'അത് ഞാൻ അടിക്കും, എന്റെ വാശിയാണ്'; ഇത്ര വിഷമിച്ച സമയമുണ്ടായിട്ടില്ല- ആസിഫ് അലി

ആസിഫ് അലി
ആസിഫ് അലി

ആസിഫ് അലി ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ടിക്കി ടാക്ക. തന്റെ കെ.ജി.എഫ് ആണ് ടിക്കി ടാക്കയെന്ന് ഒരു അഭിമുഖത്തിൽ ആസിഫ് പറഞ്ഞത് മുമ്പ് വൈറലായിരുന്നു. ഇപ്പോഴിതാ, ടിക്കി ടാക്കയുടെ ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയ സമയത്ത് താൻ ഏറെ വിഷമിച്ചിരുന്നു എന്ന് തുറന്നുപറയുകയാണ് ആസിഫ്. വണ്ടർവാൾ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'ഞാന്‍ വ്യക്തിപരമായി ഇത്ര വിഷമിച്ച ഒരു സമയമുണ്ടായിട്ടില്ല. എന്റെ കരിയറിലെ ഏറ്റവും നല്ല സമയത്തായിരുന്നു ഇങ്ങനെ ഒരു അപകടമെങ്കില്‍ ഞാന്‍ ഇതൊരു അവധിസമയമായിട്ട് കണക്കാക്കിയേനെ. എന്നാല്‍, ഏറ്റവും മോശം സമയത്താണ് അത് സംഭവിച്ചത്. 

വലിയ ആവേശത്തോടെ ഷൂട്ട് ചെയ്യുമ്പോഴാണ് ഇങ്ങനെ ഒരു അപകടമുണ്ടായത്. വേദനകൊണ്ട് ഞാന്‍ വീണുപോയി. ഡോക്ടറാണ് അടുത്ത് വന്ന് പ്രശ്‌നമെന്താണെന്ന് പറയുന്നത്. എപ്പോള്‍ ഷൂട്ടിന് പോവാന്‍ കഴിയുമെന്ന് ഡോക്ടറോട് ചോദിച്ചു. ഇന്നോ നാളെയോ പറ്റുമോ എന്ന പ്രതീക്ഷയിലാണ് ഇത് ചോദിച്ചത്. എന്നാല്‍, നാല് മാസംകൊണ്ട് മോനെ ഞാന്‍ നടത്തിക്കാമെന്നായിരുന്നു ഡോക്ടറുടെ മറുപടി. ആറ് മാസത്തിനുശേഷം ഷൂട്ടിന് പോവാമെന്നും അദ്ദേഹം പറഞ്ഞു. 

ഈ സമയത്ത് തന്നെയാണ് ഫുട്ബൾ താരം നെയ്മറിന്റെ കാലിനും പരിക്കേറ്റത്. ഇവർക്കും ഇതേ വേദനയുണ്ട്. അതിനെ അതിജീവിച്ച് അദ്ദേഹം ഫുട്ബോൾ ​ഗ്രൗണ്ടിലെത്തുന്നതായിരുന്നു എന്റെ പ്രചോദനം. ഞാനും ലഭിക്കാവുന്നതിൽ ഏറ്റവും നല്ല ചികിത്സനേടി. ഇപ്പോൾ ശാരീരികമായി പ്രശ്നങ്ങളില്ലെങ്കിലും മാനസികമായി ഒരു പേടിയുണ്ട്. ആ വേദന ഇപ്പോൾ വരുമെന്ന് ചെറിയ പേടിയുണ്ട്. അതുകൂടെ തരണംചെയ്ത്  ജീത്തു സാറിന്റെ ഷൂട്ട് കഴിഞ്ഞാൽ ഉടനെ ഞാൻ ടിക്കി ടാക്ക ജോയിൻ ചെയ്യും. അത് ഞാൻ അടിക്കും. അത് എന്റെ വാശിയാണ്', ആസിഫ് പറഞ്ഞു. 

കള' എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി. എസ് സംവിധാനം ചെയ്യുന്ന 'ടിക്കി ടാക്ക' എന്ന സിനിമയുടെ സ്റ്റണ്ട് രംഗങ്ങൾക്കായുള്ള പരിശീലനത്തിനിടയിലായിരുന്നു ആസിഫിന് പരിക്കേറ്റത്. കാൽമുട്ടിനായിരുന്നു പരിക്ക്. ആക്ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.

Content Highlights: Actor Asif Ali talks about his injury during stunt practice for Tiki Taka