മനുഷ്യനെ തിന്നുന്ന രംഗം: ‘കേരളാ സ്റ്റോറി’ സംവിധായകന്റെ പുതിയ ചിത്രത്തിന് പ്രദർശനാനുമതി നൽകാതെ CBFC

കേരളാ സ്റ്റോറി എന്ന ചിത്രം സംവിധാനം ചെയ്ത് മലയാളികളുടെ രൂക്ഷവിമർശനത്തിന് വിധേയനായ സംവിധായകനാണ് സുദീപ്തോ സെൻ. ഇതേ ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചതും വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ഇദ്ദേഹത്തിന്റെ ചരക് എന്ന പുതിയ ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചിരിക്കുകയാണ്. എന്തുകാരണത്താലാണ് സർട്ടിഫിക്കറ്റ് നിഷേധിച്ചതെന്ന കാര്യത്തിൽ തനിക്ക് വ്യക്തതയില്ലെന്ന് സംവിധായകൻ പ്രതികരിച്ചു.
"എന്തിനാണ് അനുമതി നിഷേധിച്ചതെന്ന് എനിക്ക് സത്യമായും ഒരു വ്യക്തതയുമില്ല. സിനിമയുടെ നല്ലതിന് വേണ്ടി ചില കട്ടുകൾ വരുത്താനും ചില രംഗങ്ങൾ മാറ്റാനും ഞാൻ തയ്യാറാണ്. എന്നാൽ ഇപ്പോൾ എന്റെ സിനിമയെക്കുറിച്ച് വലിയൊരു ചോദ്യംതന്നെ ഉയർന്നു നിൽക്കുന്നു. എങ്കിലും എനിക്ക് പ്രതീക്ഷ മാത്രമേയുള്ളൂ. സെൻസർ ബോർഡുമായുള്ള അവസാന കൂടിക്കാഴ്ചയിൽ, സിനിമയെ സഹാനുഭൂതിയോടെ വിലയിരുത്തുമെന്ന് എന്നെ അറിയിച്ചിരുന്നു. ഞങ്ങൾ രേഖാമൂലമുള്ള വസ്തുതകളാണ് അവതരിപ്പിച്ചത്, സാങ്കൽപ്പിക കഥകളല്ല. എന്നിരുന്നാലും, സത്യം എല്ലായ്പ്പോഴും അസ്വസ്ഥതയുണ്ടാക്കുന്നതാണ്." ചരകിന് പ്രദർശനാനുമതി നിഷേധിക്കപ്പെട്ടതിനെക്കുറിച്ച് സുദീപ്തോ സെൻ പ്രതികരിച്ചതിങ്ങനെ.
മനുഷ്യരെ കൊന്ന് ആഹാരമാക്കുന്ന രംഗങ്ങളിൽ പലയിടത്തും എഡിറ്റിങ് നടത്തണമെന്ന് ബോർഡ് നിർദേശിച്ചതായി സുദീപ്തോ സെൻ പറഞ്ഞു. ചിത്രം ഒരു പ്രത്യയശാസ്ത്രപരമായ ചർച്ചയ്ക്ക് പ്രേരിപ്പിക്കാനല്ല ശ്രമിക്കുന്നത്. മറിച്ച് നിയമവിരുദ്ധവും അന്ധവിശ്വാസപരവുമായ രീതികൾ തുറന്നുകാട്ടാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
"വിശ്വാസത്തിന്റെ പേരിൽ എന്തെങ്കിലും നിയമവിരുദ്ധമായത് സംഭവിക്കുന്നുണ്ടെങ്കിൽ, സിനിമ മാറി നിൽക്കണോ? സമൂഹത്തിന് മുന്നിൽ വസ്തുതകൾ അവതരിപ്പിക്കുക എന്നതാണ് എന്റെ ജോലി. ഈ സിനിമയോടുള്ള ആദ്യത്തെയും അടിസ്ഥാനപരവുമായ പ്രതികരണം എനിക്ക് പ്രോത്സാഹനജനകമായി തോന്നിയിരുന്നില്ല. എന്നിരുന്നാലും, ടീസർ റിലീസിന് ശേഷം, നല്ല മനസ്സുള്ളവരിൽ നിന്ന് വലിയ പ്രതികരണമാണ് ലഭിച്ചത്," സുദിപ്തോ സെൻ കൂട്ടിച്ചേർത്തു.
അഞ്ജലി പാട്ടീൽ, സഹീദുർ റഹ്മാൻ, സുബ്രത് ദത്ത, ശശി ഭൂഷൺ, നൽനീഷ് നീൽ, ശങ്കദ്വീപ്, ശൗനക് ശ്യാമൽ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രം മാർച്ച് ആറിന് തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.
Content Highlights: Filmmaker Sudipto Sen`s new film `Charak` denied certification by CBFC. Director expresses frustration, seeks clarity on reasons for refusal, despite offering cuts.