ദാവൂദില്ല, ട്രംപില്ല; സെൻസർബോർഡിന്റെ വെട്ടലുകൾക്കൊടുവിൽ അനുരാഗ് കശ്യപിന്റെ കെന്നഡി റിലീസ് ചെയ്തു

#Movie desk
ചിത്രത്തിൻ്റെ പോസ്റ്റർ, അനുരാഗ് കശ്യപ്| ഫോട്ടോ: Instagram/ AFP
ചിത്രത്തിൻ്റെ പോസ്റ്റർ, അനുരാഗ് കശ്യപ്| ഫോട്ടോ: Instagram/ AFP

കാത്തിരിപ്പിനൊടുവിൽ അനുരാഗ് കശ്യപിന്റെ സംവിധാനത്തിലൊരുങ്ങിയ കെന്നഡി ഇന്ത്യയിൽ റിലീസ് ചെയ്തു. സെൻസർ ബോർഡിന്റെ നിരവധി വെട്ടിത്തിരുത്തലുകൾക്കൊടുവിലാണ് ചിത്രം റിലീസ് ചെയ്തത്. 2023-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധനേടിയ ക്രൈം ത്രില്ലർ ചിത്രം, ഏകദേശം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് സീ 5 ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്.

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചുള്ള പരാമർശങ്ങൾ സെൻസർ ബോർഡ് ചിത്രത്തിൽ നിന്നും പൂർണ്ണമായും നീക്കം ചെയ്തു. ദാവൂദിന് പകരം പാകിസ്താൻ ഡോൺ എന്നാണ് ഇപ്പോൾ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ചുള്ള പരാമർശവും മാറ്റി, അതിനു പകരം പമ്പ് ട്രംപ് എന്ന് ഉൾപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിലെ പതിനാല് സെക്കൻഡ് ദൈർഘ്യമുള്ള ഒരു രംഗം സെൻസർ ബോർഡ് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ അസഭ്യവാക്കുകൾ മ്യൂട്ട് ചെയ്യുകയും പുകവലി ദൃശ്യങ്ങളിൽ മുന്നറിയിപ്പ് നൽകുകയും ചെയ്ത ശേഷമാണ് എ സർട്ടിഫിക്കറ്റോടെ ചിത്രം റിലീസ് ചെയ്തത്.

ലണ്ടൻ, സിഡ്‌നി തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ കൈയടി നേടിയ കെന്നഡി, തിയ്യേറ്ററുകളിൽ എത്താതെ നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്യുകയായിരുന്നു. രാഹുൽ ഭട്ടും സണ്ണി ലിയോണുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlights: Anurag Kashyap`s crime thriller `Kennedy`, praised at Cannes, is finally in India on ZEE5.