മമ്മൂക്കയ്ക്കൊപ്പം നോമിനേഷനിൽ വന്നത് സന്തോഷം; മഞ്ഞുമ്മൽ ബോയ്സിന് പുരസ്കാരം പ്രതീക്ഷിച്ചു- ആസിഫ് അലി

#Movies Desk
ആസിഫ് അലി | ഫോട്ടോ: പി.പി. ബിനോജ് \ മാതൃഭൂമി
ആസിഫ് അലി | ഫോട്ടോ: പി.പി. ബിനോജ് \ മാതൃഭൂമി

ദേശീയ പുരസ്കാരത്തിലെ നോമിനേഷനിൽ നടൻ മമ്മൂട്ടിക്കൊപ്പം ഇടംനേടിയതുതന്നെ സന്തോഷമുള്ള കാര്യമെന്ന് നടൻ ആസിഫ് അലി. സിനിമയിൽ വന്ന് ഇത്രയുംവർഷങ്ങൾക്കുള്ളിൽ നോമിനേഷനിൽ ഇടംനേടാൻ കഴിയുന്നു എന്നതുതന്നെ വലിയ കാര്യമായി കരുതുന്നുവെന്നും ആസിഫ് പറഞ്ഞു.

‘’മമ്മൂക്കയ്ക്കൊപ്പം നോമിനേഷനിൽ വന്നതുതന്നെ സന്തോഷമാണ്. അതിൽക്കൂടുതൽ ആഗ്രഹിച്ചിരുന്നുമില്ല. പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ല.’’- ആസിഫ് പറഞ്ഞു.

എല്ലാ കാറ്റഗറികളിലേക്കും മലയാള സിനിമകൾ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നുവെന്നും മഞ്ഞുമ്മൽ ബോയ്സിനു പുരസ്കാരം കിട്ടുമെന്നായിരുന്നു ഏറ്റവും പ്രതീക്ഷിച്ചിരുന്നതെന്നും നടൻ പറഞ്ഞു. സംസ്ഥാന പുരസ്കാരത്തിൽ ഒരുപാട് അവാർഡുകൾ നേടിയ ചിത്രമാണത്. ദേശീയ പുരസ്കാരത്തിൽ വരാതിരുന്നതിൽ സങ്കടമുണ്ട്. ചിദംബരത്തിനു കിട്ടുമെന്ന് ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ആസിഫ് കൂട്ടിച്ചേർത്തു.

ഇക്കുറി മലയാളത്തിൽനിന്ന് ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, കിഷ്കിന്ധാകാണ്ഡം എന്നിവയാണ് ജൂറിയിൽ എത്തിയിരുന്ന പ്രധാന ചിത്രങ്ങൾ. കിഷ്കിന്ധാകാണ്ഡത്തിലെ പ്രകടനത്തിന് ആസിഫിന് പുരസ്കാരം ലഭിക്കുമെന്ന തരത്തിലുള്ള ചർച്ചകളും ഉയർന്നിരുന്നു.

ഭ്രമയുഗത്തിലെ പ്രകടനത്തിന് നടൻ മമ്മൂട്ടിക്കാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. മികച്ച നടിക്കുള്ള പുരസ്കാരം യാമി ഗൗതമിനും മികച്ച സംവിധായകനുള്ള പുരസ്കാരം രാജ്കുമാർ പെരിയസാമിക്കുമാണ് ലഭിച്ചത്. മികച്ച സിനിമാറ്റോഗ്രാഫിക്കുള്ള പുരസ്കാരം ഭ്രമയുഗത്തിലൂടെ ഷെഹ്നാദ് ജലാൽ നേടി. മികച്ച മലയാളച്ചിത്രത്തിനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമ കരസ്ഥമാക്കി.

Content Highlights: Asif Ali expresses pride in being nominated alongside Mammootty., Asif Ali clarifies he did not expect a win but appreciated the recognition., Disappointment expressed over Manjummel Boys missing out on National Awards.