയം നേടിയിരുന്നു. പ്രത്യേകിച്ച് ഐമാക്സ് (IMAX) പ്രദർശനങ്ങൾക്ക് ഇന്ത്യൻ പ്രേക്ഷകർ നൽകിയ പിന്തുണ ശ്രദ്ധേയമാണ്. അതിനാൽ, ദി ഒഡിസിയുടെ ആദ്യ ഇന്ത്യാ പ്രീമിയർ ഒരു സാധാരണ പ്രമോഷൻ പരിപാടിയല്ല; ഇന്ത്യയുമായുള്ള ക്രിസ്റ്റഫർ നോളന്റെ വർഷങ്ങളായുള്ള ആത്മബന്ധത്തിന്റെ സ്വാഭാവികമായ അടുത്ത ചുവടുവെപ്പായാണ് അത് വിലയിരുത്തപ്പെടുന്നത്.

Content Highlights: Oscar-winning director Christopher Nolan is set to visit Mumbai on July 10-11 for the historic Indian premiere of his latest IMAX-shot blockbuster, 'The Odyssey,' marking his first-ever film promotion in the country.