ലഹരി മാഫിയയുടെ കേന്ദ്രമായി മാറി; ഒടുവിൽ 'പ്രേമം പാല'ത്തിന് പൂട്ട് വീണു

പ്രേമം സിനിമയിലൂടെ പ്രശസ്തമായ ആലുവയിലെ അക്വഡേറ്റിന് ഗേറ്റ് സ്ഥാപിക്കുന്നു, പ്രേമം സിനിമയിൽ നിന്നും
പ്രേമം സിനിമയിലൂടെ പ്രശസ്തമായ ആലുവയിലെ അക്വഡേറ്റിന് ഗേറ്റ് സ്ഥാപിക്കുന്നു, പ്രേമം സിനിമയിൽ നിന്നും

ആലുവ: 'പ്രേമം' എന്ന ചലച്ചിത്രത്തിലൂടെ പ്രശസ്തമായ ആലുവയിലെ അക്വാഡക്ടിന് പൂട്ട് വീണു. കഞ്ചാവ്- മയക്കുമരുന്ന് മാഫിയയുടെ സ്ഥിരം കേന്ദ്രമായി മാറിയതോടെയാണ് പെരിയാർവാലി ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ 'പ്രേമം പാലം' അടച്ചത്. ആലുവ നഗരസഭാ കൗൺസിലർ ടിന്റു രാജേഷ് മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു.

ടിന്റു ആലുവ നഗരസഭാ കൗൺസിലിലും വിഷയം അവതരിപ്പിച്ചു. നഗരസഭയും പാലം അടയ്ക്കണമെന്ന വിഷയം പാസാക്കി. ഉയരത്തിൽ പോകുന്ന അക്വാഡക്ടിൻ്റെ  ഇരുവശത്തുമുള്ള താഴെയുള്ള ഭാഗം ജനവാസ മേഖലയാണ്. ലഹരി ഉപയോഗിക്കുന്നവരുടെ ശല്യം കാരണം ഇവർക്ക് സ്വന്തം വീടുകളിൽനിന്നുപോലും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലേക്കെത്തി.

പരാതികൾ ഏറിയതോടെയാണ് ഒരു ലക്ഷം രൂപ മുടക്കി ഇറിഗേഷൻ വകുപ്പ്  അക്വാഡക്ടിന് ഗേറ്റ് സ്ഥാപിച്ചത്. പ്രവേശന കവാടത്തിലും നടവഴിയിലുമാണ് ഗേറ്റുകൾ സ്ഥാപിച്ചത്. താക്കോലുകൾ ഇറിഗേഷൻ വകുപ്പ് സൂക്ഷിക്കും.

Content Highlights: aqueduct bridge aluva Premam movie closed