'വിദ്യാർഥികൾക്ക് നീതി വേണം'; സോനം വാങ്ചുക്കിന് പിന്തുണയുമായി ഇമ്രാൻ ഖാനും സോനാക്ഷിയും ഫാത്തിമയും

#News desk
സോനം വാങ്ചുക്, ഇമ്രാൻ ഖാൻ, സൊനാക്ഷി സിൻഹ, ഫാത്തിമ സന ഷൈഖ്| ഫോട്ടോ: PTI, ANI
സോനം വാങ്ചുക്, ഇമ്രാൻ ഖാൻ, സൊനാക്ഷി സിൻഹ, ഫാത്തിമ സന ഷൈഖ്| ഫോട്ടോ: PTI, ANI

ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ പേപ്പർ ചോർച്ച വിവാദത്തിൽ ഡൽഹി ജന്തർ മന്ദിറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും ശാസ്ത്രജ്ഞനുമായ സോനം വാങ്ചുക്കിന് പിന്തുണയുമായി ബോളിവുഡ് താരങ്ങൾ. സമരം 19-ാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടന്മാരായ ഇമ്രാൻ ഖാൻ, സോനാക്ഷി സിൻഹ, ഫാത്തിമ സന ഷെയ്ഖ് എന്നിവർ വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് സോനം വാങ്ചുക് ഉപവാസം അനുഷ്ഠിക്കുന്നത്. അധികാരികളുടെ ഭാഗത്തുനിന്നും അടിയന്തരമായി മറുപടിയും ഉത്തരവാദിത്തത്തോടെയുള്ള നടപടിയും ഉണ്ടാകണമെന്ന് താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.

സുതാര്യത വേണം: ഇമ്രാൻ ഖാൻ

വിഷയത്തിൽ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇമ്രാൻ ഖാൻ തന്റെ  നിലപാട് വ്യക്തമാക്കിയത്. 

"ഇതൊരു രാഷ്ട്രീയ സംവാദമല്ല, അങ്ങനെ ആകാനും പാടില്ല. വിദ്യാർഥികൾ പൂർണ്ണമായ ആത്മാർത്ഥതയോടെ പരീക്ഷ എഴുതണമെന്ന് നമ്മൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ആ പരീക്ഷകൾ നടത്തുന്ന ഔദ്യോഗിക ബോഡികൾക്കും അതേ അളവിൽ ഉത്തരവാദിത്തവും സുതാര്യതയും ഉണ്ടാകണം. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ആത്മാർത്ഥമായ പരിശ്രമങ്ങളാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അനീതിക്കെതിരെ ശബ്ദമുയർത്തുന്നവർക്കൊപ്പം ഞാൻ നിൽക്കുന്നു’- ഇമ്രാൻ ഖാൻ കുറിച്ചു.

ആരോഗ്യം പണയപ്പെടുത്തിയുള്ള സമരം ഹൃദയഭേദകം: ഫാത്തിമ സന

രാജ്യത്തിന് ഏറെ സംഭാവനകൾ നൽകിയ ഒരു വ്യക്തിക്ക് തന്റെ ശബ്ദം അധികാരികളിൽ എത്തിക്കാൻ ആരോഗ്യം പണയപ്പെടുത്തേണ്ടി വരുന്നത് അങ്ങേയറ്റം ഹൃദയഭേദകമാണെന്ന് നടി ഫാത്തിമ സന ഷെയ്ഖ് പറഞ്ഞു. സമരപ്പന്തലിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട്, ഈ വിഷയം ചർച്ചയിലൂടെ എത്രയും വേഗം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കാൻ രാഷ്ട്രീയം മറന്ന് എല്ലാവരും ഒപ്പം നിൽക്കണമെന്നും അവർ ആവശ്യപ്പെട്ടു.

എന്തുകൊണ്ട് ആരും സംസാരിക്കുന്നില്ല?: സോനാക്ഷി സിൻഹ

സാധാരണയായി ഇത്തരം വിഷയങ്ങളിൽ പരസ്യ പ്രതികരണങ്ങൾ നടത്താത്ത നടി സോനാക്ഷി സിൻഹ, ഇത്തവണ വീഡിയോ സന്ദേശത്തിലൂടെയാണ് തന്റെ പ്രതിഷേധം അറിയിച്ചത്.

"രാജ്യത്തിന് വേണ്ടി ഇത്രയധികം നേട്ടങ്ങൾ കൈവരിച്ച ഒരു മനുഷ്യൻ കുട്ടികളുടെ ഭാവിക്ക് വേണ്ടി പട്ടിണി കിടക്കുകയാണ്. യുവാക്കൾ സത്യത്തിന് വേണ്ടി ശബ്ദമുയർത്തുന്നു. എന്നാൽ എന്തുകൊണ്ടാണ് ആരും അവരുമായി ഒരു ചർച്ചയ്ക്ക് പോലും തയ്യാറാകാത്തത്? ഈ മനുഷ്യന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുക?" സോനാക്ഷി വീഡിയോയിൽ പറയുന്നു. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശബാന ആസ്മി, സീനത്ത് അമൻ, പ്രകാശ് രാജ്, നസീറുദ്ദീൻൻ ഷാ, രത്ന പഥക് ഷാ, അഭയ് ഡിയോൾ തുടങ്ങിയ നിരവധി ചലച്ചിത്ര പ്രവർത്തകരും സോനം വാങ്ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: Prominent Bollywood actors, including Imran Khan, Sonakshi Sinha, and Fatima Sana Shaikh, have publicly backed activist Sonam Wangchuk's 19-day ongoing hunger strike at Jantar Mantar demanding justice and transparency over the NEET-UG paper leak controversy.