ഉലകനായകൻ വിത്ത് ഓസ്കാർ നായകൻ എന്ന് ആരാധകർ; കാനിൽ തിളങ്ങി റഹ്മാനും കമൽഹാസനും

75-ാമത് കാൻ ചലച്ചിത്രോത്സവത്തിന് ഔദ്യോഗിക തുടക്കമായി. എല്ലാവരുടേയും കണ്ണുകൾ വർണപ്പൊലിമയേറിയ ഈ വേദിയിലേക്ക് തിരിഞ്ഞുകഴിഞ്ഞു. ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി പ്രമുഖരാണ് കാനിന് എത്തിയിട്ടുള്ളത്. അങ്ങനെയുള്ള രണ്ടുപേരുടെ ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
എ.ആർ. റഹ്മാനും കമൽ ഹാസനുമാണ് ആ താരങ്ങൾ. ഏറെ നാളുകൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം പുറത്തുവരുന്നത്. റഹ്മാൻ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ ചിത്രം പുറത്തുവിട്ടത്. ചിത്രം ഏതായാലും ആരാധകർ ഏറ്റെടുത്തുവെന്നാണ് ചിത്രത്തിന് ലഭിച്ച കമന്റുകൾ സൂചിപ്പിക്കുന്നത്.
ഉലകനായകൻ വിത്ത് ഓസ്കാർ നായകൻ എന്നാണ് ഒരു കമന്റ്. ലെജൻഡ് ലെജൻഡിനൊപ്പം എന്നും ഈ ജോഡി ഒരിക്കൽക്കൂടി ഒരുമിക്കാൻ കാത്തിരിക്കുന്നുവെന്നുമെല്ലാം പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ആർ മാധവൻ, നവാസുദ്ദീൻ സിദ്ദിഖി, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും എ.ആർ. റഹ്മാൻ നേരത്തേ പോസ്റ്റ് ചെയ്തിരുന്നു.
Content Highlights: ar rahman shared his picture with kamal haasan, cannes film festival