രാജിവെക്കാൻ താത്പര്യം പ്രകടിപ്പിച്ചു, തുടരണമെന്ന് ഫെഫ്ക ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു- ബി. ഉണ്ണികൃഷ്ണൻ

#Movies Desk
ബി. ഉണ്ണിക്കൃഷ്ണൻ | ഫോട്ടോ: മാതൃഭൂമി
ബി. ഉണ്ണിക്കൃഷ്ണൻ | ഫോട്ടോ: മാതൃഭൂമി

കൊച്ചി: ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചെങ്കിലും തുടരണമെന്ന് ഫെഫ്ക(ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള) ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടുവെന്ന് ബി. ഉണ്ണികൃഷ്ണൻ. രാജി വാർത്തകൾക്ക് പിന്നാലെ, ജനറൽ കൗൺസിൽ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയിൽ ഒരുതരത്തിലുമുള്ള മാറ്റവും വേണ്ടെന്നാണ് ജനറൽ കൗൺസിൽ തീരുമാനമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'സംഘടന സുശക്തവും ഘടനാപരമായി ശക്തമായ നിലയിലുമാണ്. സംഘടനയ്ക്ക് ഇനി പഴയതുപോലെ എന്നെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല. സ്ഥിരം നേതൃത്വത്തിൽനിന്ന് സംഘടന വളരേ മുന്നോട്ട് പോയിരിക്കുന്നു. ഇതാണ് അതിന്റെ സമയമെന്ന് എനിക്ക് തോന്നി. 18 വർഷത്തിൽ കൂടുതൽ ഒരാൾ നേതൃപദവിയിൽ ഇരിക്കരുത്. 18 വർഷം ഒക്കെ തന്നെ അക്രമമാണ്. ഇനി ഇരിക്കരുതെന്നൊരു തീരുമാനം എന്റെയുള്ളിൽ ഉണ്ട്.' ഉണ്ണികൃഷ്ണൻ പറഞ്ഞു.

'എനിക്ക് കുറച്ച് സ്വകാര്യമായിട്ടുള്ള സമയം ആവശ്യമുണ്ട്. കൂടുതൽ കാര്യങ്ങൾ ചെയ്യാനും എഴുതാനും യാത്ര ചെയ്യാനും അധ്യാപനം നടത്താനും ആഗ്രഹമുള്ളിലുണ്ട്. അതിന്റെയൊക്കെ വെളിച്ചത്തിലാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം സിബി സാറിനോട് പറഞ്ഞത്. നമുക്ക് രണ്ടുപേർക്കും കൂടി അത് അവതരിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വളരെ വിശദമായി ഫെഫ്‌കെയുടെ ജനറൽ കൗൺസിൽ ചർച്ച ചെയ്തു. എല്ലാവരും അവരുടെ അവരുടെ അഭിപ്രായം പറഞ്ഞു. ഒരുതരത്തിലുള്ള മാറ്റവും അവർക്ക് ആഗ്രഹമില്ല എന്നാണ് അവർ കണ്ടത്. എന്നെ ബുദ്ധിമുട്ടിക്കാതെ ജോലിയിൽനിന്ന് കുറച്ചൊക്കെ മാറ്റി നിർത്തിക്കൊണ്ട് അവർ സംവിധാനവുമായിട്ട് മുമ്പോട്ടു പോകാം, ജനറൽ സെക്രട്ടറി എന്ന നിലയിൽ ഞാൻ തുടരണമെന്നും പ്രസിഡന്റായി സിബി മലയിൽ തുടരണമെന്നുമാണ് സംഘടനയുടെ കൗൺസിൽ കണ്ടത്.' ഉണ്ണികൃഷ്ണൻ യോഗതീരുമാനം അറിയിച്ചു.

'തീരുമാനത്തിൽനിന്ന് പിന്നോട്ടോ മുന്നോട്ടോ എന്നൊന്നുമല്ല. ഞങ്ങളെല്ലാം അടിസ്ഥാനപരമായി സംഘടനാ പ്രവർത്തകരാണ്. നമ്മുടെ തീരുമാനം, ആഗ്രഹം സംഘടനയിൽ പറഞ്ഞു. ജനറൽ കൗൺസിൽ തീരുമാനിക്കുന്നു. ജനറൽ കൗൺസിലിന്റെ തീരുമാനത്തിന് വിധേയമായിട്ട് പ്രവർത്തിക്കുന്നു.' ബി. ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.

Content Highlights: B. Unnikrishnan expressed his intention to step down from the General Secretary position. The FEFKA General Council requested him to continue in his role. Unnikrishnan believes leadership terms should ideally not exceed 18 years. He plans to focus on personal goals including writing, traveling, and teaching., Sibi Malayil will continue as FEFKA President