ഏവരും ആകാന്‍ ആഗ്രഹിച്ച ഹീറോയെന്ന് അക്ഷയ് കുമാര്‍, ഹൃദയത്തിലുണ്ടാകുമെന്ന് സഞ്ജയ് ദത്ത്

#Movies Desk
അന്തരിച്ച ബോളിവുഡ് താരം ധർമേന്ദ്ര | Photo by AFP
അന്തരിച്ച ബോളിവുഡ് താരം ധർമേന്ദ്ര | Photo by AFP

അന്തരിച്ച ഇതിഹാസ താരം ധര്‍മേന്ദ്രയെ അനുസ്മരിച്ച് ബോളിവുഡ് താരങ്ങള്‍. അക്ഷയ് കുമാര്‍, കരീന കപൂര്‍, മനോജ് ബാജ്‌പേയ്, സഞ്ജയ് ദത്ത് ഉള്‍പ്പടെയുള്ള താരങ്ങള്‍ ധര്‍മേന്ദ്രയെ അനുസ്മരിച്ച് പോസ്റ്റുകള്‍ പങ്കുവെച്ചു. ധര്‍മേന്ദ്ര, അമിതാബ് ബച്ചന്‍ എന്നിവരുടെ തലമുറയ്ക്ക് പിന്നാലെ എത്തിയവരാണ്, ഷാരൂഖും, അക്ഷയും, സഞ്ജയ് ദത്തുമെല്ലാം. അവര്‍ക്കെല്ലാം പ്രചോദനമായിരുന്ന താരങ്ങളിലൊരാളായിരുന്നു ധര്‍മേന്ദ്ര.

എല്ലാവരും ആകാന്‍ ആഗ്രഹിച്ച നായകന്‍ - അക്ഷയ് കുമാര്‍

എല്ലാവരും ആകാന്‍ ആഗ്രഹിച്ച നായകനായിരുന്നു ധര്‍മേന്ദ്ര ജിയെന്ന് അക്ഷയ് കുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ഇന്‍ഡസ്ട്രിയിലെ യഥാര്‍ത്ഥ ഹീ-മാന്‍ ആയിരുന്നു അദ്ദേഹം. തലമുറകള്‍ക്ക് പ്രചോദനമായതിന് നന്ദി. നിങ്ങളുടെ സിനിമകളിലൂടെയും നല്‍കിയ സ്‌നേഹത്തിലൂടെയും നിങ്ങള്‍ ജീവിക്കും. അക്ഷയ് കുമാര്‍ പറഞ്ഞു.

ചിലര്‍ നിങ്ങളുടെ ജീവിതത്തില്‍ മാത്രമല്ല ഹൃദയത്തിലും ജീവിക്കും - സഞ്ജയ് ദത്ത്

ചിലയാളുകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഒപ്പം പ്രവര്‍ത്തിക്കുക മാത്രമല്ല ഹൃദയത്തിലും ജീവിക്കും. ധരം ജി (ധര്‍മേന്ദ്ര) അതിലൊരാളായിരുന്നു. വിവരിക്കാനാവാത്ത ശൂന്യതയാണിത്. എന്റെ ചിന്തകള്‍ സണ്ണിക്കും, ബോബിക്കും മുഴുവന്‍ കുടുംബത്തിനുമൊപ്പമാണ്. സഞ്ജയ് പറഞ്ഞു.

അനുഗ്രഹം പോലെ ജീവിതങ്ങളെ സ്പര്‍ശിച്ച വ്യക്തി - സുസ്മിത സെന്‍

ധര്‍മേന്ദ്ര ഒരു ഇതിഹാസം തന്നെയായിരുന്നുവെന്നും അതിശയം തോന്നിപ്പിക്കുന്ന മനുഷ്യനായിരുന്നുവെന്നും സുസ്മിത സെന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. അദ്ദേഹത്തോടൊപ്പമുള്ള ഒരു ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പിലാണ് ധര്‍മേന്ദ്രയോടുള്ള തന്റെ സ്‌നേഹം സുസ്മിത  പങ്കുവെച്ചത്. 'അദ്ദേഹം ഒരു അനുഗ്രഹം പോലെ ജീവിതങ്ങളെ സ്പര്‍ശിച്ചു. അദ്ദേഹത്തിന്റെ ആലിംഗനങ്ങള്‍, ചിരി, ദയ, അപാരമായ നന്മ... എല്ലാം വളരെ സര്‍വ്വവ്യാപിയും ജീവിതത്തിന് ഊര്‍ജം നല്‍കുന്നതുമായിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങളില്‍ എന്റെ മുഖത്ത് തെളിയുന്ന സന്തോഷം, അദ്ദേഹം ഉള്‍കൊണ്ടിരുന്ന ഉദാരമായി പങ്കുവെച്ചിരുന്ന ഊര്‍ജത്തിന്റെ തെളിവാണ്.. ലോകത്തെ കണ്ടെത്തിയതിനേക്കാള്‍ സുന്ദരമാക്കിമാറ്റി വിട്ടുപോകുന്നവര്‍ ചുരുക്കമാണ്... ധരം ജി. നിങ്ങളിലൂടെ ആ കൃപയ്ക്ക് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ നന്ദിയുള്ളവളാണ്.' സുസ്മിത പറഞ്ഞു.

മഹാനായ കലാകാരന്‍, വലിയൊരു മനുഷ്യന്‍ - ജോണി ലിവര്‍

ധര്‍മേന്ദ്ര മഹാനായ കലാകാരനും അതിനേക്കാള്‍ വലിയ മനുഷ്യനും ആയിരുന്നുവെന്ന് ബോളിവുഡിലെ ഹാസ്യതാരമായ ജോണി  ലിവര്‍ അനുസ്മരിച്ചു. അത്യന്തം വിനയാന്വിതനും ദയാലുവുമായ ഒരു സൂപ്പര്‍സ്റ്റാര്‍ ആയിരുന്നു അദ്ദേഹമെന്നും. ജോണി പറഞ്ഞു. ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതായും കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Photo: Screengrab from www.instagram.com/kareenakapoorkhan/

ധര്‍മേന്ദ്രയുടെയും രാജ്കപൂറിന്റേയും ചിത്രങ്ങള്‍ പങ്കുവെച്ച കരീന

ധര്‍മേന്ദ്രയുടേയും രാജ് കപൂറിന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നടി കരീന കപൂര്‍ ധര്‍മേന്ദ്രയെ അനുസ്മരിച്ചത്. 'എപ്പോഴും ശക്തരായിരിക്കും' എന്ന കുറിപ്പും ഒപ്പം പങ്കുവെച്ചു.

ഇന്ത്യന്‍ സിനിമയിലെ അതികായനെ നഷ്ടമായി - ഭൂമി പഡ്‌നേകര്‍

ഇന്ത്യന്‍ സിനിമയിലെ അതികായനെ നമുക്ക് നഷ്ടമായെന്ന് ബോളിവുഡ് നടി ഭൂമി പഡ്‌നേകര്‍ പറഞ്ഞു. ധരം ജിയെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന് മിസ്സ് ചെയ്യും. നമ്മുടെ സാംസ്‌കാരിക ഓര്‍മകളില്‍ അവിഭാജ്യഘടകമായി എന്നെന്നും നിന്റെ പാരമ്പര്യം നിലനില്‍ക്കും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഭൂമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മാതാപിതാക്കളുടെ ഇഷ്ടതാരം - മനോജ് ബാജ്‌പേയി

വൈകാരികമായി കുറിപ്പാണ് ബോളിവുഡ് താരം മനോജ് ബാജ്‌പേയിയും പങ്കുവെച്ചത്. തന്റെ മാതാപിതാക്കളുടെ ഇഷ്ടതാരവും കുട്ടികാലത്തെ ഇഷ്ട നായകന്മാരില്‍ ഒരാളുമായിരുന്നു ധരം ജിയെന്ന് മനോജ് ബാജ് പേയ് പറഞ്ഞു. വ്യക്തിപരമായ നഷ്ടമാണിത്. അദ്ദേഹത്തിന്റെ സിനിമകള്‍, ആളുകളോടുള്ള സ്‌നേഹം കരുത്ത് എന്നിവയെല്ലാം നമ്മള്‍ക്കൊപ്പം നിലനില്‍ക്കും മനോജ് ബാജ്​പേയി പറഞ്ഞു.

ഡിസംബര്‍ എട്ടിന് 90-ാം പിറന്നാള്‍ ആഘോഷിക്കാന്‍ കേവലം 13 ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഇതിഹാസ ബോളിവുഡ് നടന്‍ ധര്‍മേന്ദ്രയുടെ വിയോഗം. ആക്ഷന്‍ ഹീറോ മുതല്‍ റൊമാന്റിക് വേഷങ്ങള്‍വരെ ചെയ്ത ധര്‍മേന്ദ്രയുടെ ആറുപതിറ്റാണ്ടുനീണ്ടുനിന്ന സിനിമാ ജീവിതത്തിനുകൂടിയാണ് അന്ത്യമാവുന്നത്. മുംബൈയിലെ പവന്‍ ഹാന്‍സ് ശ്മശാനത്തിലാണ് അന്ത്യകര്‍മങ്ങള്‍ നടക്കുക. ചലച്ചിത്ര പ്രവര്‍ത്തകരും കുടുംബാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്റെ പിതാവും എഴുത്തുകാരനുമായ സലിം ഖാന്‍, മുന്‍കാല നടി സൈറ ബാനു, ഗോവിന്ദ ഉള്‍പ്പടെ വിവിധ താരങ്ങളും അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നു.

Content Highlights: Bollywood icons like Akshay Kumar, Sanjay Dutt, and Kareena Kapoor pay heartfelt tribute to the legendary Dharmendra. Relive his iconic legacy and the impact he had on cinema.