കോപ്പിയടി ആരോപണം; ഗായിക ചിന്മയി ശ്രീപദയ്ക്ക് വക്കീൽ നോട്ടീസ്

ഗായിക ചിന്മയി ശ്രീപദയ്ക്ക് വക്കീൽ നോട്ടീസ്. തമിഴ് ഗാനമായ 'വാന്മതി'യിലെ ഏതാനും വരികൾ അനുവാദമില്ലാതെ പകർത്തിയെന്നാണ് ആരോപണം. ഗായിക കൗശികി ചക്രവർത്തിയാണ് നോട്ടീസ് അയച്ചത്. ചിന്മയിക്ക് പുറമേ സംഗീത സംവിധായകൻ ഷബീർ സുൽത്താനും നോട്ടീസുണ്ട്. അതേസമയം, വരികൾ കോപ്പിയടിയാണെന്ന് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് ചിന്മയി പ്രതികരിച്ചു.
2015-ൽ ദർബാർ ഫെസ്റ്റിവലിൽ താൻ ആലപിച്ച സംഗീത ഭാഗങ്ങൾ അനുമതിയോ ക്രെഡിറ്റോ നൽകാതെ 'വാന്മതി' എന്ന ഗാനത്തിൽ ഉപയോഗിച്ചതായി കൗശികി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ആരോപിച്ചു. നിയമനടപടികളിലേക്ക് കടക്കുന്നതിന് മുൻപ് വിഷയം സംസാരിച്ച് തീർക്കാൻ ശ്രമിച്ചിരുന്നു. ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് വക്കീൽ നോട്ടീസ് അയച്ചതെന്നും അവർ വ്യക്തമാക്കി.
ആരോപണത്തെ തുടർന്ന് ഷബീർ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് ഈ ഗാനം പിൻവലിച്ചിട്ടുണ്ട്. കൗശികി ചക്രവർത്തിയുടെ നോട്ടീസ് ലഭിച്ചതായി ചിന്മയി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സ്ഥിരീകരിച്ചു. 'ഒരു റെക്കോർഡിങ് ആർട്ടിസ്റ്റ് എന്ന നിലയിൽ പാട്ടിലെ എന്റെ ഭാഗങ്ങൾ പാടുക മാത്രമാണ് ഞാൻ ചെയ്തത്. നോട്ടീസും ഇൻസ്റ്റാഗ്രാം റീലും വരുന്നതുവരെ ഗാനത്തിൽ കോപ്പിയടിച്ച ഭാഗങ്ങൾ ഉണ്ടെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു,' ചിന്മയി കുറിച്ചു. അതേസമയം, വിഷയത്തിൽ ഷബീർ സുൽത്താൻ ഇതുവരെ പരസ്യ പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
Content Highlights: Classical singer Kaushiki Chakraborty sent a legal notice to singer Chinmayi Sripada and music director Shabir Sulthan. Kaushiki accused them of using musical portions from her 2015 Darbar Festival performance in the Tamil song 'Vaanmathi' without permission or credit. Chinmayi responded stating she was solely a recording artist for the track and was unaware of any copied content prior to the notice. Music composer Shabir Sulthan removed the song from his social media platforms following the allegations. Kaushiki clarified that she initiated legal action after direct discussions to resolve the matter failed.