2 കോടി ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചത് ആരാണെന്നറിയില്ല;ആരോപണങ്ങൾ പിൻവലിച്ച് ബൊമ്മനും ബെല്ലിയും

ചെന്നൈ: ഓസ്‌കർ പുരസ്കാരം നേടിയ ‘എലഫെന്റ് വിസ്പറേഴ്‌സ് ‘എന്ന ഡോക്യുമെന്ററിയുടെ സംവിധായികയ്ക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾ ചിത്രത്തിലെ കഥാപാത്രങ്ങളായ ബൊമ്മനും ബെല്ലിയും പിൻവലിച്ചു. രണ്ടു കോടിരൂപ ആവശ്യപ്പെട്ട് സംവിധായിക കാർത്തികി ഗൊൺസാൽവസിന് വക്കീൽ നോട്ടീസയച്ചത് തങ്ങളുടെ അറിവോടുകൂടിയല്ലെന്നും അവർ വിശദീകരിച്ചു.
തമിഴ്‌നാട്ടിലെ മുതുമല തെപ്പക്കാട് ആനവളർത്തൽകേന്ദ്രത്തിൽ അനാഥരായ ആനക്കുട്ടികളെ പരിപാലിക്കുന്ന ബൊമ്മനും ഭാര്യ ബെല്ലിയും ‘എലഫെന്റ് വിസ്പറേഴ്‌സ്’ എന്ന ഡോക്യുമെന്ററിയിലൂടെയാണ് ലോകപ്രശസ്തരായത്. സിനിമയ്ക്ക് ഓസ്‌കർ ലഭിച്ചതിനുപിന്നാലെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും തെപ്പക്കാട്ടെത്തി ഇവരെ കാണുകയും സംസ്ഥാന സർക്കാർ ബെള്ളിക്ക് ആനപരിപാലകയായി നിയമനം നൽകുകയുംചെയ്തിരുന്നു. അതിനുപിന്നാലെയാണ് സിനിമയുടെ ശില്പികൾക്കെതിരേ ഇരുവരും ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയത്.
സംവിധായികയ്ക്ക് പുരസ്കാരങ്ങളും പണവും കിട്ടിയെങ്കിലും തങ്ങൾ അവഗണിക്കപ്പെട്ടുവെന്നായിരുന്നു ഇരുവരുടെയും പരാതി. പറഞ്ഞ പ്രതിഫലം ലഭിച്ചില്ല, വീടുനൽകാമെന്ന വാഗ്‌ദാനം പാലിച്ചില്ല, ചിത്രീകരണച്ചെലവിനായി കടം വാങ്ങിയ പണം തിരികെ തന്നില്ല, ഓസ്‌കർ പ്രതിമയിൽ തൊടാനും പിടിക്കാനും അനുവദിച്ചില്ല തുടങ്ങിയവയായിരുന്നു ആരോപണങ്ങൾ. ഈ നഷ്ടത്തിനെല്ലാം പരിഹാരമായി രണ്ടുകോടിരൂപ നൽകണമെന്നാവശ്യപ്പെട്ട് ഇവരുടെപേരിൽ കാർത്തികിക്കും നിർമാതാക്കൾക്കും വക്കീൽനോട്ടീസ് അയച്ചു. ജൂൺ 24-ന് തയ്യാറാക്കിയ നോട്ടീസിന്റെ വിവരം തിങ്കളാഴ്ചയാണ് പുറത്തുവന്നത്. ഇതു വാർത്തയായതോടെ, ബൊമ്മൻ നിഷേധവുമായെത്തി.
കാർത്തികിയും സിനിമയുടെ നിർമാതാക്കളും തങ്ങളുമായി സംസാരിച്ചതായും പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വ്യക്തമാക്കിയതായും രണ്ടുകോടിരൂപ ആവശ്യപ്പെട്ട് നോട്ടീസയച്ചത് ആരാണെന്നറിയില്ലെന്നും ബൊമ്മൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരാതിയുമായി മുന്നോട്ടുപോകേണ്ടെന്ന് ഇവർക്ക് ഉപദേശം ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
യുട്യൂബ് ചാനൽ അഭിമുഖത്തിൽ ബൊമ്മനും ബെല്ലിയും ഉയർത്തിയ ആരോപണങ്ങൾ കാർത്തികിയും നിർമാതാക്കളും നിഷേധിച്ചിരുന്നു. സിനിമയുമായി സഹകരിച്ചവർക്ക് ന്യായമായ പ്രതിഫലം നൽകിയിട്ടുണ്ടെന്നും ആരോടും പണം കടം വാങ്ങിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
Content Highlights: Bomman and Bellie denied knowledge of legal notice sent to The Elephant Whisperers producers