രസകരമായ സംഭവവുമായി ബിജു മേനോൻ- സുരാജ് വെഞ്ഞാറമ്മൂട് കൂട്ടുകെട്ട്; വരുന്നൂ നടന്ന സംഭവം

നടന്ന സംഭവത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
നടന്ന സംഭവത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

ബിജു മേനോൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ഫാമിലി ഫൺ ഡ്രാമയായ നടന്ന സംഭവത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂൺ 21നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ജോണി ആന്റണി, ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ, ലാലു അലക്സ്  തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.  

ഒരു വില്ല കമ്യൂണിറ്റിയും അവിടെ നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രത്തെ സുരാജും അവതരിപ്പിക്കുന്നു. 

അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ​ഗോപിനാഥനാണ്. മാനുവൽ ക്രൂസ് ഡാർവിനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനേഷ് മാധവൻ. സം​ഗീതം അങ്കിത് മേനോൻ. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. 

കേരളത്തിൽ ഇരുന്നൂറോളം തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ഒരു മെക്സിക്കൻ അപാരത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ വരുന്ന ചിത്രമാണ് ഇത്.

Content Highlights: biju menon and suraj venjaramoodu starring nadanna sambhavam from june 21