‘പെട്ടെന്നുണ്ടായ സ്ട്രോക്ക്, സുഖം പ്രാപിക്കുന്നു’; ഷുക്കൂർ വക്കീലിന് വേണ്ടി പ്രാർഥിക്കണമെന്ന് സഹോദരൻ

ചികിത്സയിലുള്ള നടനും അഭിഭാഷകനുമായ സി. ഷുക്കൂറിനുവേണ്ടി പ്രാർഥിക്കണമെന്ന അഭ്യർഥനയുമായി സഹോദരൻ മുനീർ അൽവഫ. ജനുവരി 26-ന് സ്‌ട്രോക്കിനെത്തുടർന്ന് ഷുക്കൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മുനീർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ അറിയിച്ചു. പെട്ടെന്നുതന്നെ ചികിത്സ ലഭ്യമായതിനാൽ ജീവൻ തിരിച്ചുകിട്ടി സുഖം പ്രാപിച്ചുവരികയാണെന്ന് സഹോദരൻ വ്യക്തമാക്കി.
'എന്റെ മൂത്ത സഹോദരൻ ഷുക്കൂർ വക്കീലിന് കഴിഞ്ഞ ജനുവരി 26-ന് പെട്ടെന്നുണ്ടായ ഒരു സ്‌ട്രോക്ക് കാരണം കാസർകോട് ആസ്റ്റർ മിംസിലേക്ക് എത്തിച്ചു. പടച്ചവന്റെ അനുഗ്രഹംകൊണ്ടും വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് ചികിത്സ ലഭ്യമായതുകൊണ്ടും ജീവൻ തിരിച്ചു കിട്ടി സുഖം പ്രാപിച്ചുവരികയാണ്. സംസാരിക്കുന്നുണ്ട്, ഭക്ഷണം കഴിക്കുന്നുണ്ട്, എല്ലാം ചെയ്യുന്നുണ്ട്. പക്ഷേ, ഇടതുഭാഗത്ത് ചെറിയ ഒരു ബുദ്ധിമുട്ടുണ്ട്', മുനീർ അറിയിച്ചു.
'നിങ്ങളുടെ എല്ലാവരുടെയും പ്രാർഥന എന്റെ ജേഷ്ഠനുവേണ്ടിയുണ്ടാവണം. എന്റെ നാട്ടുകാര്, സുഹൃത്തുക്കൾ, ഷുക്കൂറിന്റെ സുഹൃത്തുക്കൾ, നാട്ടുകാര്, ബന്ധുക്കൾ, അവർ അറിയുന്ന മുഴുവൻ ആൾക്കാരോടും അപേക്ഷിക്കാനുള്ളത്, ജേഷ്ഠൻപെട്ടെന്ന് സുഖം പ്രാപിച്ച് പൂർവസ്ഥിതിയിലേക്കുവരാൻ നിങ്ങൾ എല്ലാവരും പ്രാർഥിക്കണമെന്നുള്ള അഭ്യർഥനയാണ് എനിക്കുള്ളത്. ഒരുപക്ഷേ, അദ്ദേഹത്തിന്റെ എഴുത്തുകൊണ്ടോ വാക്കുകൾകൊണ്ടോ പ്രവൃത്തികൊണ്ടോ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടാവാം, ഇല്ലായിരിക്കാം. ആർക്കെങ്കിലും മനസിൽ എന്തെങ്കിലും വിഷമം തോന്നുന്നുണ്ടെങ്കിൽ അത് പൊറുത്തു കൊടുക്കണമെന്നുകൂടി ഞാൻ ഈ സമയത്ത് നിങ്ങളോട് അഭ്യർഥിക്കുകയാണ്. അദ്ദേഹം പൂർണ്ണ ആരോഗ്യസ്ഥിതിയിലേക്ക് എത്താൻ വേണ്ടി നിങ്ങൾ എല്ലാവരും പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു.
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനംചെയ്ത 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടേയാണ് അഡ്വ. ഷുക്കൂർ സിനിമയിൽ താരമായത്. അഭിഭാഷകൻ കൂടിയായ ഷുക്കൂർ, ഭാവന നായികയായ 'അനോമി'യിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. എംജി സർവകലാശാല മുൻ പ്രൊ- വൈസ് ചാൻസലറും കണ്ണൂർ സർവകലാശാല നിയമപഠനവകുപ്പ് മേധാവിയുമായ ഡോ. ഷീന ഷുക്കൂർ ആണ് ഭാര്യ.
Content Highlights: Actor and Advocate C. Shukkur Recovers After Sudden Stroke; Family Seeks Prayers