'ബാബ കല്യാണി'യുടെ കഥയുമായി ചെങ്കോട്ട സ്ഫോടനത്തിന് സാമ്യമേറെ, പലരും ചൂണ്ടിക്കാട്ടിയിരുന്നെന്ന് എസ്.എൻ. സ്വാമി

കൊച്ചി: ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ അസിസ്റ്റന്റ് കമ്മിഷണറായ ബാബ കല്യാണിയും സംഘവും നടത്തുന്ന തീവ്രവാദവേട്ടയുടെ കഥപറയുന്ന ‘ബാബ കല്യാണി’ എന്ന സിനിമയുടെ കഥയുമായി ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് സാമ്യമേറെ.
ഡൽഹിയിൽ സംഭവിച്ചതുപോലെ സ്‌ഫോടകവസ്തുക്കൾ നിറച്ച കാറുകളാണ് ‘ബാബ കല്യാണി’ എന്ന സിനിമയിൽ തീവ്രവാദികൾ ഉപയോഗിക്കുന്നത്. എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ 2006-ലാണ് ‘ബാബ കല്യാണി’ റിലീസായത്. തീർഥാടനകേന്ദ്രമായ പഴനിയാണ് തീവ്രവാദികൾ കാർ ബോംബ് സ്‌ഫോടനത്തിൽ ലക്ഷ്യമിടുന്നത്.
സിനിമയിലെ തീവ്രവാദി സഹീർ ഒരു കോളേജ് പ്രൊഫസറായിരുന്നെങ്കിൽ ഡൽഹി സ്‌ഫോടനത്തിന്റെ സൂത്രധാരൻ ഉമർ ഒരു ഡോക്ടറാണ്. തിരക്കുള്ള തീർഥാടനകേന്ദ്രത്തിലാണ് സിനിമയിൽ സ്‌ഫോടനം ലക്ഷ്യമിട്ടതെങ്കിൽ ഡൽഹിയിൽ അതു തിരക്കേറിയ തെരുവായിരുന്നെന്നുമാത്രം.
എല്ലാം യാദൃച്ഛികം മാത്രമാണെന്ന് തിരക്കഥാകൃത്തായ എസ്.എൻ. സ്വാമി പറയുന്നു. “പത്തിരുപത് വർഷംമുൻപാണ് ഈ സിനിമയുടെ കഥ ഞാൻ എഴുതിയത്. പലരും സാമ്യം പറഞ്ഞപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്.” -അദ്ദേഹം പറഞ്ഞു.
Content Highlights: Explore the striking similarities between the movie `Baba Kalyani` and the Red Fort blast. SN Swamy discusses the uncanny parallels in plot and execution. Click to learn more!