ലൈവിനിടെ ദേഹത്തേക്ക് പണമെറിഞ്ഞ് ആരാധകൻ, പാട്ടുനിർത്തി ആത്തിഫ് അസ്ലമിന്റെ വൈറൽ പ്രതികരണം

ഇന്ത്യയിൽ ഏറെ ആരാധകരുള്ള പാകിസ്താനി ഗായകനാണ് ആത്തിഫ് അസ്ലം. സെഹർ എന്ന ചിത്രത്തിലെ 'വോ ലംഹേ' ഉൾപ്പെടെ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള അദ്ദേഹം തന്റെ സംഗീതപരിപാടിക്കിടെ ഒരു ആരാധകനോട് നടത്തിയ പ്രതികരണം ചർച്ചാവിഷയമായിരിക്കുകയാണ്. നിരവധിപേർ ആത്തിഫിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ടെത്തിയിരിക്കുകയാണ്.
അമേരിക്കയിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് സംഭവം. ‘സോച്ച്താ ഹൂൻ കെ വോ കിത്‌നെ മസൂം തെ’ എന്ന ഗാനമാണ് ആതിഫ് വേദിയിൽ ആലപിച്ചത്. ഇതിനിടെ പാട്ട് കേട്ട് ആവേശഭരിതനായ ഒരു ആരാധകൻ ഗായകനു നേരെ നോട്ടുകൾ വലിച്ചെറിയുകയായിരുന്നു. ഇതോടെ ആത്തിഫ് പാട്ടുപാടുന്നത് പതിയെ നിർത്തുകയും വേദിയിൽവെച്ചുതന്നെ ഇതിനോട് പ്രതികരിക്കുകയും ചെയ്തു. ആ പണം തിരിച്ചെടുത്ത് ഏതെങ്കിലും പാവപ്പെട്ടവർക്ക് കൊടുക്കണമെന്നും പണം വലിച്ചെറിയുന്നത് അനാദരവാണെന്നുമാണ് ആത്തിഫ് പറഞ്ഞത്.
ആരാധകനെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് ആത്തിഫ് തന്നെയെറിഞ്ഞ പണം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ സമയങ്ങളിലൊന്നും തന്നെ ആത്തിഫ് പണം കൈകൊണ്ട് തൊടുക പോലും ചെയ്യുന്നില്ല എന്നതാണ് ആരാധകരിൽ മതിപ്പുളവാക്കിയ കാര്യം. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. ആതിഫിന്റെ പ്രതികരണം മാതൃകാപരമാണെന്നു ചൂണ്ടിക്കാണിച്ച് ഒരു ആരാധകൻ തന്നെയാണ് അദ്ദേഹത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സഹഗായകൻ ആഘ അലിയും ആതിഫിനെ പ്രശംസിച്ചു.
ഇതാദ്യമായല്ല സ്റ്റേജ് പരിപാടികൾക്കിടെ താരങ്ങൾക്കുനേരെ ആരാധകർ വസ്തുക്കൾ വലിച്ചെറിയുന്നത്. മദ്യം, മുതൽ സെൽഫോൺ വരെയുള്ളവകൊണ്ട് താരങ്ങൾക്ക് ഏറുകിട്ടിയിരിക്കുന്നു. ഗായകൻ അരിജിത് സിംഗ്, കനേഡിയൻ റാപ്പർ ഡ്രേക്ക്, ബേബേ റെക്സാ, കാർഡി ബി എന്നിവരെല്ലാം ആരാധകരുടെ ഇത്തരം പ്രകടനങ്ങൾ അഭിമുഖീകരിച്ച പ്രമുഖരാണ്. പാകിസ്താനിൽ ആഘോഷ പരിപാടികൾക്കിടെ ഗായകർക്കും മറ്റും നേരെ പ്രോത്സാഹിപ്പിക്കാനെന്നോണം പണമെറിയുന്ന സമ്പ്രദായമുണ്ട്. വൻതുകകൾ വരെ ഇത്തരത്തിൽ എറിയുന്നവരുണ്ട്. അമേരിക്കയിൽ നടന്ന സംഗീതപരിപാടിക്കിടെ ഇത്തരമൊരു സംഭവം നടന്നപ്പോഴാണ് പണം തിരികെയെടുക്കാൻ ആത്തിഫ് ആവശ്യപ്പെട്ടത്.
Content Highlights: Atif Aslam Music Show, fan throwing money at Atif Aslam, Atif Aslam Viral Video