‘പ്രതിഛായ മികച്ച സിനിമ, അപ്പ ഈസ് മൈ ഹീറോ’; ചിത്രം കണ്ടിറങ്ങിയ ചാണ്ടി ഉമ്മന്റെ പ്രതികരണം

കൊച്ചി: ബി. ഉണ്ണികൃഷ്ണൻ എഴുതി സംവിധാനം ചെയ്ത പ്രതിഛായ മികച്ച സിനിമയാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കേരളത്തിലെ ചില രാഷ്ടീയ സംഭവങ്ങൾ സിനിമയിൽ പരാമർശിക്കുന്നുണ്ട്, അത് ഫിക്ഷനായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സിനിമക്ക് നല്ല ഒറിജിനാലിറ്റിയുണ്ട്. നല്ലൊരു ശ്രമവും ഈ ചിത്രത്തിന് പിന്നിലുണ്ട്. സിനിമയാണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ, കോട്ടയം കറുകച്ചാലിലെ തിയേറ്ററിൽ സിനിമ കണ്ടതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ ചാണ്ടി ഉമ്മൻ പറഞ്ഞു.
നിവിൻ പോളിയടക്കം ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനം മികച്ചതാണെന്നും സംവിധാകനും ടീമിനും ആശംസകൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിവിൻ പോളി, ബാലചന്ദ്രമേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥപറയുന്ന ഫാമിലി ഇമോഷണൽ ഡ്രാമയാണ് പ്രതിഛായ. ഈ സിനിമ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കഥയാണോ ചിത്രം പറയുന്നത് എന്നതടക്കമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ പ്രതിഛായ ഉമ്മൻ ചാണ്ടിയുടെ ജീവിതകഥയല്ല എന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
ഷറഫുദ്ദീൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. മാർച്ച് 26-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
Content Highlights: Chandy Oommen MLA reviews the movie Prathichaya, Highlights the emotional connection to his father, Oommen Chandy, Praises the performance of Nivin Pauly and the film's originality, Views the political references in the film as fiction