നടന്മാർക്കെതിരെ പുരസ്‌കാരവേദിയിൽ വംശീയാധിക്ഷേപം; മാപ്പ് പറഞ്ഞ് ‘ബാഫ്റ്റ’

ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്‌സ് (ബാഫ്റ്റ) പുരസ്‌കാരവേദിയിൽ നടന്മാർക്കെതിരെ വംശീയാധിക്ഷേപം. ടൂററ്റ് സിൻഡ്രോം എന്ന രോഗാവസ്ഥയെ കുറിച്ച് ബോധവത്കരണം നടത്തുന്നയാളായ ജോൺ ഡേവിഡ്‌സൺ ആണ് സിന്നേഴ്‌സ് എന്ന ചിത്രത്തിലെ നടന്മാരായ മൈക്കൽ ബി. ജോർദാൻ, ഡെലോറി ലിൻഡോ എന്നിവർക്കെതിരെ വംശീയാധിക്ഷേപം നടത്തിയത്. എൻ-വേഡ് എന്നറിയപ്പെടുന്ന കുപ്രസിദ്ധമായ അധിക്ഷേപവാക്കാണ് ഇയാൾ നടന്മാർക്കെതിരെ ഉപയോഗിച്ചത്.
ഞായറാഴ്ചയാണ് 79-ാമത് ‘ബാഫ്റ്റ’ അവാർഡ്‌സ് നടന്നത്. മികച്ച വിഷ്വൽ ഇഫക്ട്‌സിനുള്ള പുരസ്‌കാരം സമ്മാനിക്കാനായാണ് മെക്കലും ഡെലോറിയും വേദിയിലെത്തിയത്. അതിനിടെയാണ് സദസ്സിൽനിന്ന് ജോൺ വംശീയാധിക്ഷേപം നടത്തിയത്. രണ്ട് നടന്മാർക്കും നേരെ ഇയാൾ അലറിവിളിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വലിയ വിമർശനം ഉയരുകയും ചെയ്തു. തത്സമയ സംപ്രേഷണം അല്ലാതിരുന്നിട്ട് പോലും വംശീയാധിക്ഷേപം നീക്കം ചെയ്യാത്തതിൽ ബിബിസിക്കെതിരെയും വലിയ വിമർശനമാണ് ഉയർന്നത്.
പിന്നാലെ സംഭവത്തിൽ രണ്ട് നടന്മാരോടും ‘ബാഫ്റ്റ’ മാപ്പ് പറഞ്ഞു. തിങ്കളാഴ്ചയാണ് താരങ്ങളോട് നിരുപാധികം മാപ്പ് പറഞ്ഞുള്ള പ്രസ്താവന ‘ബാഫ്റ്റ’ പുറത്തിറക്കിയത്. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം തങ്ങൾ ഏറ്റെടുക്കുന്നതായും ‘ബാഫ്റ്റ’ വ്യക്തമാക്കി. ജോൺ ഡേവിഡ്‌സണ് ടൂറെറ്റ് സിൻഡ്രോം ഉണ്ട്. ആ അവസ്ഥയെ കുറിച്ച് ബോധവത്കരണം നടത്താനായി ജീവിതം സമർപ്പിച്ചയാളാണ് അദ്ദേഹം. വ്യക്തിക്ക് തന്റെ വാക്കുകളെ സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇത്. അങ്ങനെയൊരാൾ മനഃപൂർവം നടത്തിയ പദപ്രയോഗമല്ല ഇത്. - പ്രസ്താവനയിൽ പറഞ്ഞു.
വംശീയാധിക്ഷേപം നടത്തിയ ശേഷം ജോൺ സ്വയം ഓഡിറ്റോറിയം വിട്ട് പോയെന്നും ബാഫ്റ്റ പറഞ്ഞു. അവാർഡ് ഷോയുടെ ബാക്കി അദ്ദേഹം മറ്റൊരിടത്തിരുന്ന് സ്‌ക്രീനിലാണ് കണ്ടത്. അതിഥികൾക്കുണ്ടായ ബുദ്ധിമുട്ടിന് എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും ‘ബാഫ്റ്റ’ പ്രസ്താവനയിൽ പറഞ്ഞു.
Content Highlights: The prestigious British Academy Film Awards faced severe backlash after a spectator, John Davidson, shouted racial slurs at actors Michael B. Jordan and Delroy Lindo. Davidson, a Tourette Syndrome advocate, reportedly uttered the 'N-word' as the duo arrived to present the Best Visual Effects award. While BAFTA apologized to the stars, explaining that the outburst was an uncontrollable symptom of Davidson's neurological condition, the public and media have slammed the BBC for failing to edit the slur out of the broadcast.