സൃഷ്ടികളിലെ മൗലികത ആത്മാഭിമാനത്തിന്റെ ഭാഗം; പ്രേക്ഷകരുടെ ബുദ്ധിശക്തിയെ ബഹുമാനിക്കണം: ബാഹുൽ രമേശ്

കൊച്ചി: സിനിമയിൽ പൂർവ്വമാതൃകകൾ പിന്തുടരുന്നത് സുരക്ഷിതമായ വഴിയാണെങ്കിലും, തന്റെ സൃഷ്ടികൾ പരമാവധി മൗലികമാക്കാനാണ് ശ്രമിക്കാറുള്ളതെന്ന് തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ്. മൗലികമായ സൃഷ്ടികൾക്ക് മാത്രമേ വ്യക്തിത്വം ഉണ്ടാവുകയുള്ളൂവെന്നും അത് ഒരു കലാകാരനെ സംബന്ധിച്ച് ആത്മാഭിമാനത്തിന്റെ കൂടി ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ജയിൻ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി സംഘടിപ്പിച്ച 'MWood's Next Big Things ft.' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറു ശതമാനം മൗലികത അവകാശപ്പെടാൻ സാധിക്കില്ലെങ്കിലും, പരമാവധി അതിനായി ശ്രമിക്കാറുണ്ട്. പ്രേക്ഷകരെ പൊതുവൽക്കരിക്കുന്നത് തെറ്റായ രീതിയാണ്. അവരുടെ ബുദ്ധിശക്തിയെ ബഹുമാനിക്കണം. തനിക്ക് വ്യക്തിപരമായി ഓപ്പൺ എൻഡഡ് സിനിമകളോടാണ് താൽപ്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് അമിതമായി ചിന്തിച്ചാൽ ജോലി ആസ്വദിക്കാൻ കഴിയില്ല. കോളേജ് കാലഘട്ടത്തിൽ ഷോർട്ട് ഫിലിമുകൾ ചെയ്തപ്പോൾ ലഭിച്ച ആസ്വാദനം സിനിമയുടെ തുടക്കകാലത്ത് നഷ്ടപ്പെട്ടിരുന്നു. എന്നാൽ തനിക്ക് അനുയോജ്യമായ തിരക്കഥകൾ എഴുതിത്തുടങ്ങിയതോടെ ആ ആത്മസംതൃപ്തി മാറി. ആശയങ്ങളെ ഏറ്റവും ആത്മാർത്ഥമായി സമീപിക്കുക എന്നതാണ് പ്രധാനം - ബാഹുൽ രമേശ്

പുതിയ സിനിമകൾക്കായി തയ്യാറെടുക്കുമ്പോൾ വായനയ്ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. വായന അറിവ് വർദ്ധിപ്പിക്കുക മാത്രമല്ല, പുതിയ ആശയങ്ങളിലേക്ക് വഴിതുറക്കുകയും ചെയ്യും. എക്കോ എന്ന സിനിമയിലെ മലേഷ്യൻ രംഗങ്ങൾ ചിത്രീകരിക്കാനുള്ള പ്രചോദനം ലഭിച്ചത് എൻ.എൻ. പിള്ളയുടെ ഞാൻ എന്ന പുസ്തകത്തിൽ നിന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തി. സിനിമയെ ഗൗരവമായി കാണുന്നവർ വായന ശീലമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയുടെ വിജയത്തിൽ നിർമ്മാതാവ് നൽകുന്ന പിന്തുണ നിർണ്ണായകമാണെന്നും, തന്റെ സിനിമകളെ അനിമൽ ട്രിയോളജി എന്ന് വിശേഷിപ്പിച്ചത് പഴയ സിനിമകൾ പ്രേക്ഷകർ വീണ്ടും കാണാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Screenwriter Bahul Ramesh emphasizes originality in cinema as a matter of pride and the importance of respecting audience intelligence. Learn his views on creative process and inspiration.