‘സുഹൈലിന്റേത് പണത്തിന്റെ ഹുങ്ക്’; സംരക്ഷിക്കാൻ ശ്രമമെന്ന് ഭാഗ്യലക്ഷ്മി, കെ.പി ശശികലയ്ക്കും മറുപടി

നെടുമ്പാശ്ശേരിയിൽ കാറിടിച്ച് മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനോടും സമൂഹത്തിനോടും അഭ്യർഥനയുമായി ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. കേസിലെ പ്രതിയായ സുഹൈലിനെ സഹായിക്കുന്ന രീതിയിലേക്ക് കേരള പോലീസും ആഭ്യന്തരവകുപ്പും പോവരുതെന്ന് മന്ത്രി രമേശ് ചെന്നിത്തലയോട് ഭാഗ്യലക്ഷ്മി അഭ്യർഥിച്ചു. സുഹൈൽ കാണിച്ചത് തോന്നിവാസവും പണത്തിന്റെ ഹുങ്കുമാണ്. സമ്പത്തും സ്വാധീനവുമുള്ളവനെ സഹായിക്കുന്ന രീതിയിലാണ് നിയമം പലപ്പോഴും പ്രവർത്തിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. മരിച്ച യുവാക്കളെ അധിക്ഷേപിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്ക്കും ഭാഗ്യലക്ഷ്മി മറുപടി നൽകി.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ:
സുഹൈൽ ചെയ്തതിനെ അപകടം എന്നല്ല തോന്നിവാസം എന്നാണ് പറയേണ്ടത്. തോന്നിവാസം തന്നെയാണ് ആ കുട്ടി കാണിച്ചത്, പണത്തിന്റെ ഹുങ്ക്. ജീവിതത്തിൽ ചെയ്തിട്ടുള്ള പല തെറ്റുകൾക്കും ഉപ്പയും ഉമ്മയും ആ കുട്ടിയോടൊപ്പം നിന്നിട്ടുണ്ടായിരിക്കണം. അതുകൊണ്ടാണ് ആ കുട്ടി എന്റെ ഉപ്പ വരും എന്ന് പറഞ്ഞത്.
ഈ നാട്ടിൽ ഇത്ര സ്പീഡിലേ പോകാൻ പാടുള്ളൂ എന്ന് നമുക്ക് അറിയാം. സാധാരണക്കാർ സിഗ്നൽ കടന്നുപോയാലോ, അമിത വേഗത്തിൽ പോയാലോ നിങ്ങൾ നിയമം ലംഘിച്ചിരിക്കുന്നു എന്ന് ഉടൻ നോട്ടിഫിക്കേഷൻ വരും. ഈ കുട്ടിക്ക് അങ്ങനെയൊന്നും വന്നിട്ടുണ്ടാവില്ല. വന്നാൽ തന്നെ, ഒന്നും പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാതെ ഉമ്മയും ഉപ്പയും സഹായിച്ചിട്ടുണ്ടാവാം. അതിനാൽ ഈ രാജ്യത്ത് ഇത്തരം നിയമങ്ങളുണ്ടെന്ന് പറയാതെ പയ്യനെ വളർത്തിയതിന്റെ ഏറ്റവും വലിയ അഹങ്കാരമോ അഹംഭാവമോ ആണ് ആ കുട്ടി റോഡിൽ കാണിച്ചത്.
തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ 100-ലാണോ പോയത് എന്ന് പോലീസ് ചോദിക്കുമ്പോൾ പയ്യൻ 120-ലാണ് എന്ന് പറയുന്നുണ്ട്. പോലീസിന്റെ ചോദ്യങ്ങൾ ക്ലൂ ഇട്ടുകൊടുക്കുന്നതുപോലെ തോന്നുന്നു. സാമ്പത്തികവും സ്വാധീനവുമുള്ളവനെ സഹായിക്കുന്ന രീതിയിലാണ് നിയമം എപ്പോഴും പോയിക്കൊണ്ടിരിക്കുന്നത്. പലവിഷയങ്ങളിലും നമ്മളത് കാണുന്നുണ്ട്. പണമുള്ളവന് എന്തുചെയ്തിട്ടും ആ പണംകൊണ്ട് അവയെ മൂടിവെക്കാൻ സാധിക്കും.
മറ്റൊന്ന് ശശികല എന്ന സ്ത്രീ. അവരെ ഞാൻ പണ്ട് ടീച്ചർ എന്ന് വിളിക്കുമായിരുന്നു. ഇന്ന് എനിക്കതിന് തോന്നുന്നില്ല. രാത്രിയിൽ ചായ കുടിക്കാൻ പെൺകുട്ടികൾപോയതാണ് തെറ്റ് എന്ന് അവർ പറയുന്നു. ഡൽഹിയിൽ കൂട്ടബലാത്സംഗം നടന്നപ്പോൾ, അർധരാത്രി ബോയ്ഫ്രണ്ടുമായി പോയതുകൊണ്ടല്ലേ അങ്ങനെ സംഭവിച്ചത് എന്ന് ചോദിച്ച ആളുകൾ ഉണ്ടിവിടെ. സൗമ്യ ട്രെയ്നിൽ ലേഡീസ് കമ്പാർട്ട്മെന്റിലായിരുന്നു. അവൾ എന്തിനാണ് ഒറ്റയ്ക്ക് പോയത് എന്ന് ചോദിച്ചവരുണ്ടിവിടെ.
ഇവിടെ സ്ത്രീകൾ എട്ടുമണികഴിഞ്ഞാൽ ലൈറ്റ് ഓഫ് ചെയ്ത് വീട്ടിലിരുന്നോളണം. ഇതാണ് ഇവർ വിചാരിക്കുന്ന സ്വതന്ത്ര ഇന്ത്യ. സ്വാതന്ത്ര്യം എന്നാലെന്താണെന്ന് ഇവർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. അല്ലെങ്കിൽ ഇവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. സ്ത്രീകളെ ദ്രോഹിക്കാനാണ് ഇവർ സ്വാതന്ത്ര്യത്തെ കാണുന്നത്.
പണത്തിന്റെ സ്വാധീനത്തിൽ സർക്കാർ ഒപ്പം നിൽക്കില്ലെന്ന് ആഭ്യന്തരമന്ത്രി പറയുന്നത് കേട്ടു. വേണ്ടരീതിയിലുള്ള ശിക്ഷ കൊടുക്കുമെന്നും അദ്ദേഹം പറയുന്നത് കേട്ടു. കോടതി പയ്യനെ ബോർസ്റ്റൽ സ്കൂളിലേക്കാണ് അയച്ചത് എന്ന് പറയുന്നത് കേട്ടു. ഇങ്ങനെയൊരു ജയിൽ ഉണ്ടെന്ന് ഞാൻ ആദ്യമായാണ് കേൾക്കുന്നത്. അങ്ങനെയൊരു ജയിലിലേക്ക് ഇടണമെങ്കിൽ വ്യക്തമായ ധാരണയോടെയാണ് കോടതിയിൽ പോയി നിന്നത്. പ്രോസിക്യൂട്ടർക്ക് എതിർക്കാം. അവിടേക്കല്ല ഈ പയ്യനെ അയയ്ക്കേണ്ടത്. പയ്യൻ കൊച്ചുകുട്ടിയല്ല. കാര്യവിവരമുള്ള കുട്ടിയാണ്. വിവരമില്ലാത്ത പയ്യനല്ല. ഇവരെയെല്ലാം സംരക്ഷിക്കുന്ന രീതിയിലാണ് എല്ലാവരും പോയ്ക്കൊണ്ടിരിക്കുന്നത്.
പയ്യന് ശക്തമായ ശിക്ഷ കിട്ടണം. ആഭ്യന്തരമന്ത്രി, അങ്ങയുടെ വകുപ്പും പോലീസും പയ്യനെ സഹായിക്കുന്ന രീതിയിലേക്ക് ദയവുചെയ്ത് പോകരുത്. ഇനിയും ഇവിടെ കുട്ടികൾക്ക് ടൂവീലറുകളിൽ യാത്ര ചെയ്യണം. ജോലി കഴിഞ്ഞ് രാത്രിയിൽ സഞ്ചരിക്കുന്നവർ ഉണ്ടായിരിക്കാം, മറ്റുപല ആവശ്യങ്ങൾക്കായി പുറത്തുപോകുന്നവരുണ്ടായിരിക്കാം. പണ്ടത്തെ കാലമല്ല, ഇന്ന് കാലമില്ലാതെ പുരുഷനും സ്ത്രീയും ഒരുപോലെ അധ്വാനിക്കുന്ന കാലമാണ്.
ശശികലേ, നിങ്ങൾക്ക് പെൺമക്കൾ ഉണ്ടോയെന്ന് എനിക്ക് അറിയില്ല. ഉണ്ടെങ്കിൽ അവരുടെ കഷ്ടകാലമാണ്. ഇല്ലെങ്കിൽ നിങ്ങൾക്ക് പെൺകുട്ടി ഇല്ലാതെ പോയത് നന്നായി.
Content Highlights: Dubbing artist Bhagyalakshmi urged Home Minister Ramesh Chennithala and Kerala Police not to favor the accused Suhail in the Nedumbassery car accident case. She stated that Suhail's actions were caused by high speed and arrogant misuse of wealth. Bhagyalakshmi strongly criticized Hindu Aikya Vedi leader K.P. Sasikala for blaming the victims who went out late at night. She questioned the decision to send the mature accused to a Borstal school instead of a regular jail. She raised concerns over the police asking leading questions during evidence collection to potentially help the accused.