ഓസ്കർ ലഭിച്ചശേഷം അവരാകെ മാറി, ഞങ്ങളുടെ പണവും തിരികെ തന്നില്ല; ആരോപണങ്ങളുമായി ബൊമ്മനും ബെല്ലിയും

ഓസ്കർ പുരസ്കാരം ലഭിച്ച ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ചിത്രത്തിന്റെ സംവിധായികയ്ക്കും നിർമാതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഈ ചിത്രത്തിലൂടെ പ്രശസ്തരായ ദമ്പതിമാരായ ബൊമ്മനും ബെല്ലിയും. തങ്ങളെ സിനിമയുടെ നിർമാതാക്കൾ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നെന്ന് ബിഹൈൻഡ് വുഡ്സ് എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററിയുടെ സംവിധായിക കാർതികി ഗോൺസാൽവസ്, നിർമാതാക്കളായ സിഖ്യ എന്റർടെയിൻമെന്റ്സ് എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ബൊമ്മനും ബെല്ലിയും ഉന്നയിച്ചിരിക്കുന്നത്. ഡോക്യുമെന്ററിയുടെ ചിത്രീകരണസമയത്ത് സംവിധായികയ്ക്ക് തങ്ങളുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ദമ്പതിമാർ പറഞ്ഞു. ചിത്രത്തിന് ഓസ്കർ ലഭിച്ചതിനുശേഷം തങ്ങളുമായി അവർക്കുണ്ടായിരുന്ന ആശയവിനിമയത്തിൽ കാര്യമായ മാറ്റങ്ങളുണ്ടായി. കാർതികിയുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ലാത്ത അവസ്ഥയിലാണെന്നും ബൊമ്മനും ബെല്ലിയും പറഞ്ഞു.
സിനിമയ്ക്കായി ഒരു വിവാഹരംഗം ചിത്രീകരിക്കാന്‍ സ്വന്തം കയ്യിൽനിന്ന് പണം ചെലവാക്കിയ കഥയും ഇവർ പറഞ്ഞു. ബെല്ലിയുടെ പേരക്കുട്ടിയുടെ പഠനാവശ്യത്തിനായി കരുതിയ പണമാണ് ഡോക്യുമെന്ററിക്കായി മുടക്കിയതെന്ന് ദമ്പതിമാർ ആരോപിക്കുന്നു. “സിനിമയിലെ വിവാഹരംഗം ഒറ്റദിവസം കൊണ്ട് ചിത്രീകരിക്കണമെന്നാണ് കാർതികി ഗോൺസാൽവസ് പറഞ്ഞത്. വേണ്ടത്ര പണമില്ലാതിരുന്നതിനാൽ എവിടെനിന്നെങ്കിലും സംഘടിപ്പിക്കാനാവുമോ എന്ന് ചോദിച്ചു. ഒരു ലക്ഷം രൂപയ്ക്കടുത്ത് വരും. ചിത്രീകരണം കഴിഞ്ഞാൽ തിരികെ തരാമെന്ന് പറഞ്ഞിട്ടാണ് അത്രയും സംഖ്യ കൊടുത്തതെങ്കിലും ഇതുവരെ ആ പണം അവർ തിരികെ തന്നിട്ടില്ല. അവരെ വിളിക്കുമ്പോൾ തിരക്കാണെന്നും തിരികെ വിളിക്കാമെന്നുമാണ് പറയുന്നത്. പക്ഷേ ഇതുവരെയും വിളിച്ചിട്ടില്ല." ബൊമ്മനും ബെല്ലിയും ആരോപിച്ചു.
സിനിമയുടെ വിജയത്തിനുശേഷം നിർമാതാക്കൾ തങ്ങളോട് പെരുമാറിയ വിധത്തിലുള്ള അതൃപ്തിയും ഇരുവരും പ്രകടിപ്പിച്ചു. “ആദിവാസികൾ എന്ന തങ്ങളുടെ വ്യക്തിത്വത്തിന് ഡോക്യുമെന്ററിയെ ശ്രദ്ധേയമാക്കുന്നതിൽ നിർണായക പങ്കുണ്ട്. ആദരിക്കുന്ന ചടങ്ങിൽ ഓസ്കർ ശില്പത്തിൽ തൊടാൻ പോലും അനുവദിച്ചില്ല. ആ ഡോക്യുമെന്ററി പുറത്തിറങ്ങിയ ശേഷം തങ്ങൾക്ക് മനസ്സമാധാനം നഷ്ടപ്പെട്ടു. മുംബൈയിൽ നിന്ന് കോയമ്പത്തൂരെത്തിയ ശേഷം ഞങ്ങളുടെ ഗ്രാമത്തിലേക്ക് പോകാനുള്ള പണം കയ്യിലുണ്ടായിരുന്നില്ല. സിനിമക്കാരോട് ചോദിച്ചപ്പോൾ ഇപ്പോൾ കയ്യിലില്ലെന്നും സംഘടിപ്പിക്കാമെന്നുമായിരുന്നു മറുപടി. തരാനുള്ള തുക തന്നെന്ന് ഒരിക്കൽ കാർതികി പറഞ്ഞിരുന്നു. ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ വെറും 60 രൂപ മാത്രമായിരുന്നു അതിലുണ്ടായിരുന്നത്. " ബൊമ്മന്റെയും ബെല്ലിയുടേയും വാക്കുകൾ.
അതേസമയം ഈ ആരോപണങ്ങളോടുള്ള പ്രതികരണവുമായി പ്രസ്താവനയുമായി നിർമാതാക്കൾ രംഗത്തെത്തി. സിനിമയെടുക്കുമ്പോൾ തങ്ങൾ പ്രാധാന്യം നൽകിയത് ആനകളുടെ സംരക്ഷണം, ഇതിനായി വനംവകുപ്പും ബൊമ്മൻ-ബെല്ലി ദമ്പതിമാർ എന്നിവർ നടത്തുന്ന പ്രയത്നങ്ങളേക്കുറിച്ചുമാണെന്നാണ് ഇതിൽ പറയുന്നത്. എന്നാൽ ബൊമ്മനും ബെല്ലിയും ഉയർത്തിയ ആരോപണങ്ങളേക്കുറിച്ച് ഇവർ കൂടുതൽ വിശദീകരണമോ വ്യക്തതയോ നൽകിയിട്ടില്ല എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബെല്ലിയെ ഈയിടെ തമിഴ്നാട്ടിലെ ആദ്യ വനിതാ പാപ്പാനായി നിയമിച്ച് ഉത്തരവായിരുന്നു.
Content Highlights: bomman and bellie agianst the elephant whisperers documentary producers, oscar updates