‘അതിലൂടെ തണുപ്പ് അരിച്ചുകയറും, വിറയലോടെ നിങ്ങൾ ഓടും; അവസാനം തലകുനിക്കും’; കേന്ദ്രത്തോട് അപ്പാനി ശരത്

ഡൽഹിയിലെ സി.ജെ.പി. സമരത്തെ പിന്തുണച്ച് നടൻ അപ്പാനി ശരത്. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലൂടെയാണ് ശരത് സി.ജെ.പി. പ്രതിഷേധത്തിന് പിന്തുണ അറിയിച്ചത്. സമരത്തിനെതിരായ പോലീസ് നടപടിയെ നടൻ രൂക്ഷഭാഷയിൽ വിമർശിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഉപകരണം മാത്രമാണ് സർക്കാരുകൾ എന്ന് ശരത് അഭിപ്രായപ്പെട്ടു. ആ ഉപകരണത്തെ എതിർസ്വരങ്ങളുടെ തലയടിച്ചുപൊട്ടിക്കാനുള്ള അധികാര ദണ്ഡായി മാറ്റി. ജനങ്ങളുടെ പ്രതിഷേധത്തിന് മുന്നിൽ സർക്കാരിന് തലകുനിക്കേണ്ടിവരുമെന്നും ശരത് കൂട്ടിച്ചേർത്തു.
അപ്പാനി ശരത്തിന്റെ കുറിപ്പിന്റെ പൂർണരൂപം:
ഫാസിസം എന്നത് തീവ്രദേശീയത, കടുത്ത ഏകാധിപത്യം, വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കൽ, എതിർപ്പുകളെ അടിച്ചമർത്തൽ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്.
പട്ടാള അട്ടിമറികളിലൂടെ അധികാരത്തിൽ ഏറിയതും ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയതുമായ ലോകത്തെ പല ഭരണകൂടങ്ങളും കാലം കടന്നുപോകുമ്പോൾ ഫാസിസ്റ്റുകളായി മാറിയതായാണ് ചരിത്രം. ആ ചരിത്രത്തിൽ തന്നെ അവരുടെ അതിദാരുണമായ വീഴ്ചയും ലോകം കണ്ടിട്ടുണ്ട്. സ്വന്തം ജനങ്ങളാൽ വെറുക്കപ്പെട്ട്, ആ നാട്ടിലെ യുവാക്കളുടെ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ അടിയറവ് പറഞ്ഞ ഏകാധിപതികൾ. അഹങ്കാരത്തിന്റെ കിരീടവും ചെങ്കോലും അധികാരസ്ഥാനങ്ങളും ഉപേക്ഷിച്ച്, ഉടുമുണ്ട് തലയിൽ കെട്ടി കണ്ടംവഴി ഓടേണ്ടിവന്ന ഭരണാധികാരികൾ.
ജനങ്ങളാണ് അധികാരം. അവരാണ് ശക്തി. നിങ്ങൾ അനുഭവിക്കുന്ന അധികാരത്തിന്റെ ലഹരിയും അതിൽ നിന്നുണ്ടാകുന്ന അഹങ്കാരവും എല്ലാം ജനങ്ങളുടെ ഔദാര്യമാണ്. അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉപയോഗപ്പെടേണ്ട ഒരു ടൂൾ മാത്രമാണ് നിങ്ങൾ. എന്നാൽ ആ ടൂൾ ഇപ്പോൾ എതിർസ്വരങ്ങളുടെ തലയടിച്ചു പൊട്ടിക്കാനുള്ള ഒരു അധികാരദണ്ഡായി മാറിയിരിക്കുന്നു.
ഞാൻ ഒരു അച്ഛനാണ്. എന്റെ കുട്ടികൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം കിട്ടണമെന്ന് ആഗ്രഹമുള്ള ഒരച്ഛൻ. അവർ ഏറ്റവും നല്ല വിദ്യാഭ്യാസ സൗകര്യങ്ങളിലൂടെ വളരണമെന്ന് ആഗ്രഹമുള്ള ഒരച്ഛൻ.
ഈ നാട്ടിൽ എന്നെപ്പോലെ ഒട്ടനവധി രക്ഷിതാക്കളുണ്ട്. എന്റെ കയ്യിലുള്ള സാമ്പത്തികത്തിന്റെ പത്തിലൊന്ന് പോലും ഇല്ലാത്തവർ. ലോണും കടവുമെടുത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവർ. ജീവൻ പിടിച്ചുനിർത്തുന്നവർ. അവരുടെ വിയർപ്പും കണ്ണീരും നനച്ചിട്ടാണ് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം അവർ തള്ളിനീക്കി മുന്നോട്ട് കൊണ്ടുപോകുന്നത്.
ഇതെല്ലാം കൺമുന്നിൽ കണ്ട്, മനസ്സിലാക്കി പഠിച്ച് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന, എഴുതിയ കുട്ടികൾക്കും അതിന്റെ വിലയെന്തെന്ന് അറിയാം. ആരോടാണ്. 'ഈ പരീക്ഷ ഒന്നുകൂടി എഴുതൂ', മറ്റേത് കാൻസലായി' എന്നൊക്കെ നിങ്ങൾ ഇത്ര ലാഘവത്തോടെ പറയുന്നത്? അതിനെതിരെ പ്രതികരിക്കുന്നവരുടെ തലയാണ് അടിച്ചുപൊട്ടിക്കുന്നത്.
സൂക്ഷിക്കുക. ഡൽഹിയിലെ തണുപ്പിൽ ചൂടുതരുന്ന സ്വെറ്ററും കമ്പിളിയും നിങ്ങൾ തല്ലിക്കൊല്ലാൻ ഒരുമ്പെടുന്ന ഈ പാറ്റകൾ കൊത്തിക്കീറും. അതിലൂടെ തണുപ്പ് അരിച്ചുകയറും. വിറയലോടെ നിങ്ങൾ ഓടും. അവസാനം തലകുനിക്കും.
കാരണം പാറ്റകൾ ഞങ്ങളാണ്. ജനങ്ങളാണ് അധികാരം. അവരാണ് ശക്തി.
Content Highlights: Actor Appani Sarath expressed strong support for the CJP protest in Delhi through a detailed Facebook post. He harshly criticized the police action against the protesters, noting that governments should serve the people rather than act as authoritarian weapons. Highlighting the struggles of parents and students facing exam cancellations, he called out the careless decisions made by authority figures. Sarath warned the administration that public wrath and student protests have historically fallen dictators throughout human history. Emphasizing that power rests with the common citizens, he concluded that the government will ultimately have to bow down to public dissent