കുറ്റാനേഷ്വണത്തിന് പിന്നിലെ ആ തലച്ചോർ; 'സിബിഐ 5 ദി ബ്രെയ്ൻ'

മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടു. സിബിഐ 5 ദി ബ്രെയ്ൻ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. സിബിഐ സീരീസിന്റെ മാസ്റ്റർപീസ് തീം മ്യൂസിക്കിന്റെ അകമ്പടിയോടെയാണ് ടൈറ്റിൽ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. സ്വർഗചിത്ര അപ്പച്ചനാണ് നിർമാണം. മലയാള സിനിമയിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സ്വർഗ്ഗചിത്രയുടെ വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.
സേതുരാമയ്യർ സീരീസിലെ മുൻപിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്‌സോഫോസിൽ തരംഗമായതോടെ 1989-ൽ ജാഗ്രത എന്ന പേരിൽ രണ്ടാംവട്ടവും സേതുരാമയ്യരെത്തി. പ്രതീക്ഷ തെറ്റിക്കാതെ ജാഗ്രതയും ബോക്‌സോഫീസ് ഹിറ്റായി മാറി.
പിന്നീട് നീണ്ട ഇടവേളയ്ക്കുശേഷം 2004-ൽ സേതുരാമയ്യർ സിബിഐ, 2005-ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും എത്തി. നാലുഭാഗങ്ങളും പ്രദർശനവിജയം നേടിയ മലയാളത്തിലെ തന്നെ അപൂർവചിത്രമെന്ന റെക്കോഡും സേതുരാമയ്യർക്ക് സ്വന്തം. 13 വർഷങ്ങൾക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗമൊരുങ്ങുന്നത്.
ഒരേ നടനും സംവിധായകനും തിരക്കഥാകൃത്തുമായി ഒരു സിനിമയുടെ അഞ്ചാം ഭാഗം എന്നത് ലോക സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമാണ്.
മമ്മൂട്ടിയോടൊപ്പം രഞ്ജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ,മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട്, ഹരീഷ് രാജു,ഇടവേള ബാബു,ആശാ ശരത്ത്, കനിഹ,മാളവിക മേനോൻ, അൻസിബ,മാളവിക നായർ മായാ വിശ്വനാഥ്,സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ശ്യാം ഒരുക്കിയ പ്രസിദ്ധമായ തീം മ്യൂസിക്കിനെ പുതിയ കാലത്തിലേക്ക് ഒരുക്കി അവതരിപ്പിക്കുന്നത് യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ ജേക്സ് ബിജോയ് ആണ്. സൈന വീഡിയോസ് റെക്കോർഡ് തുകയ്ക്കാണ് മ്യൂസിക് റൈറ്റ് സ്വന്തമാക്കിയത്. യുവനിരയിൽ ശ്രദ്ധേയനായ അഖിൽ ജോർജ്ജ് ആണ് ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിങ് ശ്രീകർ പ്രസാദ്.
ബാനർ- സ്വർഗ്ഗചിത്ര, നിർമാണം- അപ്പച്ചൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ബാബു ഷാഹിർ, അസോസിയേറ്റ് ഡയറക്ടർ -ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, സ്റ്റുഡിയോ -സപ്ത റെക്കോർഡ്സ്, ആർട്ട് ഡയറക്ടർ -സിറിൾ കുരുവിള, കോസ്റ്റ്യൂം- സ്റ്റെഫി സേവ്യർ, മേക്കപ്പ്- പ്രദീപ് രംഗൻ, സ്റ്റിൽസ്- സലീഷ് ഷ് കുമാർ, വിതരണം - സ്വർഗ്ഗചിത്ര, പി ആർ ഒ -മഞ്ജു ഗോപിനാഥ്, മീഡിയ മാർക്കറ്റിംഗ് - മമ്മൂട്ടി ടൈംസ്.
Content Highlights : CBI 5 The Brain, Mammootty, K Madhu, SN Swamy, CBI Series, Sethurama Iyyer
Content Highlights: CBI 5 The Brain, Mammootty, K Madhu, SN Swamy, CBI Series, Sethurama Iyyer