നല്ല സിനിമകൾ തഴയപ്പെട്ട് സാധാരണ ചിത്രങ്ങൾ ആദരിക്കപ്പെടുമ്പോൾ ചോദ്യങ്ങളുയരും-ചന്തു സലിംകുമാർ

72-ാമത് ദേശീയ പുരസ്കാര വിതരണത്തിൽ നിരാശ പ്രകടിപ്പിച്ച് അന്തരിച്ച നടൻ സലിംകുമാറിന്റെ മകനും നടനുമായ ചന്തു സലിംകുമാർ. അവാർഡുകൾ മികവിന്റെ അടയാളങ്ങളായിരിക്കണമെന്നും ഭരണകക്ഷികളുമായുള്ള അടുപ്പത്തിന്റെ പുറത്തു ലഭിക്കേണ്ടവയല്ലെന്നും ചന്തു പറഞ്ഞു. സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ചന്തു പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചത്.
ഇന്ത്യൻ സിനിമയേക്കുറിച്ച് ഭാവിയിൽ പഠിക്കുന്ന കുട്ടികൾ അക്കാലത്തെ മികച്ച സിനിമകളെന്നുകരുതി കാണുമ്പോൾ അന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തെ അറിഞ്ഞിരിക്കില്ല എന്നും സ്ക്രീനിൽ കാണുന്നതുമാത്രം നോക്കി വിലയിരുത്തുമെന്നും ചന്തു കുറിച്ചു. നല്ല സിനിമകൾ അവഗണിക്കപ്പെട്ട് സാധാരണ ചിത്രങ്ങൾ ആദരിക്കപ്പെടുന്നതു കാണുമ്പോൾ സ്വാഭാവികമായും ചോദ്യങ്ങളുയരുമെന്നും ചന്തു കുറിച്ചു.
കുറിപ്പിലേക്ക്...
‘’ഇന്ത്യൻ സിനിമയുടെ ചരിത്രത്തേക്കുറിച്ച് 2050-ൽ പഠിക്കുന്ന ഒരു കുട്ടിയെ സങ്കൽപിക്കൂ. അവർ നാഷണൽ അവാർഡ് ജേതാക്കളുടെ പട്ടിക നോക്കുകയും ആഘോഷിക്കപ്പെട്ട ഓരോ സിനിമയും കാണുകയും ചെയ്യും. ആരായിരുന്നു അധികാരത്തിലെന്നോ, എന്തായിരുന്നു രാഷ്ട്രീയ പശ്ചാത്തലമെന്നോ അവർക്കറിയുന്നുണ്ടാവില്ല. അവർ സ്ക്രീനിൽ കാണുന്നതുമാത്രം നോക്കി വിലയിരുത്തും.
നല്ല സിനിമകൾ തഴയപ്പെട്ട് നിരവധി സാധാരണ ചിത്രങ്ങൾ ആദരിക്കപ്പെട്ടിരുന്നുവെന്ന് കാണുമ്പോൾ സ്വാഭാവികമായും അതെന്തുകൊണ്ടാണെന്ന് അവർ ചോദിക്കും. കഴിവിനേക്കാൾ ഭരണകക്ഷികളുമായുള്ള അടുപ്പമായിരുന്നു പുരസ്കാരങ്ങളെ സ്വാധീനിച്ചതെന്ന ഉത്തരം ആളുകൾ നൽകുമ്പോൾ, ചരിത്രം അതായിരിക്കും ഓർമിക്കുക. ട്രോഫി എന്നെന്നേക്കുമായി നിലകൊള്ളുമായിരിക്കും, പക്ഷേ അതുപോലെതന്നെ അതെങ്ങനെ നേടിയെന്ന ചോദ്യങ്ങളും നിലകൊള്ളും.
അവാർഡുകൾ സർക്കാരുകളേക്കാൾ കാലങ്ങളോളം അതിജീവിക്കേണ്ടവയാണ്. കലാപരമായ മികവിന്റെ അടയാളങ്ങളായിരിക്കണം അവ, അല്ലാതെ രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് ആയിരിക്കരുത്. അതിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടാൽ അക്കാലത്തെ മികച്ച ചിത്രങ്ങളായി ചരിത്രം അവയെ ഓർക്കില്ല. മികവിനേക്കാൾ അധികാരത്തിന് പ്രാധാന്യം ലഭിച്ചപ്പോൾ വിജയിച്ച ചിത്രങ്ങളായായിരിക്കും.’’
ചന്തു സലിംകുമാർ അഭിനയിച്ച മഞ്ഞുമ്മൽ ബോയ്സിന് പുരസ്കാരം തഴയപ്പെട്ടതിൽ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. സിനിമയ്ക്ക് പുരസ്കാരം ലഭിക്കാത്തതിൽ നിരാശയുണ്ടെന്ന് നടൻ ആസിഫ് അലിയും പ്രതികരിച്ചിരുന്നു. ചിദംബരം സംവിധാനം ചെയ്ത ചിത്രം മികച്ച ജനപ്രിയ ചിത്രം, മികച്ച സംവിധായകൻ, മികച്ച കലാസംവിധാനം എന്നീ അവാർഡുകൾക്കായി പരിഗണിക്കപ്പെട്ടിരുന്നുവെന്നാണ് സൂചന.
കേന്ദ്രസർക്കാരിന്റെ പ്രൊപ്പഗാൻഡ സിനിമകളെന്ന ആക്ഷേപം നേരിട്ട ആർട്ടിക്കിൾ 370, സ്വാതന്ത്ര്യ വീര സവർക്കർ എന്നിവയ്ക്ക് മികച്ച പരിഗണന കിട്ടുകയും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചെടുത്ത മഞ്ഞുമ്മൽ ബോയ്സ്, മലയാളത്തിൽനിന്നു തന്നെയുള്ള കിഷ്കിന്ധകാണ്ഡം തുടങ്ങിയ ചിത്രങ്ങളെ തഴയുകയും ചെയ്തത് ഏറെ ചർച്ചയായിരുന്നു.
Content Highlights: Chandu Salimkumar expresses disappointment over the 72nd National Film Awards., Argues that awards should reflect artistic merit rather than political proximity., Concerns raised about how future generations will perceive cinema history.