'എന്റെ മനസ്സിനെ പിടിച്ചുലച്ചു'; സത്യജിത് റായിയേയും പഥേർ പാഞ്ചാലിയേയും പുകഴ്ത്തി ക്രിസ്റ്റഫർ നോളൻ

ഇന്ത്യൻ സിനിമയുടെ ഇതിഹാസമായ സത്യജിത് റായിയെക്കുറിച്ച് ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു. സത്യജിത് റായിയെ ഏറ്റവും മികച്ച ഇന്ത്യൻ ചലച്ചിത്രകാരന്മാരിൽ ഒരാൾ എന്നാണ് നോളൻ വിശേഷിപ്പിച്ചത്. ന്യൂയോർക്കിലെ ക്രൈറ്റീരിയൻ ക്ലോസെറ്റിൽ സന്ദർശനം നടത്തിയ വേളയിലാണ് നോളൻ റേയുടെ വിഖ്യാതമായ 'അപു ത്രയ'ത്തെ (The Apu Trilogy) പ്രശംസിച്ചത്. സിനിമയുടെ ലോകത്തെ സ്വാധീനിച്ച ചിത്രങ്ങളെക്കുറിച്ച് സംസാരിക്കാൻ പലപ്പോഴും സംവിധായകരും നടന്മാരും കലാകാരന്മാരും എത്തുന്ന ഇടമാണ് 'ക്രൈറ്റീരിയൻ ക്ലോസെറ്റ്'.
ലോകമെമ്പാടുമുള്ള ആയിരത്തിലധികം ക്ലാസിക് സിനിമകൾ സൂക്ഷിക്കുന്ന 'ക്രൈറ്റീരിയൻ കളക്ഷൻ'ന്റെ ഭാഗമായ ക്ലോസെറ്റിൽ നിന്ന് നോളൻ തിരഞ്ഞെടുത്ത മികച്ച സിനിമകളിൽ റേയുടെ പ്രശസ്തമായ ട്രിലോജിയും ഉൾപ്പെടുന്നു. സത്യജിത് റായിയുടെ ആദ്യ ചിത്രമായ 'പഥേർ പാഞ്ചാലി' കണ്ടപ്പോൾ ആ ചിത്രം തന്നെ അത്ഭുതപ്പെടുത്തി എന്നാണ് നോളൻ പറഞ്ഞത്. "ആ ചിത്രം എന്റെ മനസ്സിനെ പിടിച്ചുലച്ചു" എന്ന് വെളിപ്പെടുത്തിയ അദ്ദേഹം, റേയുടെ സിനിമകളുടെ കരുത്തിനെ പുകഴ്ത്തി. അപു ത്രയത്തിലെ ബാക്കി രണ്ട് ഭാഗങ്ങൾ ഇതുവരെ കണ്ടിട്ടില്ലെന്നും, അദ്ദേഹം പറഞ്ഞു.
https://www.instagram.com/reels/DbOLpLdAtCw/
"ഏറ്റവും മികച്ച ഇന്ത്യൻ സംവിധായകരിൽ ഒരാളായ സത്യജിത് റായിയുടെ 'അപു ട്രിലോജി' ഇവിടെയുണ്ട്. ട്രിലോജി ആരംഭിക്കുന്നത് 'പഥേർ പാഞ്ചാലി'യിൽ നിന്നാണ്, അത് ശരിക്കും വിസ്മയിപ്പിക്കുന്ന ചിത്രമാണ്. ആ ചിത്രം എന്നെ അത്ഭുതപ്പെടുത്തി. ട്രിലോജിയിലെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഞാൻ ഇതുവരെ കണ്ടിട്ടില്ല. അതിനുവേണ്ടി ഞാൻ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്," നോളൻ കൂട്ടിച്ചേർത്തു.
ഇന്ത്യൻ പ്രേക്ഷകർക്ക് സിനിമയോടുള്ള കാഴ്ചപ്പാടും താല്പര്യവും ലോകത്ത് മറ്റെവിടെയും കാണാൻ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രിസ്റ്റഫർ നോളന് ഇന്ത്യയുമായി പണ്ടുമുതലേ അടുത്ത ബന്ധമാണുള്ളത്. തന്റെ പുതിയ ചിത്രമായ 'ദി ഒഡീസി'യുടെ പ്രചാരണത്തിന്റെ ഭാഗമായി അദ്ദേഹം അടുത്തിടെ ഇന്ത്യ സന്ദർശിച്ചിരുന്നു. മുൻപ് 'ടെനറ്റ്' എന്ന സിനിമയുടെ ചിത്രീകരണത്തിനായി മുംബൈയിലും, 'ദി ഡാർക്ക് നൈറ്റ് റൈസസ്' എന്ന ചിത്രത്തിനായി ജോധ്പൂരിലും അദ്ദേഹം എത്തിയിട്ടുണ്ട്.
ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ നോവലിനെ ആസ്പദമാക്കി റായ് സംവിധാനം ചെയ്ത 'അപു ത്രയം' ലോകസിനിമയിലെ തന്നെ മികച്ച സൃഷ്ടികളിലൊന്നായി കണക്കാക്കപ്പെടുന്നു. ഗ്രാമീണ ബംഗാളിലെ ദാരിദ്ര്യത്തോടു പൊരുതുന്ന അപുവിന്റെയും കുടുംബത്തിന്റെയും കഥയാണ് 'പഥേർ പാഞ്ചാലി' കൈകാര്യം ചെയ്യുന്നത്. തുടർന്ന് 'അപരാജിതോ' (1956), 'അപുർ സൻസാർ' (1959) എന്നീ ചിത്രങ്ങളിലൂടെ അപുവിന്റെ ബാല്യം മുതൽ യൗവനം വരെയുള്ള ജീവിതയാത്ര സത്യജിത് റായി മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
നിലവിൽ ആഗോള ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റമാണ് നോളൻ സംവിധാനംചെയ്ത 'ദി ഒഡീസി' കാഴ്ചവെക്കുന്നത്. ഇതിനോടകം തന്നെ ചിത്രം 700 ദശലക്ഷം ഡോളറിനോട് അടുത്ത വരുമാനം നേടിയിട്ടുണ്ട്. മാറ്റ് ഡാമൺ, ടോം ഹോളണ്ട്, സെൻഡയ, ആനി ഹാതവേ, റോബർട്ട് പാറ്റിൻസൺ, ചാർലിസ് തെറോൺ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം നോളന്റെ മുൻ ചിത്രമായ 'ഓപ്പൺഹൈമറി'ന്റെ റെക്കോർഡുകളെപ്പോലും മറികടന്ന് മുന്നേറുകയാണ്.
Content Highlights: Hollywood filmmaker Christopher Nolan expressed his admiration for legendary Indian director Satyajit Ray, revealing during a visit to the Criterion Closet that Ray's masterpiece 'Pather Panchali' completely blew his mind.