'താന്‍ എന്താണ് ചെയ്യുന്നതെന്ന് ഒരു നിമിഷം പോലും അദ്ദേഹം ചിന്തിച്ചില്ല'-മോഹന്‍ലാലിനെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മി/ മോഹൻലാല്‍ | Photo: Mathrubhumi
ഭാഗ്യലക്ഷ്മി/ മോഹൻലാല്‍ | Photo: Mathrubhumi

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിന് പിന്നാലെ മോഹന്‍ലാല്‍ ദിലീപ് ചിത്രം 'ഭഭബ'യുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി. താന്‍ ചെയ്യുന്നത് എന്താണെന്ന് മോഹന്‍ലാല്‍ ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ വേദിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. 'ഭഭബ'യില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.

കോടതിവിധിക്കുശേഷം പുറത്തുവന്ന ദിലീപ് 'കോടതി വിധി വന്നതില്‍ സന്തോഷമുണ്ട്, സത്യം ജയിച്ചു' എന്നെല്ലാം പറയുന്നതിന് പകരം അവിടേയും മറ്റൊരു സ്ത്രീയുടെ പേരാണ് പരാമര്‍ശിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി. മറ്റൊരു നടിയുടെ പേരാണ് അവിടേയും പറഞ്ഞതെന്നും അദ്ദേഹത്തിന്റെ വില്ലത്തരം ഇനിയും തീര്‍ന്നിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

'വിധി വന്ന അന്ന് തന്നെയല്ലേ നമ്മള്‍ ഏറ്റവും സ്‌നേഹിക്കുന്ന മോഹന്‍ലാല്‍ ആ പോസ്റ്റര്‍ റിലീസ് ചെയ്തത്. താന്‍ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷംപോലും ചിന്തിച്ചില്ലല്ലോ. അവന് വേണ്ടിയും ഞാന്‍ പ്രാര്‍ഥിക്കുന്നു. അവള്‍ക്ക് വേണ്ടിയും ഞാന്‍ പ്രാര്‍ഥിക്കുന്നു എന്ന് പറഞ്ഞതും നമ്മള്‍ കേട്ടു. ഇതിന് അപ്പുറമെന്നും അവള്‍ക്ക് അപമാനം സഹിക്കാനില്ല. രണ്ട് മണിക്കൂര്‍ ആ കാറിനുള്ളില്‍ സംഭവിച്ചതിനേക്കാള്‍ അപമാനം അടച്ചിട്ട കോടതി മുറിക്കുള്ളില്‍ അവള്‍ അനുഭവിച്ചു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആ കുറിപ്പ് തയ്യാറാക്കുന്ന തിരക്കിലായിരുന്നു എട്ടാം തിയ്യതി മുതല്‍ അവള്‍. ഇന്നലെ ഉച്ചയായപ്പോഴാണ് പറഞ്ഞത് ഏകദേശം എഴുതിക്കഴിഞ്ഞു പുറത്തുവിടാന്‍ പോകുകയാണെന്ന്. പലരും വിചാരിക്കുന്നുണ്ട് വന്ന വിധിയോട് കൂടി അവള്‍ തളര്‍ന്നു. ഇനി മുമ്പോട്ടില്ല എന്ന്. ഒരിഞ്ചു പോലും അവള്‍ തളര്‍ന്നിട്ടില്ല. അതിശക്തമായ തന്നെ മുമ്പോട്ടു സഞ്ചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിയമത്തിന്റെ ഏതറ്റം വരേയും പോകും. ഇതിന് അപ്പുറമെന്നും അനുഭവിക്കാനില്ല. പിആര്‍ വര്‍ക്ക് ചെയ്യുന്നവരോ ക്വട്ടേഷന്‍ കൊടുത്ത വ്യക്തിയോ അവളെ തളര്‍ത്താമെന്ന് വിചാരിക്കേണ്ട.'-ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

Content Highlights: bhagyalakshmi slams mohanlal sharing dileeps movie poster