ചെന്നൈ എക്സ്പ്രസ് നിര്‍മാതാവ് കരീം മൊറാനിയ്ക്കും കോവിഡ്-19

-
-

മകള്‍ക്ക് പിന്നാലെ ചെന്നൈ എക്സ്പ്രസ് നിര്‍മാതാവ് കരീം മൊറാനിയ്ക്കും കോവിഡ്-19. മകള്‍ ഷാസയില്‍ നിന്നാണ് കരീമിന് കൊറോണ വൈറസ് രോഗം ലഭിച്ചത് എന്നാണ് കരുതുന്നത്. ഭാര്യയുടെ പരിശോധനാഫലം നെഗറ്റീവാണ്.

അറുപതിലേറെ വയസ്സു പ്രായമുള്ള കരീം ഒരു രണ്ട് അറ്റാക്കുകളും ഒരു ബൈപാസ് സര്‍ജറിയും അതിജീവിച്ച ഹൃദ്രോഗി കൂടിയാണ്. രോഗമുണ്ടെന്ന് കണ്ടെത്തിയെങ്കിലും ലക്ഷണങ്ങളൊന്നും തന്നെ കാണിച്ചിരുന്നില്ല.

ശ്രീലങ്കയിലായിരുന്ന ഷാസ മൊറാനി മാര്‍ച്ച് ആദ്യവാരത്തിലാണ് മുബൈയിലെത്തിയത്. ആ സമയത്ത് മകള്‍ക്ക് കൊറോണ ലക്ഷണങ്ങള്‍ ഒന്നുംതന്നെ ഇല്ലായിരുന്നുവെന്ന് കരീം മാധ്യമങ്ങോട് പറഞ്ഞിരുന്നു. എന്നാല്‍ ഷാസയുടെ അനിയത്തി സോയക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. സോയ മാര്‍ച്ച് 15 വരെ രാജസ്ഥാനിലായിരുന്നു, പിന്നെയാണ് മുബൈയിലേക്ക് വന്നത്. 

സോയയില്‍ രോഗലക്ഷണങ്ങള്‍ കണ്ടത് കൊണ്ടാണ് രണ്ടുപേരെയും ടെസ്റ്റിന് വിധേയരാക്കാന്‍ തീരുമാനിച്ചത്. ഫലം വന്നപ്പോള്‍ സോയക്ക് നെഗറ്റീവായിരുന്നു. പക്ഷേ രണ്ടുപേരോടും ക്വാറന്റീനില്‍ തുടരാന്‍ ആശുപത്രിയില്‍ നിന്നും നിര്‍ദേശിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുബൈയിലെ നാനാവതി ആശുപത്രിയിലാണ് ഷാസയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സോയയുടെ ഫലങ്ങള്‍ നെഗറ്റീവാണെങ്കിലും ഷാസയുടെയൊപ്പം തന്നെ സോയയും ഐസൊലേഷനില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരം.

1991-ല്‍ ഇറങ്ങിയ സഞ്ജയ് ദത്ത് അഭിനയിച്ച യോദ്ധയാണ് കരീം മൊറാനി നിര്‍മിച്ച ആദ്യ സിനിമ. പിന്നീട് ബോളിവുഡില്‍ തന്നെ ദം, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍, ദില്‍വാലെ തുടങ്ങിയ സിനിമകളും കരീം നിര്‍മിച്ചിട്ടുണ്ട്.

Content Highlights : chennai express movie producer karim morani tests covid 19 positive 

Content Highlights: