ഉറക്കത്തിനിടെ അപസ്മാരം; ടെലിവിഷൻ താരം അനൂജ് ഠാക്കൂർ അന്തരിച്ചു

മുംബൈ: പ്രമുഖ ടെലിവിഷൻ താരം അനൂജ് ഠാക്കൂർ (33) അന്തരിച്ചു. ഒക്ടോബർ 27-ന് മുംബൈ ഓഷിവാരയിലെ വീട്ടിൽ ഉറക്കത്തിനിടെ അപസ്മാരബാധയെ തുടർന്നായിരുന്നു അന്ത്യം. സുഹൃത്തും കാസ്റ്റിങ് ഡയറക്ടറുമായ രൂപേഷ് സോനാറാണ് സോഷ്യൽ മീഡിയയിലൂടെ മരണവിവരം പങ്കുവെച്ചത്.
വർഷങ്ങൾക്ക് മുമ്പും അനൂജിന് അപസ്മാര ബാധയുണ്ടായിട്ടുണ്ടെന്നും മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നുവെന്നും രൂപേഷ് വെളിപ്പെടുത്തി. സംഭവസമയത്ത് മുറിയിൽ തനിച്ചായിരുന്നതിനാൽ വൈദ്യസഹായം ലഭ്യമാക്കാൻ സാധിച്ചില്ല.
പതിവായി രാവിലെ 4:30-ന് ഉണരാറുള്ള അനൂജ്, അലാറം അടിച്ചിട്ടും എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് അമ്മ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം ഹരിദ്വാറിൽ സംസ്കരിച്ചു.
'ധൂം മച്ചാവോ ധൂം', 'ബന്ധൻ സാത് ജന്മോം കാ', 'ബീന്ദ് ബനൂംഗാ ഘോഡി ചഢൂംഗാ', 'മഹിസാഗർ' തുടങ്ങിയ ശ്രദ്ധേയമായ ടെലിവിഷൻ പരമ്പരകളിൽ അനൂജ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നടന്റെ അപ്രതീക്ഷിത വേർപാടിൽ ടെലിവിഷൻ രംഗത്തെ പ്രമുഖരും ആരാധകരും അനുശോചനം രേഖപ്പെടുത്തി.
Content Highlights: Popular television actor Anuj Thakur passed away at the age of 33 in Mumbai. He suffered an epilepsy attack in his sleep at his residence in Oshiwara on October 27. His close friend and casting director Rupesh Sonar confirmed the news via social media. His mother discovered him unresponsive in his room after he failed to wake up at his usual time. Anuj was well known for his roles in Hindi TV shows like 'Dhoom Machao Dhoom', 'Bandhan Saat Janmon Ka', and 'Mahisagar'.