'ഗാസയിലെ വംശഹത്യയിൽ ജർമൻ സർക്കാരും പങ്കാളി'; ബെർലിൻ ചലച്ചിത്രമേളയിൽ പലസ്തീന് ഐക്യദാർഢ്യം

#Entertainment Desk
പലസ്തീന്‍ വംശജനായ സംവിധായകന്‍ അബ്ദുള്ള അല്‍-ഖത്തീബ് ബെര്‍ലിന്‍ ചലച്ചിത്രമേളയുടെ സമാപന പരിപാടിയില്‍ കഫിയ ധരിച്ചെത്തി സംസാരിക്കുന്നു. സമീപം പലസ്തീന്‍ പതാകയുമായി നിര്‍മാതാവ് തക്കിയെദ്ദീന്‍ ഇസ്സദ് | Photo: AP
പലസ്തീന്‍ വംശജനായ സംവിധായകന്‍ അബ്ദുള്ള അല്‍-ഖത്തീബ് ബെര്‍ലിന്‍ ചലച്ചിത്രമേളയുടെ സമാപന പരിപാടിയില്‍ കഫിയ ധരിച്ചെത്തി സംസാരിക്കുന്നു. സമീപം പലസ്തീന്‍ പതാകയുമായി നിര്‍മാതാവ് തക്കിയെദ്ദീന്‍ ഇസ്സദ് | Photo: AP

ബെർലിൻ ചലച്ചിത്രമേളയുടെ സമാപനത്തിൽ ചർച്ചയായി ഗാസയിലെ വംശഹത്യ. സമാപനവേദിയിൽ പുരസ്‌കാര ജേതാക്കളായ പല സംവിധായകരും പലസ്തീനുവേണ്ടി ശബ്ദമുയർത്തി. ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ ജർമൻ സർക്കാരിനും പങ്കുണ്ടെന്ന് പലസ്തീൻ വംശനജനായ സിറിയൻ സംവിധായകൻ അബ്ദുള്ള അൽ-ഖത്തീബ് പറഞ്ഞു. മികച്ച ഫസ്റ്റ് ഫീച്ചർ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ക്രോണിക്കിൾസ് ഫ്രം ദി സീജ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് അബ്ദുള്ള. പലസ്തീൻ ജനതയുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കഫിയ ധരിച്ചെത്തിയാണ് അബ്ദുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത്.

മേളയിൽ സിൽവർ ബെയർ പുരസ്‌കാരം നേടിയ സാൽവേഷൻ എന്ന ചിത്രത്തിന്റെ സംവിധായകൻ എമിൻ അൽപെറും ഗാസയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 'നിങ്ങൾ ഒറ്റയ്ക്കല്ല' എന്ന് ഗാസയിലെ ജനങ്ങളോടായി അദ്ദേഹം പറഞ്ഞു. മേളയിലെ പലസ്തീൻ ഐക്യദാർഢ്യങ്ങൾക്ക് വലിയ കൈയടിയാണ് ലഭിച്ചത്. അതേസമയം ചില എതിർസ്വരങ്ങളും ഇതിനെതിരെ ഉയർന്നു. തുർക്കിയിലെ ജയിലിൽ കഴിയുന്ന ഇസ്താംബുൾ മേയർ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്കും തുർക്കിഷ് സംവിധായകനായ അൽപെർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇറാനിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾ, അവകാശങ്ങൾക്കായി ഒരുനൂറ്റാണ്ടോളം കാലമായി പോരാടുന്ന കുർദുകൾ എന്നിവർക്കും അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു.

ഇത്തവണത്തെ ബെർലിൻ ചലച്ചിത്രമേള തുടങ്ങുംമുമ്പ് തന്നെ പലസ്തീനും ഗാസയും വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ജർമൻ സർക്കാരിന്റെ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിന് ജൂറി ചെയർപേഴ്‌സൺ വിം വെൻഡേഴ്‌സ് പറഞ്ഞ മറുപടിയാണ് വിവാദമായത്. മേളയിൽ രാഷ്ട്രീയം സംസാരിക്കാൻ കഴിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതേത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള എഴുത്തുകാരി അരുന്ധതി റോയ് ഉൾപ്പെടെയുള്ളവർ ബെർലിൻ ചലച്ചിത്രമേള ബഹിഷ്‌കരിച്ചത് വലിയ വാർത്തയായിരുന്നു.

പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയെ കുറിച്ച് ബെർലിൻ ചലച്ചിത്രമേള പാലിക്കുന്ന മൗനത്തെ അപലപിച്ചുകൊണ്ട് നിരവധി ചലച്ചിത്രപ്രവർത്തകർ ഒപ്പുവെച്ച തുറന്നകത്തും നേരത്തേ പുറത്തുവന്നിരുന്നു. ഇസ്രയേൽ ചെയ്യുന്ന കാര്യങ്ങൾക്ക് എതിരെ സംസാരിക്കുന്ന കലാകാരന്മാരുടെ വായടപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് കത്ത് കുറ്റപ്പെടുത്തി. എന്നാൽ ആരോപണങ്ങൾ മേളയുടെ അധികൃതർ നിഷേധിച്ചു.

Content Highlights: The closing ceremony of the Berlin Film Festival turned into a powerful stage for Palestinian solidarity. Syrian director Abdullah Al-Khatib, winner of the Best First Feature award for Chronicles from the Siege, accused the German government of being complicit in the Gaza genocide. Other winners, including Emin Alper, joined the protest, while the festival faced backlash for its initial silence, leading to a boycott by prominent figures like Arundhati Roy.