ചിദംബരം ഒരുക്കിയ 'ബാലൻ: ദി ബോയ്' OTT യിലേക്ക്, ജൂലൈ 31 മുതൽ സീ5-ൽ സ്ട്രീമിംഗ്

തിയേറ്ററുകളിൽ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ സംവിധായകൻ ചിദംബരം ഒരുക്കിയ മലയാളം സൈക്കോളജിക്കൽ ഡ്രാമ ത്രില്ലർ ചിത്രം 'ബാലൻ: ദി ബോയ്' ഇനി ഒടിടിയിൽ കാണാം. ചിത്രം ജൂലൈ 31 മുതൽ സീ5-ൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഇതോടെ ഭാഷയുടെ അതിരുകൾ കടന്ന് കൂടുതൽ പ്രേക്ഷകരിലേക്ക് 'ബാലൻ' എത്തുന്നു.
'മഞ്ഞുമ്മൽ ബോയ്സ്' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ റിലീസിന് മുമ്പേ തന്നെ വലിയ പ്രതീക്ഷ നേടിയ 'ബാലൻ: ദി ബോയ്' തിയേറ്ററിലും മികച്ച അഭിപ്രായമാണ് നേടിയത്. കെവിഎൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ജിത്തു മാധവൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.
കാണാതായ അമ്മയെ തേടിയുള്ള ഒരു കൗമാരക്കാരന്റെ ജീവിതയാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ടൊവിനോ തോമസ്, അഭിരാം രാധാകൃഷ്ണൻ, ജീൻ പോൾ ലാൽ, ഗിരീഷ് എ ഡി, ഫർസാന പാലത്തിങ്കൽ, ആനന്ദ് ഏകർഷി എന്നിവരുൾപ്പെടുന്ന വൻ താരനിര ചിത്രത്തിൽ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മുൻ ചിത്രങ്ങളിലെപ്പോലെ വാണിജ്യ ചേരുവകൾക്ക് അത്ര മുൻഗണന നൽകാതെ, താൻ പറയാൻ ഉദ്ദേശിച്ച വിഷയത്തിന്റെ ഗൗരവത്തോടും വൈകാരികതയോടും പൂർണ്ണമായി നീതി പുലർത്തുന്ന സിനിമാറ്റിക് ശൈലിയാണ് ചിദംബരം ഇതിൽ സ്വീകരിച്ചിരിക്കുന്നത്.
ഛായാഗ്രഹണം -ഷൈജു ഖാലിദ്. സംഗീതം -സുഷിൻ ശ്യാം. എഡിറ്റർ -വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ -അജയൻ ചാലിശ്ശേരി. കാസ്റ്റിംഗ് ഡയറക്ടർ/ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഗണപതി. വസ്ത്രാലങ്കാരം -സപ്ന കാജാ റാവുത്തർ. മേക്കപ്പ് -റോണക്സ് സേവ്യർ എന്നിവരാണ്.
മലയാളത്തിന്റെ അതിരുകൾ ഭേദിച്ച് കൊണ്ട് നിരൂപകരും സിനിമാ പ്രേമികളും ആരാധകരും ഒരേപോലെ പ്രശംസ ചൊരിയുന്ന ഈ ചിത്രം, മലയാള സിനിമയിലെ ക്ലാസ്സിക്കുകളിൽ ഒന്നായി ഇതിനോടകം ഇടംപിടിച്ചു കഴിഞ്ഞു. ശക്തമായ കഥയും ത്രില്ലിംഗ് മുഹൂർത്തങ്ങളും വൈകാരികതയും ഒരുമിക്കുന്ന ഈ ചിത്രം ഒടിടിയിലും മികച്ച സ്വീകരണം നേടുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
തിയേറ്ററുകളിൽ ചിത്രം കാണാൻ സാധിക്കാതിരുന്നവർക്കും വീണ്ടും ഈ അനുഭവം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും ജൂലൈ 31 മുതൽ സീ5-ൽ 'ബാലൻ: ദി ബോയ്' കാണാം.
Content Highlights: The critically acclaimed Malayalam psychological drama thriller Balan: The Boy, directed by Chidambaram and starring Tovino Thomas, is officially set to premiere on ZEE5 on July 31 in multiple languages.