‘സിനിമാ സംഗീതം പഴയപോലെ ആവില്ല !’; അരിജിത് സിങ്ങിന്റെ വിരമിക്കൽ, ഞെട്ടൽ മാറാതെ സഹപ്രവർത്തകർ

#Movies Desk
Singer Arijit Singh | Credit - PTI Photo/Manvender Vashist Lav
Singer Arijit Singh | Credit - PTI Photo/Manvender Vashist Lav

ഇന്ത്യൻ സംഗീതലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് പിന്നണി ഗാനരംഗത്തുനിന്ന് പിന്മാറുകയാണെന്ന് ഗായകൻ അരിജിത് സിങ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു ഈ പ്രഖ്യാപനം. ഇതിനുപിന്നാലെ സംഗീതമേഖലയിൽനിന്ന് നിരവധിയാളുകൾ അമ്പരപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തി. ചിലർ തീരുമാനത്തെ മാനിക്കുകയും പിന്തുണ നൽകുകയും ചെയ്തു. നിരവധി പ്രമുഖരാണ് അരിജിത് സിങ്ങിന്റെ സാമൂഹിക മാധ്യമ പോസ്റ്റിന് താഴെ പ്രതികരണവുമായെത്തിയത്.

"നൂറ്റാണ്ടിന്‍റെ പ്രതിഭ" എന്നായിരുന്നു അരിജിതിന്റെ പ്രഖ്യാപനം അറിഞ്ഞ റാപ്പർ ബാദ്ഷായുടെ പ്രതികരണം.

ഇത് കേട്ടപ്പോൾ ഏറെ വിഷമം തോന്നിയെന്നും തനിക്ക് ഇത് മനസ്സിലാവുന്നില്ലെങ്കിലും തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ഗായകനും സംഗീതസംവിധായകനുമായ അമാൽ മാലിക് കുറിച്ചു. താൻ എന്നും അരിജിത് സിങ്ങിന്റെ ആരാധകനായിരിക്കുമെന്നും അരിജിത് ഇല്ലെങ്കിൽ ചലച്ചിത്ര സംഗീതലോകം ഒരിക്കലും പഴയപോലെ ആകില്ലെന്നും അരിജിതിന്റെ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞതിൽ നന്ദിയുണ്ടെന്നും അമാൽ മാലിക് കൂട്ടിച്ചേർത്തു.

ജീവിതകാലം മുഴുവൻ ആരാധകനായിരിക്കുമെന്നാണ് ഗായകനും സംഗീതസംവിധായകനുമായ ബി. പ്രാക് പ്രതികരിച്ചത്. നടി റിച്ച ചഡ കരയുന്ന നിരവധി ഇമോജികളാണ് കമന്റ് ബോക്സിൽ പങ്കുവെച്ചത്.

കലാപരമായ സ്വാതന്ത്ര്യം! എത്ര മനോഹരമായ കാര്യം. അഭിനന്ദനങ്ങൾ! വരാനിരിക്കുന്നത് കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നാണ് നടൻ ലോറൻ ഗോഡ്ലിബിന്റെ പ്രതികരണം.

ടാൻസാനിയൻ കണ്ടന്റ് ക്രിയേറ്റർ കിലി പോളും കമന്റിലൂടെ അരിജിത് സിങ്ങിന്റെ പ്രഖ്യാപനത്തോടു പ്രതികരിച്ചു. "നിങ്ങളുടെ ശബ്ദമില്ലാത്ത ഒരു ബ്ലോക്ക്ബസ്റ്റർ സിനിമ... സങ്കൽപ്പിക്കാനാവില്ല, എങ്കിലും എല്ലാ ആശംസകളും സർ, നിങ്ങളുടെ സോളോ ഗാനങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു."

സിനിമാ പിന്നണിഗാന രംഗത്തുനിന്നുള്ള വിരമിക്കൽ മാത്രമാണിതെന്നാണ് കരുതുന്നത്. സ്റ്റേജ് പരിപാടികളിലും സ്വതന്ത്ര സംഗീതജ്ഞനായുമെല്ലാം തുടർന്നും അദ്ദേഹം സംഗീതലോകത്തുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Content Highlights: Arijit Singh Announces Retirement from Playback Singing: Badshah, Armaan Malik, and Music Industry in Shock