‘കഴിവോ, കഠിനാധ്വാനമോ അല്ല, എന്റെ വിജയരഹസ്യം നീയാണ്’; ഭാര്യക്ക് ആശംസയുമായി ചിരഞ്ജീവി

പ്രിയപത്നിക്ക് പിറന്നാളാശംസയേകി കുറിപ്പ് പങ്കുവെച്ച് തെന്നിന്ത്യൻ താരം ചിരഞ്ജീവി. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഭാര്യ സുരേഖ കൊനിഡേലയ്ക്ക് ചിരഞ്ജീവി പിറന്നാളാശംസ നേർന്നത്.
1980 ഫെബ്രുവരി ഇരുപതിന് വിവാഹിതരായ നാൾ മുതൽ തന്റെ ഏറ്റവും വലിയ കരുത്തായി തുടരുന്നയാളാണ് സുരേഖയെന്ന് ചിരഞ്ജീവി കുറിച്ചു. കുടുംബാംഗങ്ങളെ സ്നേഹത്താൽ ബന്ധിപ്പിക്കുന്ന കുടുംബത്തിലെ കേന്ദ്രബിന്ദുവാണ് സുരേഖ. തന്റെ കുടുംബാംഗങ്ങളെ സുരേഖ അവളുടേതുപോലെ കാണുകയും ഓരോ നിമിഷവും അവർക്കൊപ്പം നിലകൊള്ളുകയും മാതാപിതാക്കൾക്ക് മകളാവുകയും ചെയ്തുവെന്ന് ചിരഞ്ജീവി കുറിച്ചു.
എന്റെ വിജയത്തിന്റെ രഹസ്യം എന്താണെന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ, അത് എന്റെ കഴിവോ കഠിനാധ്വാനമോ അല്ല, നീയാണ് കാരണം. നീ എല്ലാ ഉത്തരവാദിത്തങ്ങളും ശാന്തമായി നിർവഹിച്ചതിനാൽ എനിക്ക് പ്രൊഫഷനിൽ പൂർണമായും ശ്രദ്ധകേന്ദ്രീകരിക്കാനായി.- ചിരഞ്ജീവി കുറിച്ചു.
ഓരോ പ്രതിസന്ധികളിലും ആഘോഷങ്ങളിലും എല്ലാവരേയും ചേർത്തുനിർത്തുന്നത് സുരേഖയാണെന്നും ചിരഞ്ജീവി പറയുന്നു. സുരേഖ തന്റെ ഭാര്യ മാത്രമല്ല, കരുത്തും പിന്തുണയും സമാധാനവുമാണ്. താൻ ഇന്നത്തെ താനാവാൻ കാരണം ഭാര്യയാണെന്നും പറഞ്ഞാണ് ചിരഞ്ജീവി കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlights: South Indian superstar Chiranjeevi shares a heartwarming birthday message for his wife, Surekha Konidela