പൊളിച്ചുമാറ്റില്ല; അമ്മ കാത്തിരുന്ന 'ബാലനി'ലെ ആ ബസ് സ്റ്റോപ്പ് ഇനി ചേകാടിക്കാർക്ക് സ്വന്തം | വീഡിയോ

#സ്വന്തം ലേഖകന്‍
'ബാലന്‍' സിനിമയ്ക്കായി നിര്‍മിച്ച ബസ് സ്റ്റോപ്പ്, സിനിമയിലെ രംഗം
'ബാലന്‍' സിനിമയ്ക്കായി നിര്‍മിച്ച ബസ് സ്റ്റോപ്പ്, സിനിമയിലെ രംഗം

'എത്ര വൈകിയാലും അമ്മ വരും...' ബാലൻ സിനിമയിലെ ആ ഡയലോഗ് കേട്ട് തരിച്ച് നിന്നുപോയവർ ഒരിക്കലും മറക്കില്ല, നീണ്ടുപുളഞ്ഞ് കിടക്കുന്ന ആ കാനന പാതയെ. കാടിനാൽ ചുറ്റപ്പെട്ട മൺപാതയും ബസ് സ്‌റ്റോപ്പുമുള്ള പുൽപ്പള്ളി ചേകാടിക്കടുത്ത കുണ്ടുവാടിയിലെ ആ ലൊക്കേഷൻ സിനിമയിലങ്ങോളമിങ്ങോളം വലിയൊരു നോവ് തന്നെയായിരുന്നു. കാരണം അത്രമാത്രമാണ് ആ നാടിനും ചേകാടിക്കും ആ സിനിമയുമായുള്ള ബന്ധം.

സിനിമയ്ക്ക് ശേഷവും ആ ബസ് സ്റ്റോപ്പിനെ ചേർത്ത് നിർത്തിയിരിക്കുകയാണ് ചേകാടിക്കാർ. പൊളിച്ചുമാറ്റുന്നതിന് പകരം ആ ബസ് സ്റ്റോപ്പ് ഇന്ന് അവരുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. ഏറെക്കാലമായുള്ള നാട്ടുകാരുടെ ആവശ്യത്തിന് ഇതോടെ പരിഹാരമായി.

ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പ്രത്യേക അനുമതി വാങ്ങിയാണ് ബസ് സ്റ്റോപ്പിനെ ചേകാടിക്കാർ സ്വന്തമാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കാനന പാതയിലൂടെ യാത്ര ചെയ്യുമ്പോൾ ആരുമൊന്ന് ഇവിടെ നിർത്തി ബാലനിലെ ആ കുഞ്ഞിനെയും അമ്മയെയും ഓർക്കും. ഒരു നെടുവീർപ്പോടെ യാത്ര തുടരും.

ബാലൻ

മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് ബാലൻ - ദി ബോയ്. വെള്ളിയാഴ്ച പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. നേരത്തേ റിലീസിന് മുമ്പ് കാൻ ചലച്ചിത്രമേളയുടെ ഭാഗമായി മാർഷേ ഡു ഫിലിമിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തു. കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്ത ജിത്തു മാധവനാണ് ബാലന്റെ രചന നിർവഹിച്ചിരിക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീതം. ഛായാഗ്രഹണം ഷൈജു ഖാലിദ്. ചിദംബരത്തിന്റെ സഹോദരൻ കൂടിയായ ഗണപതിയാണ് കാസ്റ്റിങ് ഡയറക്ടർ.

Content Highlights: The iconic forest bus stop set from Chidambaram's movie 'Balan - The Boy' located near Pulpally Chekadi will not be demolished. Locals secured special permission from forest officials to preserve it for their daily commute.