നടന്മാർ അവരുടെ ജോലിചെയ്താൽ മതി,സിനിമയുണ്ടാക്കുന്നത് സംവിധായകനും സാങ്കേതികപ്രവർത്തകരും-ബി ഉണ്ണികൃഷ്ണൻ

#Movies Desk
'മാളികപ്പുറം' പോസ്റ്റര്‍, ബി. ഉണ്ണികൃഷ്ണന്‍, 'സുമതി വളവ്' പോസ്റ്റര്‍ | Photo" Facebook/ Abhilash Pillai, Mathrubhumi
'മാളികപ്പുറം' പോസ്റ്റര്‍, ബി. ഉണ്ണികൃഷ്ണന്‍, 'സുമതി വളവ്' പോസ്റ്റര്‍ | Photo" Facebook/ Abhilash Pillai, Mathrubhumi

കൊച്ചി: സിനിമ സംവിധാനം ചെയ്തത് ഒരു നടനാണെന്ന് പറയുന്നത് മോശം കാര്യമാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. സിനിമ ഉണ്ടാക്കിയെടുക്കുന്നത് സംവിധായകനും അവരോടൊപ്പമുള്ള സാങ്കേതിക പ്രവർത്തകരുമാണ്. നടന്മാർ അവരുടെ ജോലി ചെയ്താൽ മതിയെന്നും ഉണ്ണികൃഷ്ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'സുമതി വളവ്' ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'സാധാരണ ഗതിയിൽ സിനിമയുടെ റിലീസിന് മുമ്പ് ഇങ്ങനെയുള്ള കാര്യങ്ങൾ വരുമ്പോഴാണ് സംഘടന ചർച്ച ചെയ്യുന്നത്. റിലീസിനു ശേഷം നിർഭാഗ്യകരമായിട്ടുള്ള ചർച്ചയാണ് നടക്കുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി സംസാരിച്ചു. ഞങ്ങളുടെ അംഗങ്ങൾ അതിന്റെ ചെലവ് കണക്ക് ബോധിപ്പിച്ചിട്ടുണ്ട്. വൈകാരികമായിട്ടുള്ള അന്തരീക്ഷത്തിൽ നമ്മളായിട്ട് അഭിപ്രായം പറയുന്നതിൽ സാംഗത്യമില്ലാത്തതുകൊണ്ട് പ്രതികരിക്കുന്നില്ല', ഉണ്ണികൃഷ്ണൻ പറഞ്ഞു.

'സിനിമ സംവിധാനം ചെയ്ത ഒരു നടനാണെന്നൊക്കെ പറയുന്നത് വളരേ മോശം കാര്യമാണ്. നടന്മാരുടെ നിർദ്ദേശം അനുസരിച്ച് എഡിറ്റ് ചെയ്ത് ഒരു വഴിയാകുന്നുവെന്ന് എഡിറ്റർമാർ പറയുന്നുണ്ട്. അത് പരാതിയായി ലഭിച്ചിട്ടുണ്ട്. ആരോടും കലഹത്തിന് പോകാനൊന്നും താല്പര്യമില്ല. പക്ഷേ, ഒരു കാര്യം ഉറപ്പിച്ചു പറയാൻ ആഗ്രഹിക്കുകയാണ്, സിനിമ ഉണ്ടാക്കിയെടുക്കുന്നത് സംവിധായകനും സംവിധായകനോടൊപ്പമുള്ള സാങ്കേതിക പ്രവർത്തകരുമാണ്. നടന്മാർ അവരുടെ ജോലി ചെയ്താൽ മതി. ഒരു നടനും മലയാളത്തിൽ ഗോസ്റ്റ് ഡയറക്ട് ചെയ്യാനായിട്ട് ശ്രമിച്ചിട്ടുമില്ല, അങ്ങനെ ശ്രമിച്ചാൽ അത് നടക്കുന്ന കാര്യവുമല്ല', ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.

Content Highlights: B. Unnikrishnan emphasizes that directors and technicians are the primary creators of a film. FEFKA addresses complaints regarding actors influencing the editing process of Sumathi Valavu. The organization confirms that producers have submitted expenditure reports for review. Unnikrishnan dismisses the idea of 'ghost directing' by actors in the Malayalam film industry