മാസ് ഡയലോഗുകൾ, തീ പാറുന്ന ആക്ഷൻ രംഗങ്ങൾ; ബാലകൃഷ്ണയുടെ 'ഭഗവന്ത് കേസരി' ട്രെയിലർ

ഭ​ഗവന്ത് കേസരി ട്രെയിലറിൽ നിന്ന് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
ഭ​ഗവന്ത് കേസരി ട്രെയിലറിൽ നിന്ന് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

തെലുങ്ക് സൂപ്പർതാരം ബാലകൃഷ്ണ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ഭ​ഗവന്ത് കേസരിയുടെ ട്രെയിലർ പുറത്തിറങ്ങി. അനിൽ രവിപുഡിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബാലകൃഷ്ണ ആരാധകർക്ക് വിരുന്നുപോലയാണ് ട്രെയിലർ എത്തിയത്.

ബാലകൃഷ്ണയിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കേണ്ടതെല്ലാം സമന്വയിപ്പിച്ച ട്രെയിലറാണ് ഭ​ഗവന്ത് കേസരിയുടേതായി എത്തിയിരിക്കുന്നത്. ബാലകൃഷ്ണയുടെ മാസ് ഡയലോ​ഗും സംഘട്ടനരം​ഗങ്ങളുമല്ലാം ടീസറിലുണ്ട്. ബോളിവുഡ് താരം അർജുൻ രാംപാലാണ് വില്ലൻ വേഷത്തിൽ. കാജൽ അ​ഗർവാളും ശ്രീലീലയുമാണ് നായികമാർ. ബാലകൃഷ്ണയുടെ മകളുടെ വേഷത്തിലാണ് ശ്രീലീല എത്തുന്നത്. കാജൽ അ​ഗർവാൾ ആദ്യമായാണ് ഒരു ബാലകൃഷ്ണ ചിത്രത്തിൽ നായികയാവുന്നത്.

ബാലകൃഷ്ണയുടെ 108-ാം ചിത്രമാണ് ഭ​ഗവന്ത് കേസരി. ഐ ഡോണ്ട് കെയർ എന്നാണ് സിനിമയുടെ ടാ​ഗ് ലൈൻ. അനിൽ രവിപുടിയും ബാലകൃഷ്ണയും ആദ്യമായി ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ചിത്രത്തിൽ ബാലകൃഷ്ണ പ്രത്യക്ഷപ്പെടുന്നത്. ആന്ധ്രയിലെ 108 സ്ഥലങ്ങളിലായി 108 ഹോർഡിങ്ങുകൾ സ്ഥാപിച്ചാണ് സിനിമയുടെ പേര് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

തമൻ ആണ് സം​ഗീതസംവിധാനം. ചിത്രത്തിലേതായി പുറത്തുവന്ന രണ്ട്​ ​ഗാനങ്ങളും മികച്ച പ്രതികരണം നേടിയിരുന്നു. സി രാം പ്രസാദ് ഛായാ​ഗ്രഹണവും തമ്മി രാജു എഡിറ്റിങ്ങും രാജീവൻ കലാസംവിധാനവും നിർവഹിക്കുന്നു. വി. വെങ്കട് ആണ് സംഘട്ടനസംവിധാനം. ഈ മാസം 19-ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlights: bhagavanth kesari trailer released, nandamuri balakrishna and anil ravipudi