വിസ്മയിപ്പിക്കാനൊരുങ്ങി 'അവതാര്‍ ദ വേ ഓഫ് വാട്ടര്‍'; പാന്‍ഡോറയിലെ അത്ഭുതലോകവുമായി ട്രയിലര്‍

'അവതാര്‍ ദ വേ ഓഫ് വാട്ടര്‍' പോസ്റ്റർ | ഫോട്ടോ: twitter.com/officialavatar
'അവതാര്‍ ദ വേ ഓഫ് വാട്ടര്‍' പോസ്റ്റർ | ഫോട്ടോ: twitter.com/officialavatar

'അവതാര്‍', ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ ഇത്രത്തോളം വിസ്മയിപ്പിച്ച മറ്റൊരു ചിത്രമില്ല. പന്‍ഡോറ എന്ന മായാലോകത്തിലെ വിസ്മയ കാഴ്ചകള്‍ കണ്ണെടുക്കാതെയാണ് പ്രേക്ഷകര്‍ കണ്ടിരുന്നത്. ജെയിംസ് കാമറൂണ്‍ വെള്ളിത്തിരയിലെത്തിച്ച 'അവതാറി'ന് തുടര്‍ഭാഗങ്ങള്‍ ഉണ്ടാകുമെന്ന പ്രഖ്യാപനം വന്നതു മുതല്‍ രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. ഒടുവില്‍ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട്    'അവതാര്‍ ദ വേ ഓഫ് വാട്ടര്‍' ഡിസംബര്‍ 16ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 

പ്രധാന കഥാപാത്രങ്ങളായ ജേക്ക് സുള്ളിയുടേയും നെയ്ത്രിയുടേയും കുടുംബത്തെ കേന്ദ്രീകരിച്ചു മുന്നോട്ടു പോകുന്ന 'അവതാര്‍ ദ വേ ഓഫ് വാട്ടര്‍'  പന്‍ഡോറയിലെ അത്ഭുതകാഴ്ചകള്‍ക്കൊപ്പം സമുദ്രത്തിനടിയിലെ നാവികളുടെ വിസ്മയലോകത്തിലേക്കുള്ള വാതിലും പ്രേക്ഷകര്‍ക്കു മുന്നില്‍ തുറക്കും. 

1832 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം ത്രീഡിയിലായിരിക്കും റിലീസിനെത്തുക. 20th സെഞ്ചുറി സ്റ്റുഡിയോസും ലൈറ്റ് സ്‌റ്റോം എന്റര്‍ടെയ്‌മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സാം വര്‍തിങ്ങടണ്‍, സോയ് സല്‍ദാന, സിഗോണി വീവര്‍, സ്റ്റീഫന്‍ ലാങ്ങ്, കേറ്റ് വിന്‍സ്ലറ്റ് എന്നിവരാണ് പ്രധാന താരങ്ങള്‍.

2009 ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം 2,789 ദശലക്ഷം ഡോളറാണ് തിയേറ്ററുകളില്‍ നിന്ന് നേടിയത്. 13 വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ സെപ്റ്റംബറില്‍ അവതാര്‍ ത്രീഡിയില്‍ റീറിലീസ് ചെയ്തിരുന്നു. അതിന് പ്രേക്ഷകര്‍ നല്‍കിയ സ്വീകരണം അവതാറിന്റെ ജനപ്രീതി വ്യക്തമാക്കുന്നതാണ്.
 

Content Highlights: avatar, avatar second part, avatar the way of water, james cameron