‘ചില കഥകൾ അവസാനിക്കുന്നില്ല, ഇത്തവണ കൂടുതൽ വേദനിപ്പിക്കും’; കേരള സ്റ്റോറി 2 പ്രഖ്യാപിച്ചു

#മൂവി ഡെസ്ക്
Photo: Screengrab
Photo: Screengrab

2023-ൽ പുറത്തിറങ്ങി വലിയ ചർച്ചകൾക്ക് വഴിവെച്ച 'ദി കേരള സ്റ്റോറി' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'ബിയോണ്ട് ദി കേരള സ്റ്റോറി' (Beyond The Kerala Story) എന്നാണ് ഈ പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിപുൽ അമൃത് ലാൽ ഷായും സൺഷൈൻ പിക്ചേഴ്സ് ലിമിറ്റഡും ചേർന്നാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടത്. 2026 ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായണ സിംഗ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിപുൽ ഷാ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സഹനിർമ്മാതാവായി ആഷിൻ എ. ഷായും പ്രവർത്തിക്കുന്നു. പുതുമുഖങ്ങളാണ് മുഖ്യവേഷങ്ങളിൽ. ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

റിലീസ് തീയതി പ്രഖ്യാപനത്തോടൊപ്പം ചിത്രത്തിൻ്റെ മോഷൻ പോസ്റ്ററും നിർമാതാക്കൾ പങ്കുവെച്ചു. "അവർ പറഞ്ഞു ഇതൊരു കഥ മാത്രമാണെന്ന്. അവർ അതിനെ നിശബ്ദമാക്കാൻ ശ്രമിച്ചു. അവർ അതിനെ അവഹേളിക്കാൻ ശ്രമിച്ചു. പക്ഷേ സത്യം നിലയ്ക്കുന്നില്ല. കാരണം ചില കഥകൾ അവസാനിക്കുന്നില്ല. ഇത്തവണ, അത് കൂടുതൽ ആഴങ്ങളിലേക്ക് പോകുന്നു. ഇത്തവണ, അത് കൂടുതൽ വേദനിപ്പിക്കുന്നു." അനൗൺസ്മെന്റ് വീഡിയോയിലെ ഭാഗങ്ങൾ ഇങ്ങനെ.

സുദീപ്തോ സെൻ സംവിധാനം ചെയ്ത 'ദി കേരള സ്റ്റോറി'യുടെ ആദ്യ ഭാഗം റിലീസ് ചെയ്ത സമയത്ത് വലിയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു. കേരളത്തെ മോശമായി ചിത്രീകരിക്കുന്ന ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്ന ആരോപണം ഉയർന്നെങ്കിലും, ചിത്രം ബോക്സ് ഓഫീസിൽ വിജയമായി മാറി. 20 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം ലോകമെമ്പാടുനിന്നുമായി 300 കോടിയിലധികം രൂപ കളക്ഷൻ നേടുകയും രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു.

ആദാ ശർമ്മ, സിദ്ധി ഇദ്നാനി, യോഗിതാ ബിഹാനി, സോണിയ ബാലാനി എന്നിവരാണ് കേരളാ സ്റ്റോറിയിൽ അഭിനയിച്ചത്. ആദ്യ ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം എത്തുന്ന ഈ രണ്ടാം ഭാഗം പ്രേക്ഷകർക്കിടയിൽ വലിയ ആകാംക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്

Content Highlights: "Beyond The Kerala Story" Announced: Sequel to 2023 Hit Sets February 27 Release Date