ബജറ്റ് 101 കോടി, വരുമാനം 90% ഇടിഞ്ഞ് 'ഭോല ശങ്കര്‍'; 400 കോടിയുമായി 'ജയിലര്‍' കുതിക്കുന്നു

Jailer, Bhola Shankar
Jailer, Bhola Shankar

ചിരഞ്ജീവി നായകനായെത്തിയ പുതിയ ചിത്രം 'ഭോല ശങ്കര്‍' വന്‍പരാജയത്തിലേക്ക്. ആഗസ്റ്റ് 11-ന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം 16.5 കോടിയാണ് വരുമാനം നേടിയത്. ശനിയാഴ്ച വരുമാനം 70% ഇടിഞ്ഞു. ആഗസ്റ്റ് 15-ന് അവധിദിനം ആയിരുന്നിട്ടുകൂടി ആദ്യദിനത്തേക്കാള്‍ വരുമാനം 90% കുറഞ്ഞു.  ആകെ 23 കോടിയാണ് 'ഭോല ശങ്കര്‍' നാല് ദിവസങ്ങള്‍ കൊണ്ട് നേടിയത്. ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരിക്കുകയാണ് 'ഭോല ശങ്കര്‍'. 

രജിനികാന്തിന്റെ 'ജയിലറി'നൊപ്പം റിലീസ് ചെയ്തതാണ് 'ഭോല ശങ്കറി'ന് കൂടുതല്‍ വിനയായത്. ആദ്യദിനത്തില്‍ തന്നെ 'ജയിലര്‍' ആന്ധ്രയിലേയും തെലങ്കാനയിലേയും കളക്ഷനില്‍ 'ഭോല ശങ്കറി'നെ പിന്നിലാക്കി. ആദ്യ നാല് ദിനങ്ങള്‍ കൊണ്ട് 32 കോടി രൂപയാണ് 'ജയിലര്‍' ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നുമായി നേടിയത്.

ചിരഞ്ജീവിയ്ക്ക് പുറമേ തമന്ന ഭാട്ടിയ, കീര്‍ത്തി സുരേഷ് എന്നിവരാണ് 'ഭോല ശങ്കറി'ല്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കീര്‍ത്തിയാണ് ചിരഞ്ജീവിയുടെ കഥാപാത്രമായ ശങ്കറിന്റെ അനുജത്തിയായി വേഷമിടുന്നത്. തമന്ന പ്രണയിനിയായി വേഷമിടുന്നു. ശങ്കര്‍ എന്ന കഥാപാത്രം ചിരഞ്ജീവിയുടെ പ്രായത്തിന് ചേരുന്നതല്ലെന്നാണ് പ്രധാന വിമര്‍ശനം. 

അജിത് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ തെലുങ്ക് റീമേയ്ക്കാണ് ചിരഞ്ജീവിയുടെ 'ഭോല ശങ്കര്‍.' മെഹര്‍ രമേഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

അതേസമയം, നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത 'ജയിലര്‍' ആറാം ദിനത്തിലും മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ്. ഇന്ത്യയില് നിന്നും പുറത്തുനിന്നുമായി ആകെ 400 കോടിയോളം രൂപയാണ് വരുമാനം നേടിയിരിക്കുന്നത്. വിനായകന്‍, രമ്യ കൃഷ്ണന്‍, യോഗി ബാബു, തമന്ന തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൂടാതെ മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷ്‌റോഫ് എന്നിവര്‍ അതിഥിവേഷങ്ങളിലെത്തുന്നു. 

Content Highlights: Bhola Shankar, box office collection, Jailer, Rajinikanth, Chiranjeevi