ഒടിടിയിലും ചരിത്ര നേട്ടം; ഡിസ്നി ഹോട്ട്സ്റ്റാറിൽ റെക്കോർഡ് കാഴ്ച്ചക്കാരുമായി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
'ബെത്‌ലഹേം കുടുംബ യൂണിറ്റ്' പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

തിയേറ്ററുകളിൽ വൻ വിജയം നേടിയ നിവിൻ പോളി - മമിത ബൈജു കൂട്ടുകെട്ടിന്റെ സൂപ്പർഹിറ്റ് ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഒടിടി റിലീസിലും ചരിത്ര റെക്കോർഡുകൾ തിരുത്തിയെഴുതുന്നു. ഒക്ടോബർ ആദ്യവാരം ഡിസ്നി+ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിച്ച ചിത്രം, ആദ്യ ദിനങ്ങളിൽ തന്നെ ഇന്ത്യയൊട്ടാകെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മലയാള ചിത്രങ്ങളുടെ നിരയിൽ മുന്നിലെത്തി റെക്കോർഡ് വിസിബിലിറ്റി സ്വന്തമാക്കി.

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ ഫീൽ ഗുഡ് റൊമാന്റിക് കോമഡി ചിത്രം ഹോട്ട്സ്റ്റാർ ഇന്ത്യയിലെ ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് തുടരുന്നത്. റിലീസ് ചെയ്ത് ആദ്യ ദിനങ്ങളിൽ തന്നെ ദശലക്ഷക്കണക്കിന് വ്യൂസ് നേടി വൻ മുന്നേറ്റമാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ചിത്രം കാഴ്ചവെക്കുന്നത്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളിയും ആഷ്‌ലിയായി മമിത ബൈജുവുമാണ് എത്തിയത്. സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, വിനയ് ഫോർട്ട്, ബിന്ദു പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരും യുവാക്കളും ഏറ്റെടുത്ത ചിത്രം ഒടിടി റിലീസിന് ശേഷവും വലിയ സ്വീകാര്യതയാണ് നേടുന്നത്. ഇന്ത്യയിലുടനീളം വിവിധ ഭാഷകളിൽ ലഭ്യമായതോടെ മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലെ പ്രേക്ഷകർക്കിടയിലും 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തരംഗമായി മാറുകയാണ്.

Content Highlights: Following a massive theatrical success, Girish A.D.'s feel-good romantic comedy Bethlehem Kudumba Unit, starring Nivin Pauly and Mamitha Baiju and produced by Bhavana Studios, is setting record streaming numbers and trending #1 across India on Disney+ Hotstar.