115 കോടിക്ക് തുടങ്ങിയ 'മദ്രാസി' തീർന്നപ്പോൾ ചെലവ് 170 കോടി, പടവും പൊട്ടി; മുരുഗദോസിനെതിരെ നിർമാതാവ്

#മൂവി ഡെസ്ക്
മദ്രാസി എന്ന ചിത്രത്തിൽ ശിവ കാർത്തികേയൻ, സംവിധായകൻ എ.ആർ. മുരു​ഗദോസ് | ഫോട്ടോ: X
മദ്രാസി എന്ന ചിത്രത്തിൽ ശിവ കാർത്തികേയൻ, സംവിധായകൻ എ.ആർ. മുരു​ഗദോസ് | ഫോട്ടോ: X

ശിവ കാർത്തികേയനെ നായകനാക്കി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത ചിത്രമായ മദ്രാസിയെച്ചൊല്ലി വിവാദം. വമ്പൻ ബജറ്റിൽ എത്തിയ ചിത്രം ബോക്സോഫീസിൽ പരാജയമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എ.ആർ. മുരുഗദോസിനെതിരെ ഗുരുതരമായ ആരോപണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് എൻ.വി. പ്രസാദ്. മുരുഗദോസ് കാരണമാണ് സിനിമയുടെ ബജറ്റ് കൂടിയതെന്ന് പ്രസാദ് കുറ്റപ്പെടുത്തി.

115 കോടിയായിരുന്നു സിനിമയുടെ ആദ്യ ബജറ്റെന്നും സിനിമ പൂർത്തിയായപ്പോൾ 170 കോടി ചിലവായെന്നും നിർമാതാവ് എൻ.വി. പ്രസാദ് ആരോപിച്ചു. സൽമാൻ ഖാൻ ചിത്രം സിക്കന്ദറിന്റെയും മദ്രാസിയുടെയും ഷൂട്ടുകൾ ഒരുമിച്ചാണ് മുരുഗദോസ് പൂർത്തിയാക്കിയത്. ഇതിലെ ആസൂത്രണ കുറവ് മൂലമാണ് മദ്രാസിയുടെ ബജറ്റ് കൂടിയത്. ഇതേ തുടർന്ന് തങ്ങൾക്ക് 30 മുതൽ 40 കോടിയോളം നഷ്ടമുണ്ടായെന്നും നിർമാതാക്കൾ പറയുന്നു.

മുരുഗദോസിനോട് 10 കോടി രൂപ നഷ്ടപരിഹാരമായി ആദ്യം നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർമാതാക്കളുടെയും സംവിധായകരുടെയും സംഘടനയുമായുള്ള ചർച്ചകൾക്ക് ശേഷം തന്റെ അടുത്ത തിരക്കഥ നിർമാതാവായ എൻ.വി. പ്രസാദിന് സൗജന്യമായി നൽകാമെന്ന ധാരണയിൽ എത്തിയിരിക്കുകയാണ് എ.ആർ. മുരുഗദോസ് എന്ന് റിപ്പോർട്ടുണ്ട്. ഇത് മുരുഗദോസിന്റെ ഹിറ്റ് ചിത്രമായ രമണയുടെ രണ്ടാം ഭാഗമായിരിക്കുമെന്നും സൂചനയുണ്ട്.

ബിജു മേനോൻ ആയിരുന്നു മദ്രാസിയിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രുക്മിണി വസന്ത് നായികയായ ചിത്രത്തിൽ വിദ്യുത് ജംവാൽ ആണ് വില്ലനായെത്തിയത്. അനിരുദ്ധ് രവിചന്ദർ ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം.

Content Highlights: Producer NV Prasad has accused director A.R. Murugadoss of causing a massive budget escalation from 115 crore to 170 crore for the film Madarasi, leading to a heavy financial loss, allegedly due to the director's parallel work on Salman Khan's Sikandar.